പെൺപടയുടെ കരുത്തിൽ അഴീക്കൽ സ്കൂൾ
Mail This Article
ഓച്ചിറ∙രാജ്യാന്തര വനിതാ ദിനത്തിൽ വേറിട്ട ആഘോഷവുമായി അഴീക്കൽ ഗവ:ഹൈസ്കൂളിൽ പിടിഎയും നാട്ടുകാരും പൂർവ വിദ്യാർഥി കൂട്ടായ്മയും അരയ കരയോഗവും കൈകോർക്കുന്നു. 113 വർഷം മുൻപ് അഴീക്കലിലെ തീരദേശത്തു എൽപി സ്കൂളായി ആരംഭിച്ച സ്കൂൾ ഇന്ന് ജില്ലയിലെ പ്രധാന ഹൈസ്കൂളായി തുടർച്ചയായി എസ്എസ്എൽസിക്ക് നൂറുമേനി വിജയം കൊയ്യുന്നു. ഇന്ന് സ്കൂളിലെ പ്രഥമ അധ്യാപിക മുതൽ അധ്യാപകർ, അനധ്യാപകർ, ഓഫിസ് സ്റ്റാഫ്, പാചക തൊഴിലാളികൾ ഉൾപ്പെടെ 31 സ്ത്രീകളുടെ നേതൃത്വത്തിലാണു സ്കൂൾ വിജയ പടവുകൾ കയറുന്നത്.
സൂനാമിയെ അതിജീവിച്ച ഗ്രാമത്തിലെ അക്ഷര മുത്തശ്ശിയുടെ സ്ത്രീ ശാക്തീകരണ വിജയമാണു ഇന്ന് വനിതാ ദിനാചരണവുമായി നാട് ആഘോഷിക്കുന്നത്. ഇന്ന് 10ന് നാട് ഒന്നായി സ്കൂളിലെ 31 വനിതാ ജീവനക്കാരെ ആദരിക്കും.പെൺകുട്ടികൾക്കും വനിതകൾക്കായി തീരദേശ വികസന കോ ഓപ്പറേഷന്റെ നേതൃത്വത്തിൽ ‘ മത്സ്യം - മൂല്യ വർധിത ഉൽപന്നങ്ങൾ’ എന്ന വിഷയത്തിൽ ശിൽപശാല നടത്തും. ചടങ്ങിൽ വിശപ്പുരഹിത ആലുംപീടിക പദ്ധതിക്ക് തുക കൈമാറുകയും സ്കൂളിലെ രണ്ട് പാചക വനിതാ തൊഴിലാളികളെ പൂർവ വിദ്യാർഥി കൂട്ടായ്മ ആദരിക്കും.
ഈ വർഷം പഠന പരിപോഷണ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട രണ്ടു സ്കൂളിൽ ഒന്നു അഴീക്കൽ ഗവ; ഹൈസ്കൂളാണ്. ജില്ലയിലെ ഏക ശാസ്ത്ര സാങ്കേതിക മ്യൂസിയവും സ്പെയ്സ് പാർക്കും ഇവിടെയാണുള്ളത്. പഠന പ്രവർത്തനങ്ങൾ, ശിൽപശാലകൾ, സെമിനാറുകൾ,പഠന ഗവേഷണ യാത്രകൾ എന്നിവയും സ്കൂളിലെ ഭൗതിക സാഹചര്യം ഒരുക്കിയതും സ്കൂൾ പ്രഥമ അധ്യാപിക കെ.എൽ. സ്മിതയുടെ നേതൃത്വത്തിലുള്ള 31 വനിതകളുടെ ഒരുമയോടെ നടത്തിയ പ്രവർത്തനങ്ങളാണു നാടിന്റെ ആദരവിൽ എത്തിച്ചതെന്നും ഈ വനിതാ കൂട്ടായ്മയ്ക്ക് വനിതാ ദിനത്തിൽ നാട്ടുകാർ ബിഗ് സല്യൂട്ട് നൽകുകയാണെന്നു പിടിഎ പ്രസിഡന്റ് ലിജി മോൻ, എസ്എസ്ജി ചെയർമാൻ ബിനു, പഞ്ചായത്ത് അംഗം ശ്യാംകുമാർ എന്നിവർ അറിയിച്ചു.