ADVERTISEMENT

ശാസ്താംകോട്ട ∙ മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും പങ്കെടുക്കുന്ന കുന്നത്തൂർ നിയോജകമണ്ഡലം നവകേരള സദസ്സ് ഇന്ന് വൈകിട്ട് 6നു ചക്കുവള്ളിയിലെ പുതിയ വേദിയിൽ നടക്കും. ശൂരനാട് വടക്ക്, പോരുവഴി, ശൂരനാട് തെക്ക് പഞ്ചായത്തുകളുടെ സംഗമ കേന്ദ്രമായ ചക്കുവള്ളിയിൽ മലനട റോഡിലുള്ള കശുവണ്ടി ഫാക്ടറിയുടെ സ്ഥലത്താണ് 5000 പേർക്ക് ഇരിക്കാവുന്ന കൂറ്റൻ പന്തൽ തയാറാക്കിയത്. വൈകിട്ട് 3മുതൽ വിവിധ സർക്കാർ വകുപ്പുകളുടെ 21 പരാതി പരിഹാര കൗണ്ടറുകൾ പ്രവർത്തിക്കും. 4 മുതൽ വേദിയിൽ കലാപരിപാടികൾ തുടങ്ങും. കലക്ടർ എൻ.ദേവീദാസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥസംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

വാഹനനിയന്ത്രണം
നവകേരള സദസ്സിന്റെ ഭാഗമായി വൈകിട്ട് 5നു ഭരണിക്കാവ്– ചക്കുവള്ളി റോ‍ഡിലും 3 മുതൽ ചക്കുവള്ളി– കൊച്ചുതെരുവ് ജംക്‌ഷൻ റോഡിലും വാഹന ഗതാഗതം പൂർണമായി നിയന്ത്രിക്കും. കൊല്ലം– തേനി ദേശീയ പാത, ചക്കുവള്ളി– പുതിയകാവ്, ശാസ്താംനട– ചക്കുവള്ളി, തെങ്ങമം, മലനട റോഡുകളിൽ ഉച്ചയ്ക്ക് 2 മുതൽ നിയന്ത്രണം ഏർപ്പെടുത്തും. വാഹനവ്യൂഹം കടന്നു പോകുന്ന കൊട്ടാരക്കര– ഭരണിക്കാവ്, ഭരണിക്കാവ്– ചക്കുവള്ളി പാതകളും ഇടറോഡുകളും ഉൾപ്പെടെ പൊലീസ് നിരീക്ഷണത്തിലായിരിക്കും. നവകേരള സദസ്സിന് മണ്ഡലത്തിലെ 10 പഞ്ചായത്തുകളിൽ നിന്നും എത്തുന്ന വാഹനങ്ങൾക്ക് ഒൻപത് മൈതാനങ്ങളിലാണ് പാർക്കിങ് ഏർപ്പെടുത്തിയിട്ടുള്ളത്.

കശുവണ്ടി ഫാക്ടറികൾ  അടച്ചിടാൻ നിർദേശം
നവകേരള സദസ്സിന്റെ ഭാഗമായി ഇന്ന് കുന്നത്തൂർ താലൂക്കിലെ കശുവണ്ടി ഫാക്ടറികൾ അടച്ചിടാൻ നിർദേശം. സിഐടിയു നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നാണ് യൂണിയന്റെ പ്രാദേശിക ഘടകങ്ങൾ തൊഴിൽ ഉടമകൾക്ക് നോട്ടിസ് നൽകിയത്. മുഖ്യമന്ത്രി ഉൾപ്പെടുന്ന മന്ത്രിസഭ പങ്കെടുക്കുന്ന നവകേരള സദസ്സിന് തൊഴിലാളികളെ വൈകിട്ട് ചക്കുവള്ളിയിൽ എത്തിക്കുന്നതിനു വേണ്ടിയാണു നിർദേശം.

നവകേരള സദസ്സ് നാളെ
ചവറ ∙ നവകേരള സദസ്സിനെ വരവേൽക്കാനൊരുങ്ങി ചവറ. ടൈറ്റാനിയം ഗ്രൗണ്ടിൽ ക്രമീകരണങ്ങൾ പൂർത്തിയായി.  നാളെ വൈകിട്ട് 3ന് ആണ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നത്. പരാതികളും നിവേദനങ്ങളും സമർപ്പിക്കാനുള്ള കൗണ്ടർ 12.30 മുതൽ പ്രവർത്തനം ആരംഭിക്കും. നിവേദനങ്ങൾ സ്വീകരിക്കാൻ വേദിക്ക് പടിഞ്ഞാറു വശത്തായി 21 കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. 

