എക്സൈസ് പരിശോധന: എംഡിഎംഎയും കഞ്ചാവുമായി 3 പേർ അറസ്റ്റിൽ
Mail This Article
ഇരവിപുരം∙ കൊല്ലം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്‌ക്വാഡ് വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 8.36ഗ്രാം എംഡിഎംഎയും കഞ്ചാവും വാഹനവും പിടികൂടി. മയ്യനാട് വാഴപ്പള്ളി സംഘംമുക്ക് ഭാഗത്തു നിന്ന് പിണയ്ക്കൽ ചേരി തെക്കേ തുണ്ടിൽ വീട്ടിൽ സജാദിൽ(29) നിന്നു 5.14 ഗ്രാം എംഡിഎംഎയും കഞ്ചാവും ഇരവിപുരം പള്ളിമുക്ക് മുറിയിൽ സാബു നിവാസിൽ സക്കീർ ഹുസൈനിൽനിന്ന് 2 ഗ്രാംഎംഡിഎംഎയും വടക്കേവിള സംസം നഗർ 256 കൊട്ടിലിൽ പുത്തൻ വീട്ടിൽ സഹദ് (21) എന്നയാളുടെ പക്കൽ നിന്നും സ്കൂട്ടറിൽ കൊണ്ടു വന്ന 1.120 ഗ്രാം എംഡിഎംഎയും കഞ്ചാവുമാണു പിടികൂടിയത്. സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ കൊല്ലം റേഞ്ച് പരിധിയിൽ നടത്തിയ റെയ്ഡിലാണ് അറസ്റ്റ്.
പ്രതികൾക്ക് എംഡിഎംഎയും കഞ്ചാവും നൽകിയ ആളെക്കുറിച്ചു വിശദമായി അന്വേഷണം നടത്തി വരികയാണെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ വി.റോബർട്ട് അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർ ബി.വിഷ്ണു, പ്രിവന്റീവ് ഓഫിസർമാരായ കെ.ജി രഘു, ടി.സജുകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീനാഥ്, അജിത്ത്, അനീഷ്, സൂരജ്, വനിതാ സിവിൽ എക്സൈസ് ഓഫിസർ നിജി, ജാസ്മിൻ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.