കാടുകയറി സർക്കാർ ഭൂമി; ‘ലൈഫിൽ’ ഭൂമി അന്വേഷിച്ച് ഗുണഭോക്താക്കൾ
Mail This Article
തെന്മല∙ സർക്കാർ ഭൂമി ഉള്ളപ്പോഴും ലൈഫ് മിഷൻ പദ്ധതിയിൽ വീടു വയ്ക്കാൻ ആളുകൾ ഭൂമിക്കായി നെട്ടോട്ടത്തിൽ. കല്ലട ഇറിഗേഷൻ പദ്ധതിയുടെ 75 ഏക്കർ ഭൂമി തെന്മല, പിറവന്തൂർ, പത്തനാപുരം പഞ്ചായത്തുകളിലായി കാടുപിടിച്ച് കിടക്കുന്നുണ്ട്. 1980ൽ കെഐപി കനാലുകളുടെ നിർമാണത്തിനായി ഈ ഭൂമി ഏറ്റെടുക്കുന്നത്. 1986ൽ കനാൽ നിർമാണം പൂർത്തീകരിക്കുകയും തെന്മല പരപ്പാർ അണക്കെട്ട് കമ്മിഷനും ചെയ്തു. കനാൽ നിർമാണത്തിന് ശേഷമുള്ള ഭൂമി ഇപ്പോഴും കെഐപിയുടെ കൈവശത്തിലാണുള്ളത്. ചില സ്ഥലങ്ങളിൽ നാട്ടുകാർ കയ്യേറി കൃഷി ഇറക്കിയിട്ടുണ്ടെങ്കിലും ആർക്കും പട്ടയ രേഖകളില്ല.
വേണ്ടുവോളം ഭൂമി തരിശായി കിടന്നിട്ടും ലൈഫ് മിഷൻ പദ്ധതിക്കായി ഭൂമി കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ഗുണഭോക്താക്കൾ. വസ്തു വാങ്ങുന്നതിനായി പൊതുവിഭാഗത്തിന് 2 ലക്ഷം രൂപയും പിന്നാക്ക വിഭാഗത്തിന് 2.25ലക്ഷം രൂപയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഗുണഭോക്താക്കൾക്ക് നൽകുന്നത്. കെഐപി വക ഭൂമി റവന്യു വകുപ്പ് ഏറ്റെടുത്ത് പഞ്ചായത്തുകൾക്ക് നൽകിയാൽ ലൈഫ് മിഷൻ പദ്ധതിയിൽ ഭൂമിക്ക് പണം നൽകുന്നത് ഒഴിവാക്കാൻ സാധിക്കും. ഗുണഭോക്താക്കൾക്ക് വീടിനുള്ള പണം മാത്രം നൽകി സർക്കാരിനുണ്ടാകുന്ന സാമ്പത്തിക ബാധ്യത ഇല്ലാതാക്കാനും സാധിക്കും.
നിലവിൽ ഒരു ഗുണഭോക്താവിന് 3 സെന്റ് മുതൽ 5സെന്റ് വരെ വസ്തു വാങ്ങുന്നതിനാണ് പണം നൽകുന്നത്. തെന്മല, ആര്യങ്കാവ്, പിറവന്തൂർ പഞ്ചായത്തുകളിൽ ഭൂമി കണ്ടെത്തുന്നതിന് ഗുണഭോക്താക്കൾ വലയുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആര്യങ്കാവ് പഞ്ചായത്തിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലമാണ് ഇപ്പോൾ ലൈഫ് ഗുണഭോക്താക്കൾ വീട് വയ്ക്കുന്നതിനായി വാങ്ങുന്നത്.