ADVERTISEMENT

കൊല്ലം ∙ പൊതുമേഖലാ സ്ഥാപനമായ ചവറ കെഎംഎംഎലിലെ ടൈറ്റാനിയം ഡയോക്സൈഡ് പിഗ്‌മെന്റ് പ്ലാന്റിലേക്ക് യന്ത്രഭാഗങ്ങൾ വാങ്ങാൻ ചെലവാക്കിയ അരക്കോടിയോളം രൂപ വെള്ളത്തിലായി. ഡൽഹി ആസ്ഥാനമായ കമ്പനിയിൽ നിന്നു യന്ത്രഭാഗങ്ങൾ വേണ്ടത്ര തയാറെടുപ്പില്ലാതെ വാങ്ങിയതിനു പിന്നിൽ മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത. അസംസ്കൃത പിഗ്‌മെന്റ് യൂണിറ്റിലെ ഓക്സിലേഷൻ പ്ലാന്റ് ആയ യൂണിറ്റ് 300 ൽ ഉപയോഗിക്കുന്ന റിയാക്ടർ കൂളിങ് ട്യൂബുകൾ 17 എണ്ണം 44.20 ലക്ഷം രൂപയ്ക്കാണ് കെഎംഎംഎൽ വാങ്ങിയത്; ഒരെണ്ണത്തിന് 2.60 ലക്ഷം രൂപ നിരക്കിൽ.

ഡൽഹി കമ്പനി വിതരണം ചെയ്ത ട്യൂബുകൾ കെഎംഎംഎലിന്റെ സ്റ്റോറിൽ സൂക്ഷിച്ച ശേഷം പിന്നീട് പ്ലാന്റിൽ ഘടിപ്പിക്കാൻ നോക്കിയപ്പോഴാണ് പ്ലാന്റിനു ചേരുന്നവയല്ലെന്നു വ്യക്തമായത്. അപ്പോഴേക്കും പണം മുഴുവൻ ഡൽഹി കമ്പനിക്ക് കൊടുത്തു തീർത്തിരുന്നു. പ്ലാന്റിനു യോജിച്ചവയല്ലെന്നു കണ്ടതോടെ ഏറെക്കാലം സ്റ്റോറിൽ തന്നെ സൂക്ഷിച്ച കൂളിങ് ട്യൂബുകൾ അറ്റകുറ്റപ്പണി നടത്തി തിരികെ തരണമെന്നു കാണിച്ച് അടുത്തിടെ കമ്പനിക്കു മടക്കി അയച്ചു. മാസങ്ങൾ കഴിഞ്ഞിട്ടും ഡൽഹിയിൽ നിന്നു മറുപടിയില്ല.

അറ്റകുറ്റപ്പണി നടത്തിയാലും പ്ലാന്റിനു യോജിച്ചവയാകുമോയെന്ന് ഉറപ്പുമില്ല. ഓർഡർ ചെയ്ത കൂളിങ് ട്യൂബുകൾ, കമ്പനിയിലെ വിദഗ്ധരോ പുറത്തു നിന്ന് കമ്പനി നിയോഗിക്കുന്ന ഏജൻസിയിലെ വിദഗ്ധരോ ഡൽഹിയിലെ കമ്പനിയിലെത്തി പരിശോധിച്ച് യോജിച്ചവയാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതു ഗൗരവത്തോടെ ചെയ്യാതിരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം.

കൂളിങ് ട്യൂബ് ഇടപാടിനു കെഎംഎംഎലിൽ ചുക്കാൻ പിടിച്ച ഉദ്യോഗസ്ഥർ പൊതുമേഖലാ– സ്വയംഭരണ സ്ഥാപനങ്ങളിലെ ഇടത് അനുകൂല ഉദ്യോഗസ്ഥരുടെ സംഘടനയുടെ ഭാരവാഹികളാണെന്ന പേരിൽ ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് മാനേജ്മെന്റിന്റേത്.

