പുലർച്ചെ വീട്ടിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; ദമ്പതികൾക്കു പരുക്ക്
Mail This Article
ശാസ്താംകോട്ട ∙ പുലർച്ചെ വീടിനുള്ളിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾക്കു പരുക്ക്. വീട്ടമ്മയ്ക്കു ഗുരുതരമായി പൊള്ളലേറ്റു. വടക്കൻ മൈനാഗപ്പള്ളി പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിനു സമീപം ശിവലാൽ ഭവനം ശിവൻകുട്ടി– വസന്ത ദമ്പതികളുടെ വീട്ടിൽ രാവിലെ നാലിനാണ് സംഭവം.
വസന്ത ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും കയ്യിൽ പൊള്ളലേറ്റ ശിവൻകുട്ടി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. ദമ്പതികൾ മാത്രം താമസിക്കുന്ന വീട്ടിൽ പുലർച്ചെ ചായ ഇടാനായി വസന്ത അടുക്കളയിലെ ലൈറ്റിന്റെ സ്വിച്ച് ഓൺ ചെയ്തപ്പോഴാണ് ഉഗ്രസ്ഫോടനം നടന്നത്. വർക്ക് ഏരിയയിൽ സൂക്ഷിച്ചിരുന്ന പുതിയ സിലിണ്ടർ പൂർണമായി പൊട്ടിത്തെറിച്ചു.
സിലിണ്ടറിൽ നിന്നും വാതകം ചോർന്നത് കാരണം ലൈറ്റ് തെളിച്ചപ്പോൾ തീ പിടിച്ചെന്നാണു നിഗമനം. വർക്ക് ഏരിയ തകർന്ന നിലയിലാണ്. വീടിന്റെ ജനലുകൾക്കും കേടുപാടുണ്ടായി. പരുക്കേറ്റ ഇരുവരെയും നാട്ടുകാർ ചേർന്നു ആശുപത്രികളിലേക്കു മാറ്റി. ശാസ്താംകോട്ടയിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് തീ പൂർണമായി കെടുത്തിയത്.
ഏതാനും ദിവസങ്ങൾക്കു മുൻപ് സ്വകാര്യ ഏജൻസി എത്തിച്ച പുതിയ സിലിണ്ടർ സംബന്ധിച്ച് പരാതി പറഞ്ഞെന്നും മാറ്റി നൽകിയില്ലെന്നും ആക്ഷേപമുണ്ട്. ഇത് അടുപ്പുകളിൽ ബന്ധിപ്പിക്കാതെ അടുക്കളയോട് ചേർന്ന വർക്ക് ഏരിയയിൽ മാറ്റി വച്ചിരിക്കുകയായിരുന്നു. കേസെടുത്ത് അന്വേഷണം തുടങ്ങിയെന്നും ഫൊറൻസിക് സംഘം സാംപിളുകൾ ശേഖരിച്ചെന്നും പൊലീസ് പറഞ്ഞു.