ADVERTISEMENT

പത്തനാപുരം ∙ സ്വന്തം പേരിലുള്ള നാലു സെന്റ് ഭൂമിയുടെ നടുവിൽ 'സർക്കാർ വക' തേക്കു മരം. ലൈഫ് ഭവന പദ്ധതിയിൽ വീട് അനുവദിച്ചിട്ടും തേക്ക് മുറിക്കാൻ നടപടിയായില്ല. റവന്യു-വനം വകുപ്പുകൾ സൃഷ്ടിച്ച സാങ്കേതികക്കുരുക്കിൽനിന്നു തലയൂരാനുള്ള വഴി തേടി വർഷങ്ങളായി സർക്കാർ ഓഫിസുകളിൽ അലയുകയാണ് ഇളമ്പൽ സാം വില്ലയിൽ സാമുവേൽ.1980കളിൽ പിതാവ് പൊടിയൻ മത്തായി വിലയ്ക്കു വാങ്ങിയ 10 സെന്റ് ഭൂമിക്ക് 2000ൽ ആണു പട്ടയം ലഭിക്കുന്നത്. പട്ടയനടപടികളുടെ ഭാഗമായി സ്ഥലപരിശോധനയ്ക്ക് എത്തിയ വില്ലേജ് ഓഫിസർ  തേക്ക് തൈ സർക്കാർ വകയായി എഴുതിച്ചേർത്തതാണു വിനയായത്. പിന്നീടു പിതാവ് പൊടിയൻ മത്തായി തേക്ക് നിൽക്കുന്ന ഭാഗത്തെ നാല് സെന്റ് ഭൂമി ഇഷ്ടദാനമായി സാമുവേലിന്റെ പേരിൽ എഴുതി നൽകി. 

ഇതിന്റെ കരം അടയ്ക്കുന്നതിനായി വില്ലേജ് ഓഫിസിൽ എത്തിയപ്പോഴാണു   മരം സർക്കാർ വകയാണെന്ന് അറിയുന്നത്. അപ്പോഴേക്കും 10 വർഷത്തിൽ കൂടുതൽ പ്രായമുള്ള മരമായി തേക്ക്  വളർന്നിരുന്നു. അന്നു മുതൽ തേക്ക് മരം മുറിച്ചു നീക്കുന്നതിന് അനുമതി തേടി വനം-റവന്യു ഓഫിസുകളിൽ കയറിയിറങ്ങുകയാണു സാമുവൽ. ഒട്ടേറെ അന്വേഷണങ്ങൾക്ക് ഒടുവിൽ 2019ൽ സാമുവലിന്റെ ഭൂമിയും തേക്കും റവന്യു ഉടമസ്ഥതയിലുള്ളതാണെന്നു വനംവകുപ്പ് അംഗീകരിച്ചു. 

ഇതനുസരിച്ചു റവന്യു വകുപ്പിനെ സമീപിച്ചെങ്കിലും തടി സർക്കാർ ഉടമസ്ഥതയിലായതിനാൽ ലേലം ചെയ്തു മുറിക്കാനായിരുന്നു തീരുമാനം. 40000 രൂപ അടിസ്ഥാന വിലയിട്ട് തടി ലേലം ചെയ്യുന്നതിന് കലക്ടർ നടപടി സ്വീകരിച്ചെങ്കിലും ഇതുവരെ  ഈ വില സമ്മതിച്ച് ആരും എത്തിയില്ല. മരത്തിൽ പത്തടിക്കു മുകളിലുള്ള ഭാഗം മുഴുവൻ കേടാണെന്നും 5000 രൂപയ്ക്ക് മുകളിൽ ലഭിക്കില്ലെന്നുമാണു തടി വിൽപനക്കാരുടെ പക്ഷം. 

അടിസ്ഥാന വിലയിൽ കുറവു വരുത്താൻ സർക്കാരും തയാറല്ല. ആഴ്ചകൾക്കു മുൻപാണു ലൈഫ് ഭവന പദ്ധതിയിൽ വീട് അനുവദിച്ച കാര്യം പഞ്ചായത്തിൽ നിന്ന് അറിയിക്കുന്നത്. തേക്ക് മുറിക്കാതെ പദ്ധതിയിൽ എങ്ങനെ കരാർ വയ്ക്കുമെന്നു സാമുവേൽ ചോദിക്കുന്നു.പാൻക്രിയാസ് ബൾക്കി എന്ന രോഗം മൂലം പത്തു വർഷമായി ചികിത്സ തേടുകയാണു സാമുവേൽ. ഭാര്യ ഗ്ലാസിമോളും പത്തു വയസ്സുള്ള മകനും അടങ്ങുന്ന കുടുംബം സന്മനസ്സുള്ളവരുടെ സഹായത്താൽ വാടക ഒഴിവാക്കിയ വീട്ടിലാണു കഴിയുന്നത്. മാർച്ച് അവസാനിക്കുന്നതിനു മുൻപായി ലൈഫ് ഭവന പദ്ധതിയിൽ കരാർ വച്ചില്ലെങ്കിൽ അതും നഷ്ടമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com