പ്രതിസന്ധി ചൈനയിലെ ഉൽപന്നം എത്തിയതിനാൽ: കെഎംഎംഎൽ
ഈ സാമ്പത്തിക വർഷം തീരുന്നതോടെ കെഎംഎംഎലിൽ കെട്ടിക്കിടക്കുന്ന ടൈറ്റാനിയം ഡയോക്സൈഡിന്റെ സ്റ്റോക്ക് 5000 ടണ്ണിൽ താഴെയെത്തുമെന്ന് മാനേജ്െമന്റിന്റെ വിശദീകരണം. ഈ മാസം ഇതുവരെ 1500 ടണ്ണിനു മുകളിൽ വിപണനം നടന്നു. 3000 ടൺ ആണ് ഈ മാസം വിൽപന പ്രതീക്ഷിക്കുന്നത്. കമ്പനിയിൽ 8800 ടൺ ഉൽപന്നം കെട്ടിക്കിടക്കുന്നുവെന്ന ‘മനോരമ’ വാർത്തയോടാണ് പ്രതികരണം.

ചൈനയിൽ നിന്ന് വില കുറഞ്ഞ ടൈറ്റാനിയം ഡയോക്സൈഡ് ഇന്ത്യൻ വിപണിയിൽ എത്തിയതാണ് പ്രതിസന്ധിക്കു കാരണമെന്ന് മാനേജിങ് ഡയറക്ടർ ജെ. ചന്ദ്രബോസ് പറഞ്ഞു. ഇത് മറികടക്കാൻ സ്റ്റാൻഡേഡ് അനുപാതത്തിൽ പ്ലാന്റുകൾ പ്രവർത്തിപ്പിച്ചു. സെപ്റ്റംബർ മുതൽ എല്ലാ മാസവും 3000 ടൺ ഉൽപാദനമാണ് നടത്തുന്നത്. 40 വർഷത്തോളം പഴക്കമുള്ള അറ്റകുറ്റപ്പണിക്കു വേണ്ടി പ്ലാന്റ് നിർത്തിയപ്പോഴാണ് കഴിഞ്ഞ ഫെബ്രുവരിയിൽ ഉൽപാദനം കുറഞ്ഞത്. നവകേരള സദസ്സിന് അരക്കോടി രൂപ നൽകിയെന്നതും വസ്തുതാവിരുദ്ധമാണെന്ന് എംഡി പറഞ്ഞു.

ലേഖകന്റെ വിശദീകരണം: 
ഡിസംബർ 15 ലെ കണക്ക് പ്രകാരം കെഎംഎംഎലിലെ ടൈറ്റാനിയം ഡയോക്സൈഡിന്റെ സ്റ്റോക്ക് 8800 ടൺ ആയിരുന്നു. വിപണി വില അനുസരിച്ച് ഇതിന് 224 കോടി വില വരും. ഏകദേശം 9000 ടൺ ഉൽപന്നം കെട്ടിക്കിടക്കുന്നുവെന്നു കഴിഞ്ഞയാഴ്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് സിഐടിയു ഉൾപ്പെടെയുള്ള ട്രേഡ് യൂണിയൻ നേതാക്കൾ നൽകിയ നിവേദനത്തിൽ രേഖാമൂലം വ്യക്തമാക്കിയിട്ടുണ്ട്. അറ്റകുറ്റപ്പണി മൂലമാണ് ഫെബ്രുവരിയിൽ ഉൽപാദനം കുറഞ്ഞത് എന്ന വാദത്തിനും അടിസ്ഥാനമില്ല.

ഫെബ്രുവരിയിൽ 1648 ടൺ ആയത് അറ്റകുറ്റപ്പണി മൂലമെങ്കിൽ ജനുവരിയിൽ 1980 ടൺ ആയത് എങ്ങനെ? 2022 ഏപ്രിൽ, ഓഗസ്റ്റ് മുതൽ 2023 ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലും ഉൽപാദന ശേഷിയായ 3000 ടണ്ണിലും വളരെ താഴെയായിരുന്നു. സെപ്റ്റംബർ മുതലാണ് വീണ്ടും 3000 കടന്നത്. നവകേരള സദസ്സിനായി ചവറ മണ്ഡലത്തിലേക്കു മാത്രമല്ല, ജില്ലയിലെയും സമീപ ജില്ലയിലെയും മണ്ഡലങ്ങളിലേക്കും വൻതുക നൽകാൻ മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ട്. അതിനുള്ള രേഖകൾ കമ്പനിയിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com