ADVERTISEMENT

കൊല്ലം∙ ഉറക്കമില്ലാത്ത രാത്രി. കൊല്ലം പൂത്തുലയുകയാണ്. എവിടെനോക്കിയാലും ആവേശം. പാട്ടും ഡാൻസുമൊക്കെ ഈ നാടിന്റെ നെഞ്ചിൽ കയറിക്കൊളുത്തിക്കഴിഞ്ഞു. ഒറ്റവാക്കിൽ പറഞ്ഞാൽ ‘എജ്ജാദി വൈബ് !’ കൊല്ലത്തിന്റെ ഏതു ഭാഗത്തു ചെന്നാലും അവിടെയെല്ലാം ഒരു വേദിയുണ്ട്. അവിടെയെല്ലാം ഉറങ്ങാതെ ആളുകൾ ആഘോഷിക്കുന്നുണ്ട്. ചിലയിടത്ത് പാട്ട്, ചിലയിടത്ത് നാടകം, ചിലയിടത്ത് കഥകളി.. 

ഹയർസെക്കൻഡറി വിഭാഗം സംഘ ഗാനത്തിൽ ഒന്നാം സ്ഥാനം നേടിയ കൊട്ടാരക്കര ഗവ.എച്ച്എസ്എസ് ടീം, അധ്യാപികബി.കെ.സുതീഷ്ണയ്ക്കൊപ്പം.
ഹയർസെക്കൻഡറി വിഭാഗം സംഘ ഗാനത്തിൽ ഒന്നാം സ്ഥാനം നേടിയ കൊട്ടാരക്കര ഗവ.എച്ച്എസ്എസ് ടീം, അധ്യാപികബി.കെ.സുതീഷ്ണയ്ക്കൊപ്പം.

രാത്രി എട്ടുകഴിഞ്ഞാൽ പതിയെ മിഴിയടയ്ക്കുന്ന നഗരമാണ് കൊല്ലം. പണ്ടെയുള്ള ശീലം. പക്ഷേ ഇന്നലെ രാത്രി ഈ നഗരം ഉറങ്ങിയിട്ടില്ല. ബൾബുകൾ കത്തിനിൽക്കുന്ന തെരുവോരം. ഒപ്പനയിലെ മണവാട്ടിയെ സ്വീകരിക്കാനെന്നപോലെയാണ് വഴിയോരം. നാണംകുണുങ്ങി വരുന്ന മണവാട്ടിയെക്കാൾ മൊഞ്ച് ഒന്നാംവേദിക്കുമുന്നിൽ തിങ്ങിനിറഞ്ഞവരുടെ മുഖത്തുണ്ട്. കൈയടിച്ചും ആർപ്പുവിളിച്ചും അവർ ഒപ്പനയ്ക്കൊപ്പം ആടിയുലയുകയായിരുന്നു. 

സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി മുഖ്യ വേദിയായ ആശ്രാമം മൈതാനവും പരിസരവും ദീപാലകൃതമായപ്പോൾ. ചിത്രം: മനോരമ
സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി മുഖ്യ വേദിയായ ആശ്രാമം മൈതാനവും പരിസരവും ദീപാലകൃതമായപ്പോൾ. ചിത്രം: മനോരമ

നാലാംവേദിയാണ് സത്യത്തിൽ ഒട്ടുമുറങ്ങാതിരുന്നത്. നാടകമത്സരത്തിന്റെ പുകിൽ. ഒരുകാലത്ത് മലയാളക്കരയിൽ നാടകവുമായി ഓടിനടന്ന മനുഷ്യനാണ് ഒ.മാധവൻ. അദ്ദേഹത്തിന്റെ പേരിലുള്ള വേദിയിൽ രാവിലെ മുതൽ നാടകം തുടങ്ങി. പക്ഷേ രാത്രി വൈകിയിട്ടും മത്സരം തീർന്നില്ല. നേരം പുലരുംവരെ തട്ടിൽ നടൻമാരും നടികളും അഭിനയിച്ചു തകർക്കുകയായിരുന്നു. ഡി.വിനയചന്ദ്രന്റെ പേരിലാണ് പതിനെട്ടാം വേദി. സെന്റ്ജോസഫ്സ് സ്കൂളിന്റെ മുറ്റത്തെ മരത്തിൽ വിനയചന്ദ്രിക പോലൊരു ചിത്രം ചാരിവച്ചിട്ടുണ്ട്. 

