ADVERTISEMENT

കൊട്ടാരക്കര∙ മൂന്നാമത്തെ റീ ടെൻഡറിലും കരാർ എടുക്കാൻ ആളില്ലാതായതോടെ കൊട്ടാരക്കര- ശാസ്താംകോട്ട-സിനിമാപ്പറമ്പ് റോഡിന്റെ ഭാവി അനിശ്ചിതത്വത്തിലായി. ആദ്യഘട്ട ടാറിങ് മാത്രമാണ് പൂർത്തിയായത്. രണ്ടര വർഷമായി ഒരു മീറ്റർ റോഡ് നിർമാണം പോലും നടന്നിട്ടില്ല. മിക്കയിടങ്ങളിലും റോഡ് തകർന്ന് തുടങ്ങി. കൊട്ടാരക്കര മുസ്‌ലിം സ്ട്രീറ്റ്, അവണൂർ, പത്തടി, പുത്തൂരിന് കിഴക്ക് ഭാഗം, കരിമ്പിൻപുഴ, കുന്നത്തൂർ ഭാഗങ്ങളിൽ റോഡിൽ ആഴമേറിയ ഗട്ടറുകൾ രൂപപ്പെട്ടു. മിക്കയിടങ്ങളിലും തെരുവ് വിളക്കുകളും കത്തുന്നില്ല. 

റോഡ് പുനർനിർമാണത്തിൽ സർക്കാരും അലംഭാവമാണ് കാട്ടുന്നത്. കൃത്യമായ ഇടപെടൽ ഇതുവരെയും നടന്നില്ല. ഇനി പത്ത് കോടിയോളം രൂപയുടെ നിർമാണം ബാക്കിയാണ്. 21 കോടി രൂപ അ‍ടങ്കലിൽ മൂന്നര വർ‌ഷം മുൻപാണ് നിർമാണം ആരംഭിച്ചത്. കൊട്ടാരക്കര ഇടിസി മുതൽ സിനിമാപ്പറമ്പ് വരെ 22  കിലോമീറ്ററാണ് റോ‍ഡിന്റെ നീളം. കിഫ്ബി നിബന്ധനകൾ അനുസരിച്ച് കരാർ ഏറ്റെടുക്കുന്നതിനു കടമ്പകൾ ഏറെയാണ്. ആദ്യ കരാർ തന്നെ ഏറെ വൈകിയാണ് പ്രാബല്യത്തിലായത്. റോഡ് നിർമാണത്തിന് മതിയായ സൗകര്യം ഒരുക്കാതെ സർക്കാർ വകുപ്പുകൾ തമ്മിൽ മത്സരവും ഉണ്ടായി.

റോഡിന്റെ ആദ്യ ഘട്ട ടാറിങ് നടന്നെങ്കിലും വശങ്ങളിലെ ഓട നിർമാണം, പൊക്കം ക്രമീകരിക്കൽ എന്നിവ മിക്ക മേഖലകളിലും ബാക്കിയാണ്. റോഡിന് ഉയരം കൂടിയതോടെ വശങ്ങളിലെ വീടുകളിലേക്ക് വെള്ളം കയറുന്നതു വ്യാപകമായി. മന്ത്രിയുടെ മണ്ഡലത്തിലെ റോഡ് നിർമാണമായിട്ടും അനിശ്ചിതമായി നീളുന്ന സാഹചര്യമാണുള്ളത്. മന്ത്രി ഇടപെട്ട് പല തവണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. കരാറുകാരെയും മറ്റ് വകുപ്പുകളെയും പരസ്പരം കുറ്റപ്പെടുത്തി യോഗം അവസാനിപ്പിക്കുന്നതാണ് കണ്ടത്. മന്ത്രിയുടെ സജീവ ഇടപെടൽ വിഷയത്തിൽ ഉണ്ടാകുന്നില്ലെന്നാണ് പരാതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com