ADVERTISEMENT

ആയൂര്‍ ∙ ശുദ്ധജലക്ഷാമം രൂക്ഷമായ ഇടമുളയ്ക്കൽ പഞ്ചായത്തിലെ ഡെയറി ഫാം നിവാസികൾ പൈപ്പിലൂടെ എത്തുന്ന ശുദ്ധജലത്തിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി. പത്തു ദിവസം മുൻപ് പത്തു മിനിറ്റോളം മാത്രം ചിലയിടങ്ങളിൽ പൈപ്പിലൂടെ വെള്ളമെത്തി. ബക്കറ്റുകളിൽ ശേഖരിക്കാൻ പോലും സമയം ലഭിച്ചില്ലെന്നും പ്രദേശവാസികൾ പറയുന്നു. കുടിക്കാനും പാചകത്തിനും പോലും ശുദ്ധജലം ലഭിക്കാത്ത സ്ഥിതിയാണ്. തറ നിരപ്പിൽ നിന്ന് ഏറെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഭാഗമായതിനാൽ വേനൽ ആരംഭിക്കുമ്പോൾ തന്നെ ഇവിടങ്ങളിലെ ഭൂരിഭാഗം കിണറുകളും വരണ്ടുണങ്ങും.

പിന്നീട് പൈപ്പിലൂടെ എത്തുന്ന ശുദ്ധജലം മാത്രമാണ് ആശ്വാസം. വീടുകളിൽ ടാപ്പുകൾ സ്ഥാപിക്കാൻ കഴിയാത്തവർക്കായി രണ്ട് പൊതുടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയും ഇപ്പോൾ കാഴ്ച വസ്തുവാണ്. ബന്ധു വീടുകൾ, ആയൂർ ടൗണിനോടു ചേർന്ന ഭാഗങ്ങളിലെ പൊതുടാപ്പുകൾ എന്നിവിടങ്ങളിൽ നിന്ന് കന്നാസുകളിൽ ശുദ്ധജലം ശേഖരിച്ചു കൊണ്ടുവന്നാണ് പലരും ദൈനംദിന കാര്യങ്ങൾ നടത്തുന്നത്. സ്വന്തമായി വാഹനം ഇല്ലാത്തവർക്കു കൂലി കൊടുത്തു വാഹനം വിളിച്ചു ശുദ്ധജലം കൊണ്ടു വരേണ്ട സ്ഥിതിയാണ്. ഇത്തിക്കര ആറിന്റെ വിവിധ കടവുകളിൽ എത്തിയാണ് വസ്ത്രങ്ങൾ അലക്കുന്നത്. ടൗണിനോടു ചേർന്ന ചില ഭാഗങ്ങളിലെ പൈപ്പുകൾ പൊട്ടിയതിനാലാണ് ഉയർന്ന ഭാഗമായ ഇവിടേക്കു ശുദ്ധജലം എത്താത്തതെന്നാണു അറിയുന്നത്.

അഞ്ചൽ റോഡിൽ നിന്ന് ചുണ്ടമുകളിലേക്കു കയറുന്ന ഭാഗം , കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ, ഓയൂർ റോഡ്, മരുതമംഗലത്ത് കാവിനു സമീപം, തിരുവനന്തപുരം റോഡ് ഭാഗം എന്നിവിടങ്ങളിലാണ് പൈപ്പുകൾ പൊട്ടി ശുദ്ധജലം പാഴാകുന്നത്. ഇക്കാര്യം ജലഅതോറിറ്റി ഉദ്യോഗസ്ഥരെ യഥാസമയം അറിയിച്ചെങ്കിലും തകരാർ പരിഹരിക്കാൻ നടപടി ഉണ്ടായില്ലെന്നും പറയുന്നു. പൈപ്പിലൂടെ ശുദ്ധജലം എത്തിക്കാൻ നടപടി ഉണ്ടാകണമെന്നു ആവശ്യപ്പെട്ടു പ്രദേശവാസികൾ ഇന്നു ജലഅതോറിറ്റിയുടെ വാളകം ഓഫിസിൽ നിവേദനം നൽകും.  വാഹനങ്ങളിൽ ശുദ്ധജലം എത്തിച്ചു നൽകാൻ പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് നടപടി ഉണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com