കാട്ടുപന്നി ആക്രമണം തുടർക്കഥ: ആക്രമണത്തിൽ ഇന്നലെ 2 പേർക്ക് പരുക്ക്
Mail This Article
പത്തനാപുരം∙ പകൽ കാട്ടു പന്നിയുടെ ആക്രമണം തുടർക്കഥ. ഇന്നലെ രാവിലെ വിദ്യാർഥിയെയും കാൽനടയാത്രക്കാരനെയും കാട്ടു പന്നി ആക്രമിച്ചു. മാങ്കോട് വട്ടക്കാവിലാണ് സംഭവം. മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് പോയ വട്ടക്കാവ് ബർക്കത്ത് മൻസിലിൽ ഫിദ ഫാത്തിമ(8), മണക്കാട്ടുപുഴ പള്ളിതെക്കേതിൽ അയൂബ് ഖാൻ(45) എന്നിവർക്കാണ് പരുക്കേറ്റത്.
ഫിദ ഫാത്തിമയുടെ തോളെല്ലിനും അയൂബ് ഖാന്റെ മുട്ടിനു താഴെയുമാണ് പരുക്ക്. ഇരുവരെയും പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങൾക്ക് മുൻപ് മുള്ളൂർ നിരപ്പ് സ്വദേശി മുഹമ്മദ് ഖാനെ(60)യും കാട്ടു പന്നി ആക്രമിച്ചിരുന്നു. കാലിനു പരുക്കേറ്റ ഇദ്ദേഹം ചികിത്സയിലാണ്.
തുടർച്ചയായി പന്നിയുടെ ആക്രമണം ശക്തമായതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി. വേനൽ കടുത്തതോടെ വെള്ളം കുടിക്കാനും മറ്റുമായി കാട്ടു പന്നികൾ ജനവാസ മേഖലയിൽ തമ്പടിക്കുകയാണ്. പകൽ ഒറ്റപ്പെട്ട രീതിയിൽ നേരത്തേ കാട്ടു പന്നികൾ ഇറങ്ങുമായിരുന്നു. ഇപ്പോൾ തലങ്ങും വിലങ്ങും പന്നികളെ കാണാമെന്ന് നാട്ടുകാർ പറയുന്നു.