ADVERTISEMENT

അച്ചൻകോവിൽ∙ ജല അതോറിറ്റിയുടെ അച്ചൻകോവിൽ ആറ്റിലെ ശുദ്ധജല വിതരണ പദ്ധതിയിലെ തകരാർ പരിഹരിക്കാൻ നടപടി വൈകുന്നതോടെ ശുദ്ധജല വിതരണം അവതാളത്തിൽ. ആറ്റിലെ ജലവിതാനം ക്രമാതീതമായി താഴ്ന്നതോടെ ജലസംഭരണിയിലേക്കു വെള്ളം പമ്പ് ചെയ്യൽ പ്രതിസന്ധിയിലായി. ആറ്റിലെ കിണറിലെ ഗാലറി പൈപ്പിൽ അരിച്ചിറങ്ങുന്ന വെള്ളം മൂന്നുമുക്കിലെ അഞ്ചര ലക്ഷം ശേഷിയുള്ള സംഭരണിയിലെത്തിച്ചാണു ശുദ്ധജലം ആദിവാസി മേഖലകളിൽ അടക്കം അച്ചൻകോവിൽ മേഖലയിൽ വിതരണം ചെയ്യുന്നത്.

രാവിലെ 7 മുതൽ 9 മണിക്കൂർ വെള്ളം പമ്പ് ചെയ്തു സംഭരണിയിൽ എത്തിച്ചാലും പൈപ്പിലെ തകരാർ കാരണം ലക്ഷക്കണക്കിനു ശുദ്ധജലം പാഴാകുന്നു. ജലസംഭരണി നിറ​ഞ്ഞ ശേഷം 4 മണിക്കൂർ പ്രവർത്തനം നിർത്തിയാൽ ഒരു മണിക്കൂർ കൊണ്ടു സംഭരണിയിലെ ശുദ്ധജലത്തിൽ ഭൂരിഭാഗവും പാഴായി പോയിട്ടും പ്രശ്നത്തിനു പരിഹാരമില്ല. ആറ്റിലെ ഗാലറി പൈപ്പിൽ നിന്നു 10 ഇഞ്ചിലുള്ള പൈപ്പാണു സംഭരണിയിലേക്കു ബന്ധിപ്പിച്ചിട്ടുള്ളത്.

ആറ്റിൽ ജലനിരപ്പ് ഉയർന്നാൽ മാത്രമേ പൈപ്പിലൂടെ മതിയായ അളവിൽ വെള്ളം അരിച്ചിറങ്ങുകയും സംഭരണിയിലേക്കു പമ്പ് ചെയ്യാനും സാധിക്കൂ. തകരാർ കാരണം 2 ഇഞ്ച് അളവിൽ പോലും വെള്ളം പമ്പിലൂടെ കടന്നു പോകാത്ത അവസ്ഥയാണു പ്രശ്നം. ആറ്റിലെ കിണറിന്റെ ഉയരം ജലനിരപ്പിനേക്കാൾ ഉയരത്തിലായതും തിരിച്ചടിയായി. ഇതുമൂലം വേനലിൽ കിണറിലേക്കും പൈപ്പിലേക്കും വെള്ളം എത്തുന്നില്ല. 35 വർഷം പഴക്കമുള്ള കിണറും ഗാലറി പൈപ്പും ഇതേവരെ നവീകരിച്ചിട്ടില്ല. അച്ചൻകോവിലിൽ 350ൽപ്പരം ശുദ്ധജല വിതരണ ടാപ്പുകളാണുള്ളത്. പൊതുടാപ്പുകൾ വേറെയും. വേനലും വരൾച്ചയും ശുദ്ധജല വിതരണത്തെ പ്രതികൂലമാക്കുമെന്ന് ഉറപ്പായിട്ടും ജലഅതോറിറ്റിക്ക് അനക്കമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com