കനാൽ ജലം പ്രയോജനപ്പെടുന്നില്ല: കർഷകർ ദുരിതത്തിൽ
Mail This Article
പത്തനാപുരം∙ സബ് കനാലുകളിൽ ചിലയിടങ്ങളിൽ വെള്ളം തുറന്നു വിട്ടെങ്കിലും കനാൽ ജലം പ്രയോജനപ്പെടുന്നില്ലെന്നു കർഷകരുടെ പരാതി. ശുചീകരണം നടത്താത്തതും, അറ്റകുറ്റപ്പണി നടക്കാത്തതും കാരണം വെള്ളം പുറത്തേക്ക് ഒഴുകി നഷ്ടപ്പെടുന്നതാണ് കാരണം. ചിലയിടങ്ങളിൽ സബ് കനാലുകൾ തുറന്നിട്ടുമില്ല. വേനൽ ശക്തമായതോടെ കനാൽ ജലം പ്രതീക്ഷിച്ചു കൃഷിയിറക്കിയവരാണ് ദുരിതത്തിലായത്.
മലയോര മേഖലയിലെ പത്തനാപുരം, തലവൂർ, മേലില, പിറവന്തൂർ, വിളക്കുടി, വെട്ടിക്കവല പഞ്ചായത്തുകളിലെ കൃഷിയുടെ പ്രധാന ആശ്രയവും കനാൽ ജലമാണ്. പത്തനാപുരം തെക്കേക്കരമുക്ക്–സെന്റ് മേരീസ് സ്കൂൾ റോഡിന്റെ വശത്തെ സബ് കനാൽ പൊട്ടി വെള്ളം ഒഴുകി പാഴായിട്ട് നാളുകളാകുന്നു. പരാതി പറഞ്ഞു മടുത്തതല്ലാതെ നടപടിയില്ലെന്നു നാട്ടുകാർ പറയുന്നു.
മുൻ കാലങ്ങളിൽ കനാൽ തുറന്നു വിടുന്നതിനു മുൻപായി തൊഴിലുറപ്പ് തൊഴിലാളികളെ വിനിയോഗിച്ച് കനാൽ ശുചീകരണം നടത്തിയിരുന്നു. പഞ്ചായത്തുകളുടെ നേതൃത്വത്തിലായിരുന്നു ഇത്. ഇത്തവണ പഞ്ചായത്തുകൾ ശുചീകരണം നടത്തിയില്ല. കനാലുകളുടെ ചുമതലയുള്ള കെഐപിക്ക് ശുചീകരണത്തിനും മറ്റും ഫണ്ട് അനുവദിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ കൃഷി നശിക്കുമെന്നു കർഷകർ പറയുന്നു.