ADVERTISEMENT

കൊല്ലം ∙ ജനുവരിയിൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ.ബാലഗോപാൽ അധ്യക്ഷത വഹിക്കും. സമാപന സമ്മേളനോദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിക്കും. 62–ാം കലോത്സവത്തിന്  62 പേർ അണിനിരക്കുന്ന നൃത്താവിഷ്കാരത്തോടെ സ്വാഗതഗാനം ഒരുക്കും. കലോത്സവത്തിന്റെ പതാക ഉയർത്തുന്നതിലും കൊല്ലത്തിന്റെ മുദ്രയുണ്ടാകും. ചിന്നക്കട മണിമേട, തങ്കശ്ശേരി വിളക്കുമാടം, പുനലൂർ തൂക്കുപാലം ഇവയിൽ ഒന്നിന്റെ മാതൃക നിർമിച്ച് അതിലാകും പതാക ഉയർത്തുന്നത്.

കലോത്സവത്തിൽ കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കു നൽകുന്ന സ്വർണക്കപ്പ് കോഴിക്കോട്ട് നിന്നു കൊല്ലത്തേക്ക് കൊണ്ടുവരുമ്പോൾ എല്ലാ ജില്ലകളിലും സ്വീകരണം നൽകും. കലോത്സവത്തിനു സസ്യഭക്ഷണം മാത്രമാണ് നൽകുക. വിജയികൾക്ക് മുൻ വർഷങ്ങളിലേതു പോലെ കാഷ് പ്രൈസ്, ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവ നൽകും.

കലോത്സവത്തിനു 17 വേദികൾ നിശ്ചയിച്ചു. ഏതാനും വേദികൾ കൂടി കണ്ടെത്തേണ്ടതുണ്ട്. പൊതു വിദ്യാഭ്യാസവകുപ്പ് അഡീഷനൽ ഡയറക്ടർ സി.എ സന്തോഷ്, പ്രോഗ്രാം, ഭക്ഷണം, സ്റ്റേജ് സമിതികളുടെ കൺവീനർമാർ , ഡിപിഐയിലെ‍ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചാണ് വേദികൾ നിശ്ചയിച്ചത്.  ജില്ലാ കലോത്സവങ്ങൾ  ഈ മാസം 20ന് ആരംഭിക്കുകയാണ്.  ഡിസംബർ 8നു മുൻപ് ജില്ലാ കലോത്സവങ്ങൾ പൂർത്തിയാക്കണമെന്നാണ് നിർദേശം. 

ഉപജില്ലാ  കലോത്സവങ്ങൾ പൂർത്തിയായി
കൊല്ലം∙ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിനു മുന്നോടിയായുള്ള ഉപജില്ലാ കലോത്സവങ്ങൾ പൂർത്തിയായി. ജില്ലാ കലോത്സവം കുണ്ടറ ഇളമ്പള്ളൂരിൽ 20ന് തുടങ്ങും. ആദ്യ ദിവസം രചനാമത്സരങ്ങൾ ആണ്. 21 ന് 9ന് എൻ.കെ.പ്രേമചന്ദ്രൻ എംപി കലോത്സവം ഉദ്ഘാടനം ചെയ്യും. പി.സി.വിഷ്ണുനാഥ് എംഎൽഎ അധ്യക്ഷത വഹിക്കും. 24ന് നടക്കുന്ന സമാപന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും.

എ.എം.ആരിഫ് എംപി പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ അധ്യക്ഷത വഹിക്കും. ചടയമംഗലം, കുളക്കട ഉപജില്ലകളിലെ മത്സരം ഇന്നലെയാണ് പൂർത്തിയായത്. മറ്റ് ഉപ ജില്ലകളിലെ മത്സരങ്ങൾ നേരത്തെ പൂ‍ർത്തിയായിരുന്നു. ജില്ലാ കലോത്സവത്തിന്റെ പന്തൽ നിർമാണം ഇന്നു പൂർത്തിയാകും എന്നാണ് കരുതുന്നത്. 

മറ്റു പ്രവർത്തനങ്ങളും വേഗത്തിൽ പുരോഗമിക്കുന്നുണ്ട്. റജിസ്ട്രേഷൻ നാളെ നടക്കും.  ഇത്തവണ കൂടുതൽ കുട്ടികൾ ജില്ലാ മത്സരത്തിൽ പങ്കെടുക്കുമെന്നാണ് സൂചന. സംസ്ഥാന കലോത്സവം കൊല്ലത്ത് നടക്കുന്നതിൽ എല്ലാ ഇനങ്ങളിലും മത്സരാർഥികളെ പങ്കെടുപ്പിക്കാൻ ആയിരുന്നു തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com