അപേക്ഷകർക്ക്  നേരിട്ട് പരാതികളും അപേക്ഷകളും നൽകാം. പരാതിയിൽ സ്വീകരിച്ച നടപടി ഒരാഴ്ച മുതൽ 45 ദിവസത്തിനകം അപേക്ഷകനെ അറിയിക്കും. 12.30ന് വേദിയിൽ പ്രാദേശിക കലാകാരന്മാരുടെ വിവിധ പരിപാടികൾ ആരംഭിക്കും. 4.30 വരെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയിൽ ഉണ്ടാകുക. സമ്മേളനത്തിനു ശേഷം ജാസി ഗിഫ്റ്റിന്റെ ഗാനമേളയും ഉണ്ടായിരിക്കും.

കുടുംബശ്രീയുടെ ഫുഡ് ഫെസ്റ്റ് ഉച്ചമുതൽ പ്രവർത്തനം ആരംഭിക്കും എന്ന് സംഘാടക സമിതി ഭാരവാഹികളായ സുജിത്ത് വിജയൻപിള്ള എംഎൽഎ, ജില്ലാ ടൗൺ പ്ലാനർ എം.വി.ഷാനി, മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ, നീണ്ടകര പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.രജിത്ത്,   സിപിഎം ഏരിയ സെക്രട്ടറി ആർ.രവീന്ദ്രൻ, സിപിഐ മണ്ഡലം സെക്രട്ടറി അനിൽ പുത്തേഴം, ബ്ലോക്ക് സെക്രട്ടറി ജോയ് റോഡ്സ്, ആർ.രാമചന്ദ്രൻ പിള്ള, എസ്.ജയൻ എന്നിവർ പറഞ്ഞു.

കരുനാഗപ്പള്ളി ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിസഭ അംഗങ്ങളെല്ലാം പങ്കെടുക്കുന്ന നവകേരള സദസ്സ് നാളെ 10 ന് ലാലാജി ജംക്‌ഷനു സമീപമുള്ള എച്ച് ആൻഡ് ജെ മാൾ ഗ്രൗണ്ടിൽ ഒരുക്കിയിരിക്കുന്ന വേദിയിൽ എത്തും. ഇവിടെ രാവിലെ 9 മുതൽ ഡോ.പാർവതി ബി.രവിയുടെ ഗാനമാലിക, കരുനാഗപ്പള്ളി ബോയ്സ് ആൻ‍ഡ് ഗേൾസ് സ്കൂളിന്റെ നൃത്തശിൽപം എന്നിവ നടക്കും. 

നവകേരള സദസ്സിന്റെ വിളംബരം അറിയിച്ച് ഇന്ന് നിയോജക മണ്ഡലത്തിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിൽ നിന്നും ആരംഭിക്കുന്ന നവകേരള സ്ത്രീശക്തി വിളംബര റാലി വൈകിട്ട് 6ന് എച്ച് ആൻഡ് ജെ.സ്കൂൾ ഗ്രൗണ്ടിൽ സംഗമിക്കും. സ്ത്രീശക്തി സംഗമം എ.എം.ആരിഫ് എംപി ഉദ്ഘാടനം ചെയ്യും. ഡോ.സുജിത് വിജയൻപിള്ള എംഎൽഎ മുഖ്യ അതിഥിയാകും. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ അധ്യക്ഷത വഹിക്കും. തുടർന്ന് നാടൻപാട്ട് കലാകാരി പ്രസീദ ചാലക്കുടി നയിക്കുന്ന സംഗീത പരിപാടി. 

∙നവകേരള സദസ്സിനോട് അനുബന്ധിച്ചു നടത്തിയ അഖില കേരള ചെസ് ടൂർണമെന്റ് നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവും, സൂസൻ‍കോടിയും ചേർന്നു കരുക്കൾ നീക്കി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെസ് അസോസിയേഷൻ പ്രസിഡന്റ് സി.എസ്.ഷെമീർ അധ്യക്ഷത വഹിച്ചു. ചെസ് അസോസിയേഷൻ സെക്രട്ടറി പി.ജി.ഉണ്ണിക്കൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. ആർ.സോമൻപിള്ള, ആർ.അനീഷ്, വി.വിജയകുമാർ, വി.പി.ജയപ്രകാശ് മേനോൻ, ആർ.രവീന്ദ്രൻപിള്ള എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com