6 നഗരാരോഗ്യ കേന്ദ്രങ്ങൾ ഇന്നു തുറക്കും
Mail This Article
കൊല്ലം∙ ആരോഗ്യ സേവനം കൂടുതൽ പേരിലേക്കെത്തികുക എന്ന ലക്ഷ്യത്തോടെ ഒരുക്കുന്ന നഗരാരോഗ്യ കേന്ദ്രങ്ങൾ ഇന്നു തുറക്കും. സംസ്ഥാന തല ഉദ്ഘാടനം വൈകിട്ട് മൂന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കോർപറേഷന്റെ നേതൃത്വത്തിൽ ആറ് ഡിവിഷനുകളിലായി തുറക്കുന്ന ‘അർബൻ ഹെൽത്ത്–വെൽനെസ് സെന്ററിന്റെ’ ഉദ്ഘാടനം എംഎൽഎമാർ ഉൾപ്പെടെയുള്ളവർ നടത്തും.
ആലാട്ട്കാവ്, തിരുമുല്ലവാരം, തങ്കശ്ശേരി, കോളജ് ഡിവിഷൻ, പട്ടത്താനം, തെക്കേവിള എന്നിവിടങ്ങളിലാണ് നഗരാരോഗ്യ കേന്ദ്രങ്ങൾ തുറക്കുന്നത്. 15–ാം ധനകാര്യ കമ്മിഷൻ ഗ്രാന്റ് അനുസരിച്ച് നഗരമേഖലകളിൽ ഹെൽത്ത്–വെൽനെസ് സെന്ററുകൾ ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമാണിത്. ഉച്ചയ്ക്ക് ഒന്നു മുതൽ രാത്രി ഏഴു വരെയാണ് ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുക.
വാടകയ്ക്കു ലഭ്യമാക്കിയ കെട്ടിടത്തിൽ ഒരു ഹെൽത്ത്–വെൽനെസ് സെന്ററിൽ പരിശോധന മുറി, ഫാർമസി, നിരീക്ഷണ മുറി, നഴ്സിങ് മുറി, ശുചിമുറി, വെൽനെസ് റൂം, സ്റ്റോർ റൂം, ലാബ് തുടങ്ങിയവയുണ്ടാകും. ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ് എന്നിവരുടെ സേവനം ലഭിക്കും. കൂടാതെ മറ്റ് ജോലിക്കായും ശുചീകരണത്തിനും പ്രത്യേകം ജീവനക്കാരുമുണ്ടാകും.
മറ്റു ഡിവിഷനുകളിലും ഇത്തരം കേന്ദ്രങ്ങൾ തുറക്കുമെന്ന് കോർപറേഷൻ അധികൃതർ പറഞ്ഞു. നേരത്തെ 2 നഗരാരോഗ്യ കേന്ദ്രങ്ങൾ കോർപറേഷൻ പരിധിയിൽ തുറന്നിരുന്നു. വൈകിട്ട് 3.30 മുതലാണ് ആറ് ആരോഗ്യ കേന്ദ്രങ്ങളുടെ പ്രാദേശികതല ഉദ്ഘാടനം നടക്കുന്നത്.
കൂടാതെ പുനലൂർ (3) കേന്ദ്രങ്ങൾ), കരുനാഗപ്പള്ളി (3), കൊട്ടാരക്കര (2), പരവൂർ (2) എന്നീ മുനിസിപ്പാലിറ്റികളിലും നഗരാരോഗ്യ കേന്ദ്രങ്ങൾ തുറക്കുന്നുണ്ടെന്നും നാഷനൽ ഹെൽത്ത് മിഷൻ ജില്ലാ കോ–ഓർഡിനേറ്റർ എസ്.സജിത് പറഞ്ഞു.