ദേശീയപാത 66 ലെ അപകടങ്ങൾ കുറയ്ക്കാൻ ‘ന്യൂജഴ്സി ബാരിയർ’; നിർമാണ ചെലവും വളരെ കുറവ്
Mail This Article
കൊല്ലം∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്ഥാപിക്കുന്ന ‘ന്യൂജഴ്സി ബാരിയർ’ അപകടങ്ങൾ കുറയ്ക്കുമെന്നു വിലയിരുത്തൽ. ആറുവരി പാതയെ ഇരുവശത്തേക്കും വേർതിരിക്കുന്നതിനാണു മീഡിയനുകൾക്കു പകരമായി ബാരിയറുകൾ സ്ഥാപിക്കുന്നത്. ഈ ബാരിയറുകളുടെ നിർമാണ ചെലവും വളരെ കുറവാണ്. റോഡു വികസിക്കുമ്പോൾ വാഹനങ്ങളുടെ വേഗത കൂടും. വേഗം കൂടിയ വാഹനം നിയന്ത്രണം വിട്ട് മീഡിയനിലേക്കും മറു വശത്തേക്കും ഇടിച്ചു കയറി ഗുരുതര അപകടമുണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ, ന്യൂജഴ്സി ബാരിയർ സ്ഥാപിച്ചാൽ ഇത്തരത്തിലുള്ള അപകടം 80 ശതമാനം വരെ കുറയ്ക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.
ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ കൊല്ലം ജില്ലയിലെ ദേശീയപാത 66ൽ ഏകദേശം 3200ൽ അധികം ന്യൂജഴ്സി ബാരിയറുകൾ സ്ഥാപിക്കും. അടിഭാഗം വീതിയുള്ള തരത്തിലാണ് ന്യൂജഴ്സി ബാരിയറിന്റെ നിർമാണം. താഴെ നിന്ന് ഒരു പിരമിഡിന്റെ രൂപത്തിലാണ് മുകളിലേക്കു വരുന്നത്. താഴെ നിന്ന് 10 ഇഞ്ച് ഉയരത്തിലേക്ക് 55 ഡിഗ്രിയിൽ ചരിവുണ്ട്. ബാരിയറിലേക്ക് തട്ടിയെത്തുന്ന വാഹനങ്ങളുടെ വേഗം ഈ ചരിവിൽ കുറഞ്ഞ് അപകട സാധ്യത കുറയുമെന്നാണ് വിദഗ്ധാഭിപ്രായം.
ഒരു മീറ്ററിൽ അധികം ഉയരമുള്ളതിനാൽ രാത്രി കാലങ്ങളിൽ എതിർ വശത്തു നിന്നെത്തുന്ന വാഹനങ്ങളുടെ പ്രകാശം ഡ്രൈവറുടെ കണ്ണിലേക്ക് അടിക്കില്ലെന്ന പ്രത്യേകതയുമുണ്ട്. താഴ് ഭാഗത്ത് 60 സെന്റിമീറ്റർ വീതിയും ഒന്നര മീറ്റർ നീളവുമുണ്ട് ഓരോ കോൺക്രീറ്റ് ബാരിയറിനും. കോൺക്രീറ്റു കൊണ്ടാണ് ബാരിയറുകളെ താഴെയും തമ്മിലും ഉറപ്പിക്കുന്നത്. ജില്ലയിൽ ഏകദേശം 57 കിലോമീറ്ററിലാണ് ദേശീയപാത വികസനം. അതിൽ 41 കിലോമീറ്ററിലാണ് മധ്യഭാഗത്തു ബാരിയറുകൾ സ്ഥാപിക്കുന്നത്.
ന്യൂജഴ്സി ബാരിയർ
1950കളിൽ യുഎസിലെ ന്യൂജഴ്സിയിലെ അനുഭവപ്പെട്ട ഗതാഗത തിരക്കിലാണ് പുതിയ ആശയം രൂപപ്പെട്ടത്. യുഎസ് ദേശീയപാത വകുപ്പിന്റെ അഭ്യർഥന മാനിച്ച് ന്യൂജഴ്സിലെ സ്റ്റീവെൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ് നിലവിലെ ‘ന്യൂജഴ്സി ബാരിയർ’ വികസിപ്പിച്ചത്. വികസിപ്പിച്ച സ്ഥലത്തിന്റെ പേരിൽ ഈ ബാരിയർ പിന്നീട് അറിയപ്പെടാൻ തുടങ്ങി.