തകർന്നടിഞ്ഞ് സർക്കാർ ക്വാർട്ടേഴ്സുകൾ
Mail This Article
കൊട്ടാരക്കര∙കോടികൾ ചെലവഴിച്ചു വിവിധ ഭാഗങ്ങളിൽ നിർമിച്ച സർക്കാർ ക്വാർട്ടേഴ്സുകൾ സംരക്ഷണമില്ലാതെ തകർന്നടിഞ്ഞു നശിക്കുന്നു. നിയോജകമണ്ഡലത്തിൽ നൂറോളം ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ തകർന്നു മണ്ണടിഞ്ഞു.കൊട്ടാരക്കര ഗേൾസ് ഹൈസ്കൂളിനു സമീപം 20 വർഷം മുൻപു നിർമിച്ച ഡയറ്റ് ഹോസ്റ്റൽ കെട്ടിടത്തിൽ ഒരാളെപ്പോലും ഇതുവരെ താമസിപ്പിച്ചിട്ടില്ല. പക്ഷേ കെട്ടിടം തകർന്നു തുടങ്ങി. കൊട്ടാരക്കര രവിനഗറിൽ കെഐപി ആസ്ഥാനത്ത് ഏതാനും ക്വാർട്ടേഴ്സുകൾ മാത്രമാണ് വാസയോഗ്യമായുള്ളത്. പത്തിലേറെ ക്വാർട്ടേഴ്സുകൾ മണ്ണടിഞ്ഞു. വനിതാ സെല്ലിനു സമീപം പൊലീസ് ക്വാർട്ടേഴ്സുണ്ട്.
മിക്കതും തകർന്നടിഞ്ഞു. കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ പരിസരത്തെ ക്വാർട്ടേഴ്സുകളുടെ സ്ഥിതി അതീവ ഗുരുതരമാണ്. ക്വാർട്ടേഴ്സുകൾ കാട് കയറി നശിച്ചു പാമ്പുകളുടെ താവളമായി. കരീപ്ര ഇഎസ്ഐ ആശുപത്രിയുടെയും സദാനന്ദപുരം ഡിസ്പെൻസറിയുടെയും ക്വാർട്ടേഴ്സുകളുടെ സ്ഥിതിയും സമാനമാണ്. താമസിക്കാൻ സൗകര്യം ലഭിക്കാതെ സർക്കാർ ഉദ്യോഗസ്ഥർ വലയുമ്പോഴാണ് കെടുകാര്യസ്ഥത കാരണം ഇവ നശിക്കുന്നത്.