യുവതിയുടെ അഴുകിത്തുടങ്ങിയ മൃതദേഹം; ഇവിടെ സാമൂഹിക വിരുദ്ധർക്ക് റെയിൽവേ വക സൗജന്യ താമസം!
Mail This Article
കൊല്ലം∙നഗരമധ്യത്തിൽ കാടുമൂടിക്കിടക്കുന്ന, വർഷങ്ങളായി ആൾപ്പാർപ്പില്ലാത്ത റെയിൽവേ ക്വാർട്ടേഴ്സിൽ യുവതിയുടെ അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തിയതു കഴിഞ്ഞ ദിവസമാണ്. ആർക്കും കയറാവുന്ന രീതിയിൽ അടച്ചുറപ്പില്ലാത്ത കെട്ടിടം സാമൂഹിക വിരുദ്ധരുടെ താവളമാണെന്നു മുൻപ് തന്നെ പരാതി ഉയർന്നിരുന്നു.
പാമ്പുകളുടെ ശല്യം രൂക്ഷമായതു കൊണ്ടാണത്രേ വർഷങ്ങളായി ഇവിടെ ആൾപ്പാർപ്പില്ലാത്തത്. നാട്ടുകാരുടെ നിരന്തര പരാതിയെത്തുടർന്നു നഗരത്തിലെ സമാനമായ പല റെയിൽവേ കെട്ടിടങ്ങളും പൊളിച്ചു കളഞ്ഞത് അടുത്തിടെയാണ്. ആൾപ്പാർപ്പില്ലാത്ത ചുരുക്കം ക്വാർട്ടേഴ്സുകൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. എന്നാൽ ജില്ലയുടെ പല ഭാഗങ്ങളിലും അതല്ല സ്ഥിതി. റെയിൽവേ ക്വാർട്ടേഴ്സുകൾ കണ്ടാൽ ഭാർഗവീനിലയങ്ങൾ എന്നു പറഞ്ഞു പോകും.
പരവൂർ സ്റ്റേഷൻ
പരവൂരിൽ നാലു റെയിൽവേ ക്വാർട്ടേഴ്സുകളാണ് ഉണ്ടായിരുന്നത്. അതിൽ ഒന്ന് വർഷങ്ങൾക്കു മുൻപു പൂർണമായും തകർന്നു പോയിരുന്നു. രണ്ടെണ്ണം തകർന്നു കാടുകയറിക്കിടക്കുന്ന നിലയിലാണ്. അവസാനം ആൾത്താമസമുണ്ടായിരുന്നത് 15 വർഷം മുൻപ്. കാടുകയറിക്കിടക്കുന്നതിനാൽ ഇതിനു സമീപത്തു സാമൂഹികവിരുദ്ധ ശല്യമുണ്ടെന്നാണു നാട്ടുകാരുടെ പരാതി. പൊളിച്ചു നീക്കുന്നതിനുള്ള ഒരു നടപടിയും ആയിട്ടില്ല.
എഴുകോൺ സ്റ്റേഷൻ
പ്രേത സിനിമകൾക്കു സെറ്റിട്ടതു പോലെയാണ് എഴുകോൺ സ്റ്റേഷനിലെ 4 ക്വാർട്ടേഴ്സുകൾ. ഒരെണ്ണത്തിന്റെ ഒരു ഭാഗം അത്യാവശ്യം അറ്റകുറ്റപ്പണികൾ നടത്തി ഗ്യാങ്മാൻമാരുടെ വിശ്രമമുറിയായി ഉപയോഗിക്കുന്നുണ്ട്. ബാക്കിയെല്ലാം ഏതു നിമിഷവും നിലംപൊത്താവുന്ന തരത്തിലാണ്. ആൾത്താമസമുണ്ടായിരുന്നത് 2011 വരെ മാത്രം. മദ്യപരുടെയും സാമൂഹിക വിരുദ്ധരുടെയും ഇടത്താവളമാണ് ഈ കെട്ടിടങ്ങൾ. ഇഴജന്തുക്കളുടെ ശല്യവും ഉണ്ട്.
കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ
എട്ടു ക്വാർട്ടേഴ്സുകളാണു കാടു കയറി അടച്ചു പൂട്ടിയ നിലയിലുള്ളത്. സാമൂഹിക വിരുദ്ധരുടെ താവളമായ കെട്ടിടങ്ങളിൽ നിന്നു മോഷണം നടത്തി മുങ്ങിയ ഒട്ടേറെ പ്രതികളെ പിടികൂടിയിട്ടുണ്ട്. റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്നു ക്വാർട്ടേഴ്സ് ഭാഗത്തേക്ക് ഇറങ്ങാൻ വാതിൽ സൗകര്യവും റെയിൽവേ ഒരുക്കിയിട്ടുണ്ട്. ഗ്രില്ലുകൾ ഈ ഭാഗത്ത് ഇല്ല.
