10 കോടിയുടെ വികസനം പ്രഖ്യാപനത്തിൽ; മത്സ്യവിത്തുൽപാദന ഹാച്ചറി കിതയ്ക്കുന്നു
Mail This Article
കുളത്തൂപ്പുഴ∙ മത്സ്യഫെഡിന്റെ മത്സ്യവിത്തുൽപാദന ഹാച്ചറിയുടെ രണ്ടാം ഘട്ട വികസനത്തിനു ബജറ്റിൽ തുക വകയിരുത്തുമെന്ന മന്ത്രി കെ. എൻ. ബാലഗോപാലിന്റെ ഉറപ്പ് പാഴായി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രി മേഴ്സിക്കുട്ടിയമ്മ ഹാച്ചറിയുടെ വികസനത്തിനായി 10 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചെങ്കിലും എങ്ങുമെത്തിയില്ല. വികസനം മുടങ്ങിയതു കാരണം തരംതാഴ്ത്തിയതോടെ ലക്ഷ്യത്തിലെത്താൻ കിതയ്ക്കുകയാണ് ഹാച്ചറി. മന്ത്രിയായ ശേഷം ഹാച്ചറി സന്ദർശിച്ചു ഒന്നാം ഘട്ട പൂർത്തീകരണം വിലയിരുത്തിയ ശേഷമായിരുന്നു രണ്ടാം ഘട്ട വികസനത്തിനു ബജറ്റിൽ തുക വകയിരുത്തുമെന്നു ബാലഗോപാൽ പ്രഖ്യാപിച്ചത്. കല്ലട ജലസേചന പദ്ധതിയുടെ (കെഐപി) ഭൂമി മത്സ്യഫെഡിന് പാട്ടത്തിനു വിട്ടു നൽകിയാണു 10 കോടി രൂപ മുതൽ മുടക്കിൽ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ഹാച്ചറി സ്ഥാപിച്ചത്.
രണ്ടാം ഘട്ട വികസനത്തിനും 10 കോടി രൂപയായിരുന്നു പ്രഖ്യാപനം. വനംവകുപ്പിന്റെ പാട്ടഭൂമിയായ റിഹാബിലിറ്റേഷൻ പ്ലാന്റേഷന്റെ (ആർപിഎൽ) തോട്ടത്തിന്റെ ഒരുഭാഗം മത്സ്യഫെഡ് ഹാച്ചറി സ്ഥാപിക്കാനായി കൈവശപ്പെടുത്തിയെന്ന പരാതിയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാത്തതാണു പ്രഖ്യാപിത വികസന പദ്ധതിയെ തുരങ്കം വയ്ക്കാൻ കാരണം. രണ്ടാം ഘട്ടം ത്രിശങ്കുവിലായതോടെ തെന്മല ഇക്കോ ടൂറിസവുമായി ബന്ധപ്പെടുത്തി അക്വേറിയം അടക്കമുള്ള ടൂറിസം വികസനങ്ങൾ പെരുവഴിയിലായി. മത്സ്യക്ഷാമത്തിനു പരിഹാരമായി കൂടുതൽ മത്സ്യസമ്പത്ത് രൂപപ്പെടുത്താനുള്ള നീക്കവും പാളി. ട്രോളിങ് നിരോധനകാലത്തു മത്സ്യക്ഷാമത്തിനു പരിഹാരം കാണാനും പദ്ധതികളുണ്ടായിരുന്നു.
മത്സ്യക്കുഞ്ഞുങ്ങളെ വളർത്താനായി പുതിയ കുളങ്ങൾ പണിതതു മാത്രമാണ് ആദ്യഘട്ടത്തിനു ശേഷമുണ്ടായ വികസനം. സുരക്ഷാ ജീവനക്കാരില്ലാത്ത ഹാച്ചറിയിൽ താൽക്കാലികമായി നിയമിച്ച 2 വനിതാ ജീവനക്കാർ ഉൾപ്പെടെ 6 പേരാണു ജോലിയിൽ ഉള്ളത്. മത്സ്യഫെഡിന്റെ ഹാച്ചറി മാനേജർ വല്ലപ്പോഴും എത്തി മടങ്ങും. പലപ്പോഴും ഒറ്റയാൾ ചുമതലയിലായി മാറിയ ഹാച്ചറിയിൽ കഴിഞ്ഞദിവസം ജീവനക്കാരിക്കു പാമ്പിന്റെ കടിയേറ്റിരുന്നു. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രാദേശികമായി ജോലി സംവരണം ചെയ്യുമെന്നായിരുന്നു ഉറപ്പെങ്കിലും പിന്നീട് ഭരണപക്ഷവുമായി അടുപ്പമുള്ളവർക്കു താൽക്കാലിക ജോലി നൽകുന്നതിൽ നടപടി ഒതുങ്ങി. ഇതിൽ പ്രതിഷേധിച്ചു നാളേറെയായി പരിസരവാസികളുടെ പൗര കർമസമിതി സമര രംഗത്തുണ്ടെങ്കിലും പ്രശ്നം പരിഹരിക്കാതെ ഒത്തുതീർപ്പു നടത്തി കയ്യൊഴിയുകയാണ് അധികൃതർ.