കാറ്റിൽ ആഞ്ഞിലി മരം കടപുഴകി; ക്വാർട്ടേഴ്സ് തകർന്നു
Mail This Article
പുനലൂർ ∙ ഇന്നലെ വൈകിട്ട് മഴയ്ക്കൊപ്പം ആഞ്ഞുവീശിയ കാറ്റിൽ മലയോര ഹൈവേയിൽ നിന്ന കൂറ്റൻ ആഞ്ഞിലി മരം കടപുഴകി ടി.കെ. ഉമ്മൻ ഓഡിറ്റോറിയത്തോട് ചേർന്ന ക്വാർട്ടേഴ്സിന്റെ മുകളിൽ പതിച്ചു. ക്വാർട്ടേഴ്സ് പൂർണമായി തകർന്നു. മലയോര ഹൈവേയിൽ 2 മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പൊലീസ് എത്തി വാഹനങ്ങൾ മറ്റു വഴിയിലൂടെ തിരിച്ചുവിട്ടു. മലയോര ഹൈവേയിൽ അഞ്ചൽ– പുനലൂർ പാതയിൽ കരവാളൂർ പഞ്ചായത്തിന്റെ ഭാഗമായ അടുക്കള മൂലയ്ക്ക് സമീപത്തെ വലിയ വളവിലാണ് മരം കടപുഴകിയത്.ആഞ്ഞിലി മരത്തിന്റെ 40 അടിയോളം ഉയരം കഴിഞ്ഞ് വലിയ മൂന്ന് ശിഖരങ്ങളായി പടർന്ന പന്തലിച്ച് നിൽക്കുകയായിരുന്നു. ഇത്രയും ശിഖരങ്ങളാണ് പൂർണമായി ക്വാർട്ടേഴ്സിന്റെ മുകളിലേക്ക് പതിച്ചത്.
ക്വാർട്ടേഴ്സ് കെട്ടിടവും ഇവിടെ ഉണ്ടായിരുന്ന സാധന സാമഗ്രികളും നശിച്ചു. ബീബി എസ്റ്റേറ്റിന്റെ ഭാഗമായ ടി.കെ .ഉമ്മൻ ഓഡിറ്റോറിയവും ക്വാർട്ടേഴ്‌സുമാണ് ഇവിടെ ഉള്ളത്.സൂപ്പർവൈസർ സാബു കോശിയും ഭാര്യ ഗ്രേസിക്കുട്ടിയുമാണ് ക്വാർട്ടേഴ്സിൽ താമസിക്കുന്നത്.മരം വീണപ്പോൾ ഗ്രേസിക്കുട്ടി ക്വാർട്ടേഴ്സിന്റെ മുറ്റത്തും ബാബു കോശി കരവാളൂർ നീലാമ്മാളിലുമായിരുന്നു. റോഡിൽ ഈ സമയം വാഹനങ്ങൾ കടന്നു പോകാത്തതിനാൽ വൻ ദുരന്തം ഒഴിവായി. അഗ്നിരക്ഷാസേനയുടെ വാഹനങ്ങൾ റോഡിന് കുറുകെ നിർത്തി ഗതാഗതം നിരോധിച്ച് രക്ഷാപ്രവർത്തനം നടത്തി. ഏറെനേരം പണിപ്പെട്ടാണ് മരങ്ങൾ മുറിച്ച് നീക്കിയത്.
ചുടുകട്ട– മണിയാർ– തൊളിക്കോട് വഴി ബസ് അടക്കമുള്ള വാഹനങ്ങൾ പുനലൂർ പൊലീസ് തിരിച്ചുവിട്ടു. സ്കൂൾ ബസുകൾ അടക്കം ഏറെനേരം വൈകിയാണ് കടന്നു പോയത്. ഇവിടെ വലിയ വളവിൽ ഇനിയും രണ്ടു മാവും ഒരു ഇലവും അടക്കമുള്ള മരങ്ങൾ അപകട ഭീഷണി ഉയർത്തി നിൽക്കുന്നുണ്ട്. മരങ്ങളുടെ ചുവട്ടിൽ നിന്നും മണ്ണ് ഒലിച്ചു പോയ നിലയിലാണ്. കാറ്റടിക്കുമ്പോൾ ഏതു നിമിഷവും നിലം പൊത്താവുന്ന നിലയിലുമാണ്. 10 വർഷം മുൻപ് സമീപത്ത് നിന്ന് മറ്റൊരു മരം റോഡിലേക്ക് വീണ് ഗതാഗതം സ്തംഭിച്ചിരുന്നു. ഈ പാതയിലെ അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പൊതുമരാമത്ത് വകുപ്പിനും കരവാളൂർ പഞ്ചായത്തിനും നിവേദനങ്ങൾ നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.