കരുനാഗപ്പള്ളി സ്റ്റേഷൻ
റെയിൽവേ സ്റ്റേഷനോടു ചേർന്ന് ഒരു ഏക്കറിലധികം വസ്തുവാണു കാടു കയറി ഭീതിപ്പെടുത്തുന്ന അന്തരീക്ഷത്തിൽ കിടക്കുന്നത്. ഇവിടെ ഉണ്ടായിരുന്ന 15 ക്വാർട്ടേഴ്സുകളിൽ പലതും കാലപ്പഴക്കം കൊണ്ടു തകർന്നു വീണു. കാടു മൂടിക്കിടക്കുന്ന പ്രദേശത്തു രാത്രികാലങ്ങളിൽ പലരും ഒളിച്ചു താമസിക്കുന്നതായും മാലിന്യങ്ങൾ തള്ളുന്നതായും പരാതിയുണ്ട്. തകർന്നു കിടക്കുന്ന ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ പൂർണമായും പൊളിച്ചു നീക്കണമെന്ന ആവശ്യത്തിൽ ഒരു നടപടികളും ഉണ്ടായിട്ടില്ല.
മയ്യനാട് റെയിൽവേ സ്റ്റേഷൻ
താമസക്കാരില്ലാത്തതിനാൽ 5 റെയിൽവേ ക്വാർട്ടേഴ്സുകളും കാടു മൂടിയ നിലയിലാണ്. മദ്യപസംഘവും ലഹരി വിൽപന സംഘവും ഇവിടം താവളമാക്കിയിരിക്കുകയാണ്. കാടു മൂടിക്കിടക്കുന്നതിനാൽ ആരുടെയും ശ്രദ്ധ ഇവിടേക്കു പതിയാറില്ല. സ്ഥിരമായി ജീവനക്കാരില്ലാത്തതിനാൽ ശുചീകരണ പ്രവർത്തനങ്ങളും നടക്കാറില്ല.
ശാസ്താംകോട്ട സ്റ്റേഷൻ
കാലഹരണപ്പെട്ട ക്വാർട്ടേഴ്സുകൾ ഇഴജന്തുക്കളുടെ താവളമാണ്. ചുറ്റും ഒരാൾ പൊക്കത്തിൽ പുല്ലും കാടും വളർന്നതോടെ കെട്ടിടങ്ങളിലേക്ക് അധികമാരും എത്താറില്ല. ചവറ- ശാസ്താംകോട്ട പ്രധാനപാതയിലെ കാരാളിമുക്കിൽ നിന്ന് ഒരു കിലോമീറ്റർ മാറിയാണ് സ്റ്റേഷനുള്ളത്. ട്രെയിനുകൾ എത്തുന്ന സമയത്തു മാത്രം സജീവമാകുന്ന സ്റ്റേഷനും പരിസരവും രാത്രി മിക്കസമയവും പൂർണമായും വിജനമാണ്.
അതിർത്തിയിലെ സ്റ്റേഷനുകൾ
ആര്യങ്കാവ്, കഴുതുരുട്ടി, തെന്മല, ഒറ്റക്കൽ, ഇടമൺ എന്നീ സ്റ്റേഷനുകളിൽ 25 ക്വാർട്ടേഴ്സുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്. ഇത്രയും കെട്ടിടങ്ങൾ ഉപയോഗശൂന്യമാണെന്നു കാണിച്ചു റെയിൽവേ എൻജിനീയറിങ് വിഭാഗം കത്തു നൽകിയെങ്കിലും പൊളിച്ചുമാറ്റാൻ ബന്ധപ്പെട്ടവർ ശ്രമിക്കുന്നില്ല. ഇടമൺ 4, ഒറ്റക്കൽ 2, തെന്മല 9 ആര്യങ്കാവ് 6, കഴുതുരുട്ടി 4 എന്നിങ്ങനെയാണ് ക്വാർട്ടേഴ്സുകളുടെ എണ്ണം. തെന്മലയിലെ ഒരു കെട്ടിടത്തിൽ 10 മാസം മുൻപ് ഒരാൾ തൂങ്ങി മരിച്ചിരുന്നു. ഇടമണ്ണിലെ കെട്ടിടങ്ങളിൽ സാമൂഹിക വിരുദ്ധ പ്രവൃത്തികൾ നടക്കുന്നതായി പരാതിയുണ്ട്. ലഹരി വസ്തുക്കളുടെ വിൽപനയും ഇത്തരം കെട്ടിടങ്ങൾ കേന്ദ്രീകരിച്ചാണ്.
ഓച്ചിറ സ്റ്റേഷൻ
രണ്ടു പതിറ്റാണ്ടുകളായി താമസമില്ലാതെ നാലു ക്വാർട്ടേഴ്സ് കെട്ടിടങ്ങളാണ് കാടു പിടിച്ചു കിടക്കുന്നത്. ചില ക്രിമിനൽ കേസിലെ പ്രതികളുടെ പ്രധാന ഒളിത്താവളങ്ങളും കൂടിയാണ് ആൾത്താമസമില്ലാത്ത ക്വാർട്ടേഴ്സ്. നാലു കെട്ടിടങ്ങൾക്കു വേണ്ടി നിർമിച്ച വലിയ കിണറും ഉപയോഗിക്കാതെ നശിക്കുകയാണ്. കിണറിനു സംരക്ഷണ ഭിത്തികൾ പോലുമില്ല.