വിമാനപകടത്തിൽ മരിച്ചെന്നു ആദ്യം കരുതി, പിന്നെയും 45 വർഷം ഉമ്മ കാത്തിരുന്നു: സജാദിനെ കാത്ത് തലമുറകൾ
Mail This Article
ശാസ്താംകോട്ട ∙ രണ്ടു വയസ്സുകാരൻ ഹാത്തിം ഹിലാൽ മുതൽ 92 വയസ്സുകാരി ഫാത്തിമ ബീവി വരെയുള്ള 71 കുടുംബാംഗങ്ങൾ സജാദ് തങ്ങളെ കാത്ത് കാരാളിമുക്കിലെ പടനിലത്ത് തെക്കതിൽ വീട്ടിലുണ്ട്. ഇനിയൊരിക്കലും തിരിച്ചു വരില്ലെന്നു കരുതിയ സജാദിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ഈ കുടുംബമൊന്നാകെ.ഫാത്തിമ ബീവിയുടെ 8 മക്കളിൽ മൂന്നാമനായ സജാദ് കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് 19–ാം വയസ്സിലാണ് 1971ൽ ദുബായിലേക്ക് പോയത്. ട്രെയിനിൽ മുംബൈയിൽ എത്തിയ ശേഷം അവിടെ നിന്ന് 8 ദിവസം കപ്പലിലായിരുന്നു യാത്ര. 5 വർഷത്തിനു ശേഷം നാട്ടിൽ തിരികെയെത്തി.
രാജ്യത്തെ വിവിധ മേഖലകളിലെ കലാകാരന്മാരെ വിദേശത്ത് എത്തിച്ച് സ്റ്റേജ് ഷോകൾ നടത്തി സജാദും സുഹൃത്തുക്കളും ജീവിതം പച്ചപിടിപ്പിച്ചു തുടങ്ങിയ കാലമായിരുന്നു അത്. റാണി ചന്ദ്ര ഉൾപ്പെടെയുള്ള കലാപ്രതിഭകളെ ഗൾഫിലേക്കു കൊണ്ടുപോകുന്ന കാര്യം കുടുംബാംഗങ്ങളുമായി പങ്കുവച്ചിരുന്നു. ഗൾഫിലെ സ്റ്റേജ് ഷോ കഴിഞ്ഞ് റാണി ചന്ദ്രയും സംഘവും മുംബൈയിലെത്തി അവിടെ നിന്നു മദ്രാസിലേക്കു പറന്ന വിമാനമാണ് അപകടത്തിൽപെട്ട് 95 പേർ മരിച്ചത്. ആ അപകടത്തിൽ സജാദും മരിച്ചെന്നാണ് കുടുംബവും നാട്ടുകാരും കരുതിയത്. എന്നാൽ 3 മാസത്തിനു ശേഷം ഉമ്മ ഫാത്തിമ ബീവിയെ തേടി സജാദിന്റെ കത്ത് വന്നു. താൻ നാട്ടിലേക്ക് വരുന്നു എന്നാണ് എഴുതിയിരുന്നത്.
എന്നാൽ 45 വർഷം ആ ഉമ്മ കാത്തിരുന്നിട്ടും സജാദോ അദ്ദേഹത്തിന്റെ കത്തുകളോ പടനിലത്ത് വീട്ടിലേക്ക് വന്നില്ല. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നു പോലും അറിയാതെ എല്ലാ രാവുകളിലും മകന്റെ മടങ്ങിവരവ് കാത്താണ് അവർ കഴിഞ്ഞത്. സഹോദരങ്ങളായ ജമീലാ ബീവി, മറിയം ബീവി, സുഹ്റ ബീവി, സൈനബ ബീവി, മുഹമ്മദുകുഞ്ഞ്, അബ്ദുൽ റഷീദ്, അബ്ദുൽ അസീസ് എന്നിവർ പലതവണ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മകനെ കാണാതെ 9 വർഷം മുൻപ് പിതാവ് യൂനുസ് കുഞ്ഞ് മരിച്ചു.
ഒരാഴ്ച മുൻപാണ് തീർത്തും അപ്രതീക്ഷിതമായി 2 പേർ ആ വീട്ടിലേക്ക് വരുന്നത്. സജാദ് ഞങ്ങൾക്കൊപ്പമുണ്ടെന്നും വീട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നതായും അവർ അറിയിച്ചു. നാലര പതിറ്റാണ്ട് മുൻപ് ജീവിതത്തിൽ നിന്ന് അറ്റുപോയ ആ പ്രതീക്ഷകൾ കുടുംബത്തിലേക്കു തിരികെയെത്തി. പറഞ്ഞുകേട്ട കഥകളിൽ മാത്രമേ പുതിയ തലമുറയ്ക്ക് സജാദിനെ അറിയുകയുള്ളൂ. ഇന്ന് ഇളയ സഹോദരന്മാരായ മുഹമ്മദുകുഞ്ഞ്, അബ്ദുൽ റഷീദ് എന്നിവർ സജാദിനെ കൂട്ടിക്കൊണ്ടുവരാൻ മുംബൈ പൻവേലിലെ സീൽ ആശ്രമത്തിലേക്കു തിരിക്കും.