നിരീക്ഷണ ക്യാമറകൾ നശിപ്പിച്ചു; 6 യുവാക്കൾ അറസ്റ്റിൽ
Mail This Article
കണ്ണനല്ലൂർ∙കണ്ണനല്ലൂർ ചേരിക്കോണത്ത് തൃക്കോവിൽവട്ടം പഞ്ചായത്ത് സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകൾ നശിപ്പിച്ചതിന് 6 പേരെ അറസ്റ്റ് ചെയ്തു. ചേരീക്കോണം അലൻ ഭവനിൽ അക്ഷയ്കുമാർ(20), ചേരീക്കോണം അനന്തുഭവനിൽ നന്ദു (20), എഴുകോൺ നെടുമൺകാവ് ചൈത്രം ഭവനിൽ അനന്തു (19), ചേരീക്കോണം രമ്യാ ഭവനിൽ രാഹുൽ(22), ചേരീക്കോണം അരുൺ ഭവനിൽ അമർദീപ് (20), തഴുത്തല മനീഷാ ഭവനിൽ അദ്വൈത്(19) എന്നിവരെയാണു പിടികൂടിയത്. ഞായർ പുലർച്ചെ 1.15നാണ് അക്രമം നടത്തിയത്. ചേരീക്കോണം പാലമുക്ക് കല്ലുവെട്ടാംകുഴി റോഡിൽ സെന്റ് ജോർജ് ഓർത്തഡോക്സ് കുരിശടിക്കു സമീപം സ്ഥാപിച്ചിരുന്ന ഐപി ക്യാമറയാണു തകർത്തത്.
തൃക്കോവിൽവട്ടം പഞ്ചായത്ത് പൊതുസ്ഥലത്തു മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനായി സ്ഥാപിച്ചതാണ് ഈ ക്യാമറകൾ. ഇരുചക്ര വാഹനങ്ങളിൽ എത്തിയ സംഘം ക്യാമറ തകർക്കുന്നതും അതിനു മുൻപുള്ള ദൃശ്യവും ക്യാമറയിൽ പതിഞ്ഞിട്ടുണ്ടായിരുന്നു. രാത്രിസമയത്തു സാമൂഹിക വിരുദ്ധർ ഇവിടെ തമ്പടിക്കുന്നതു പതിവാണെന്നു നാട്ടുകാർക്കു നേരത്തേ പരാതിയുണ്ടായിരുന്നു. കണ്ണനല്ലൂർ ഇൻസ്പെക്ടർ വി.ജയകുമാർ, എഎസ്ഐ ഹരി സോമൻ, രാജേന്ദ്രൻപിള്ള, എസ്‌സിപിഒമാരായ പ്രമോദ്, നുജുമുദീൻ, ഷാനവാസ്, ഷിജോ, മനാഫ്, റാഫി എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.