രാത്രികളിൽ കവിത ചൊല്ലിച്ചൊല്ലി ഈ നഗരത്തിലൂടെ നടന്നുപോയൊരാൾ. കായലിനക്കരെനിന്ന് കേട്ടുശീലിച്ച കവിശബ്ദം. വിനയചന്ദ്രന്റെ പേരിലുള്ള വേദിക്ക് അത്ര പെട്ടന്ന് ഉറങ്ങാൻ കഴിയില്ലല്ലോ. നാടൻ‍പാട്ടുമായി കുട്ടികൾ തകർക്കുകയാണ്. ഇടുക്കിയിലെ ഗോത്രവർഗക്കാരുടെ പാട്ടുകൾ‍..ഞാറ്റുപാട്ടുകൾ...പഴങ്കഥകളുടെ കെട്ടഴിഞ്ഞപോലെ പാട്ടുകൾ‍. തുടി കൊട്ടും താളവുമായി, നാട്ടുവേഷമണിഞ്ഞ കലാകാരൻമാർ മുടിയഴിച്ചിട്ടാടുന്നു. 

തെരുവിലേക്കിറങ്ങി നോക്കൂ. രാത്രിവൈകിയും വഴിയരികിലൂടെ നടന്നുപോകുന്ന കുട്ടികൾ. അച്ഛനും അമ്മയ്ക്കുമൊപ്പം. കൂട്ടുകാർക്കും അധ്യാപകർക്കുമൊപ്പം. ചിലർ തട്ടുകടകളിൽ  നിന്ന് ചൂടുദോശ കഴിക്കുന്നു. ചിലർ ആവി പറക്കുന്ന കാപ്പി കുടിക്കുന്നു. ചിലർ അടുത്ത ട്രെയിനിനു  നാടുപിടിക്കാൻ നെട്ടോട്ടമോടുന്നു. ഇന്നലെ രാവിലെ പെയ്ത മഴയുടെ ആലസ്യം രാത്രി വിട്ടകന്നു . ഇല്ല. ഇനിയുള്ള മൂന്നു രാത്രികളിലും ദേശിംഗനാടിന്റെ മണ്ണിന് ഉറക്കമില്ല. ആഘോഷമാണ് ഈ രാവുകൾ, പകലുകൾ... 

രോഗത്തെ പാടിത്തോൽപ്പിച്ച സാരംഗിന് തുടർപഠനത്തിനു സഹായ വാഗ്ദാനം 

കൊല്ലം ∙ രോഗത്തെ പാടിത്തോൽപ്പിച്ച സാരംഗിന് ഒരു ലക്ഷം രൂപയുടെ സ്നേഹസമ്മാനവുമായി എക്സാംവിന്നർ സൊല്യൂഷൻസ്. പ്ലസ് ടുവരെയുള്ള പഠനച്ചെലവുകളും വഹിക്കും.സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ലളിതഗാനത്തിലും അഷ്ടപദിയിലും എ ഗ്രേഡ് നേടിയ സാരംഗ് രാജീവിന്റെ അതിജീവനകഥ ഇന്നലെ മലയാള മനോരമ അവതരിപ്പിച്ചിരുന്നു. ഇതുവായിച്ചാണ് എക്സാംവിന്നർ സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്‌ടർമാരായ അലക്സ് തോമസും അലൻ തോമസും സഹായവുമായി മുന്നോട്ടുവന്നത്. കോഴിക്കോട് ചേവായൂരിൽ പ്രവർത്തിക്കുന്ന എക്സാം വിന്നർ അധികൃതർ കലോത്സവം നടക്കുന്ന കൊല്ലത്തുള്ള മനോരമ ഓഫിസുമായി ബന്ധപ്പെടുകയായിരുന്നു.

ചെറിയ പ്രായത്തിനുള്ളിൽ അഞ്ചു ശസ്ത്രക്രിയകൾ നേരിട്ട സാരംഗിന്റെ ജീവിതം കരുത്തോടെ മുന്നോട്ടുകൊണ്ടുപോവുന്നതു പാട്ടാണ്. വടകര മേമുണ്ട എച്ച്എസ്എസിലെ എട്ടാംക്ലാസ് വിദ്യാർഥിയായ സാരംഗിന് ചികിത്സയ്ക്കായി ഇതുവരെ 50 ലക്ഷത്തിലധികം രൂപ ചെലവായിരുന്നു. ഏഴിനു സംസ്കൃതഗാനാലാപന മത്സരത്തിൽ പങ്കെടുത്ത ശേഷം എട്ടിനാണ് സാരംഗ് തിരികെ കോഴിക്കോട്ടെത്തുക. തൊട്ടടുത്ത ദിവസം തുക കൈമാറും.

