യുവാവിന്റെ ആത്മഹത്യ: ബ്ലേഡ് മാഫിയയുടെ പങ്ക് അന്വേഷിക്കണമെന്ന് കുടുംബം
Mail This Article
കൊല്ലം ∙ കടപ്പാക്കട സ്വദേശിയായ യുവാവ് തൂങ്ങിമരിച്ച സംഭവത്തിൽ ബ്ലേഡ് മാഫിയയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിന്റെ കുടുംബം. കൊല്ലം കടപ്പാക്കട നവജ്യോതി നഗർ–91 ൽ കന്നിമേൽ വീട്ടിൽ മോഹൻദാസ്–ഉഷാകുമാരി ദമ്പതികളുടെ മകൻ ശ്യാമപ്രസാദിനെ(25) ആണ് കഴിഞ്ഞ 14ന് ജോലി ചെയ്തിരുന്ന മൂവാറ്റുപുഴയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി.
ശ്യാമപ്രസാദ് മുൻപ് 5 വർഷത്തോളം മുണ്ടയ്ക്കലിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. അന്നു കൂടെ ചെയ്തിരുന്ന സുഹൃത്ത് ശ്യാമപ്രസാദിന് പലിശയ്ക്ക് പണം നൽകുകയും അമിതമായ പലിശ ആവശ്യപ്പെടുകയും ചെയ്തു. തുടർന്നു സുഹൃത്തും സുഹൃത്തിന്റെ പ്രതിശുത വധുവും 2 കൂട്ടാളികളും വിഷയത്തിൽ ശ്യാമപ്രസാദിനെ ഭീഷണിപ്പെടുത്തുക പതിവായിരുന്നു. തുടർന്നു ഒട്ടേറെ തവണ ശ്യാമപ്രസാദും കുടുംബവും പണം തിരികെ നൽകി. വാങ്ങിയതിന്റെ മുന്നിരട്ടിയോളം പണം തിരികെ നൽകിയെങ്കിലും വീണ്ടും പണം ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ തുടർന്നും ഭീഷണി തുടർന്ന പ്രതികൾ കഴിഞ്ഞ ഫെബ്രുവരി 29ന് ജോലി ചെയ്തിരുന്ന മൂവാറ്റുപുഴയിൽ നിന്നു ശ്യാമപ്രസാദിനെ ഭീഷണിപ്പെടുത്തി കാറിൽ കടത്തിക്കൊണ്ടു പോവുകയും പുത്തൻനടയിലെ മുത്തശ്ശിയുടെ വീട്ടിൽ മുത്തശ്ശിയുടെയും അമ്മയുടെയും മുന്നിൽ വച്ചു ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തു. തുടർന്നു വീണ്ടും കാറിൽ കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും മൊബൈൽ ഫോൺ കൈവശപ്പെടുത്തി വീട്ടിൽ ഉപേക്ഷിക്കുകയുമായിരുന്നു.
14ന് രാവിലെ വീട്ടിലെത്തുമെന്ന് ശ്യാമപ്രസാദ് അമ്മയെ വിളിച്ചു പറഞ്ഞിരുന്നു. എന്നാൽ പിന്നീട് വിവരം ലഭിക്കാതായതോടെ 15ന് ശ്യാമപ്രസാദിന്റെ അമ്മ മൂവാറ്റുപുഴയിലെ താമസ സ്ഥലത്തെത്തുകയും മകനെ മരിച്ച നിലയിൽ കാണുകയുമായിരുന്നു. പ്രതികളുടെ സംഘം കൊലപ്പെടുത്തുമെന്ന ഭയം മൂലമാണ് ശ്യാമപ്രസാദ് ആത്മഹത്യ ചെയ്തതെന്നും പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്നും പിതാവ് മോഹൻദാസ് പറഞ്ഞു.