ADVERTISEMENT

ശാസ്താംകോട്ട ∙ പോരുവഴിയിലെ കൃഷിയിടങ്ങളിൽ മോഷണം പതിവാകുന്നു. ശൂരനാട് സ്വദേശിയായ കർഷകന്റെ വിളഞ്ഞ 18 ഏത്തക്കുലകൾ നഷ്ടമായി. പോരുവഴി പഞ്ചായത്തംഗത്തിന്റെ വീട്ടിൽ നിന്ന് റബർഷീറ്റുകളും കവർന്നു. വീടുകളിൽ നിന്ന് പൂവൻ കോഴി മോഷണവും പതിവായതായി പരാതിയുണ്ട്. വായ്പയെടുത്തും കടം വാങ്ങിയും കൃഷിയിറക്കിയ കർഷകരാണ് കള്ളന്മാരെ കൊണ്ട് പൊറുതിമുട്ടിയത്. 

തൊഴിലുറപ്പ് തൊഴിലാളിയായ ശൂരനാട് വടക്ക് പടിഞ്ഞാറ്റം കിഴക്ക് അർച്ചനയിൽ ബാലകൃഷ്ണപിള്ള (73)യുടെ പോരുവഴി അമ്പലത്തുംഭാഗം ഓണവിള യുപിഎസിനു സമീപത്തെ കൃഷിയിടത്തിലാണ് കവർച്ച നടന്നത്. പുതുവത്സര രാത്രി 12 ഏത്തക്കുലകളും കഴിഞ്ഞ ദിവസം രാത്രി 6 ഏത്തക്കുലകളും നഷ്ടമായി. അരയേക്കറോളം സ്ഥലത്ത് ബാലകൃഷ്ണപിള്ള ഒറ്റയ്ക്ക് കൃഷി ചെയ്താണ് ഇരുനൂറോളം ഏത്തക്കുലകളും ചേനയും ചേമ്പും ഉൾപ്പെടെയുള്ള കാർഷികവിളകൾ തയാറാക്കിയത്. ശൂരനാട് പൊലീസിൽ പരാതി നൽകി. 

പോരുവഴി ഒൻപതാം വാർഡംഗം മോഹനൻ പിള്ളയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന റബർ ഷീറ്റുകളും കവർന്നു. മീനത്തേതിൽ കുളം, തൊളിക്കൽ ഏല എന്നിവിടങ്ങളിൽ നിന്നും അടുത്തിടെ അൻപതോളം ഏത്തക്കുലകൾ മോഷണം പോയതായി കർഷകർ പറഞ്ഞു. ഏലാകളിൽ കാട്ടുപന്നി, മുള്ളൻപന്നി ശല്യത്തിനൊപ്പം മോഷണവും പെരുകിയതോടെ കർഷകർക്ക് ഇരട്ടി ദുരിതമായി. വീടുകളിൽ നിന്നും പൂവൻ കോഴികളെ കൂട് തുറന്നു കൊണ്ടു പോയതായി പരാതിയുണ്ട്. വീടിന്റെ പോർച്ചിൽ വച്ചിരുന്ന ബൈക്കുകളിൽ നിന്നും പെട്രോൾ കവരുന്ന സംഘങ്ങളും സജീവമാണ്. പ്രതികളെ കണ്ടെത്തണമെന്നും പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും കർഷകർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com