ഹെൽപ് ഡെസ്ക്കുമായി ഡിവൈഎഫ്ഐ 

കൊല്ലം ∙ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയായ ആശ്രാമം മൈതാനത്തു ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആരംഭിച്ച ഹെൽപ് ഡെസ്ക് എ.എ.റഹീം എംപി ഉദ്ഘാടനം ചെയ്തു. ലഘുഭക്ഷണ വിതരണം, പഴങ്ങൾ, ആംബുലൻസ് സർവീസ്, മത്സരാർഥികൾക്ക് സഞ്ചരിക്കുന്നതിനു സ്നേഹ വണ്ടി തുടങ്ങിയ സേവനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന ട്രഷറർ എസ്.ആർ.അരുൺ ബാബു, ജില്ലാ സെക്രട്ടറി ശ്യാം മോഹൻ, പ്രസിഡന്റ് ടി.ആർ.ശ്രീനാഥ്, എസ്.ഷബീർ, എസ്.ആർ.രാഹുൽ, ബി.ബൈജു , മീര എസ്.മോഹൻ എന്നിവർ പ്രസംഗിച്ചു.

മൈക്ക് ഉടക്കി! മാർഗംകളി മത്സരത്തിനിടെ ഇളകിയതു 3 തവണ 

കൊല്ലം ∙ ഹൈസ്കൂൾ  മാർഗംകളി മത്സരത്തിൽ സ്റ്റേജിൽ കയറുന്നതിനു മുൻപു പലരും പ്രാർഥിച്ചതു മൈക്ക് പണി തരരുതേ എന്നായിരുന്നു. ആദ്യ ടീം മത്സരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ പാടുന്ന കുട്ടിയുടെ  മൈക്ക് സ്റ്റാൻഡിൽ നിന്നു താഴെ വീണു. മത്സരാർഥികൾ ഒന്ന് അമ്പരന്നെങ്കിലും മാർഗംകളി നിർത്തിയില്ല. ഇതിനിടെ സ്റ്റേജിൽ ഉണ്ടായിരുന്ന സംഘാടകരിൽ ഒരാൾ മൈക്ക് തിരികെ സ്റ്റാൻഡിൽ വച്ചു.  വീണ്ടും താഴെ വീണു. വീണ്ടും സംഘാടകർ ശരിയായ രീതിയിൽ വച്ചു.ഉടൻ മൈക്ക് സെറ്റ് ഓപ്പറേറ്റർ  ഒരു സ്ക്രൂഡ്രൈവറുമായി  വേദിയിലേക്ക് ഓടിക്കയറിയെങ്കിലും സംഘാടകർ തടഞ്ഞു. എന്തായാലും ആദ്യ ടീം മത്സരം പൂർത്തിയാക്കി. 

മൈക്ക് സ്റ്റാൻഡിന്റെ സ്ക്രൂ മുറുക്കി മത്സരം തുടർന്നു. എന്നാൽ മണിക്കൂറുകൾക്കു ശേഷം മറ്റൊരു ടീം വേദിയിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴും മൈക്ക് സ്റ്റാൻഡിൽ നിന്ന് വീണ്ടും ഇളകി.  മൈക്കിലൂടെയുള്ള പാട്ട് കേൾക്കാതെയാണു കുട്ടികൾ മാർഗംകളി പൂർത്തിയാക്കിയത്. 

പാട്ടുംപാടി ജയിച്ച്  ടീച്ചറും കുട്ടികളും 

കൊല്ലം ∙ ടീച്ചർ എഴുതി, കുട്ടികൾ പാടി, കിട്ടിയത് എ ഗ്രേഡും. ഹയർ സെക്കൻഡ‍റി വിഭാഗം സംഘഗാനത്തിലാണു കൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലിഷ് അധ്യാപിക ബി.കെ.സുതീഷ്ണ എഴുതിയ ഗാനം ശിഷ്യർ പാടി എ ഗ്രേഡ് നേടിയത്. 

കോഴിക്കോട് സ്വദേശി ആനന്ദ് കാവുംപട്ടമാണ് ഈണം നൽകിയത്. ഇതു നാലാം തവണയാണു സുതീഷ്ണയുടെ ഗാനങ്ങൾ സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടുന്നത്. ആകാശവാണിയിൽ ഇരുപതോളം ലളിതഗാനങ്ങൾ പ്രക്ഷേപണം ചെയ്തിട്ടുമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com