ADVERTISEMENT

കൊല്ലം∙ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ചൂട് രേഖപ്പെടുത്തുന്ന നാളുകളിൽ ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊള്ളുന്നു. സിറ്റിങ് എംപി ആർഎസ്പിയിലെ എൻ.കെ പ്രേമചന്ദ്രനു വേണ്ടി യുഡിഎഫും എം. മുകേഷ് എംഎൽഎയ്ക്കു വേണ്ടി എൽഡിഎഫും ജി. കൃഷ്ണകുമാറിനു വേണ്ടി എൻഡിഎയും പൂർണതോതിൽ രംഗത്തിറങ്ങിയതോടെ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലായി.

നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനു മുൻപ് വോട്ടർമാരുടെ അനുഗ്രഹം തേടാൻ എൻ.കെ പ്രേമചന്ദ്രൻ ആരംഭിച്ച റോഡ് ഷോയിൽ അനേകായിരങ്ങൾ തടിച്ചുകൂടി. അച്ചൻകോവിലിൽ തിങ്കളാഴ്ച ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് റോഡ് ഷോ ഉദ്ഘാടനം ചെയ്തു. ഇന്നലെ രാവിലെ പുനലൂർ ടി.ബി. ജംക്‌ഷനിൽ നിന്നാരംഭിച്ച റോഡ് ഷോ എം.എം. നസീർ ഉദ്ഘാടനം ചെയ്തു. കുളത്തൂപ്പുഴ സലീം അധ്യക്ഷത വഹിച്ചു. റോഡ് ഷോ ഇന്ന് 8ന് കുണ്ടറയിൽ നിന്നാരംഭിച്ച് കൊല്ലം, ഇരവിപുരം വഴി ചവറയിൽ സമാപിക്കും. നാളെ പത്രിക സമർപ്പിക്കും.

എൽഡിഎഫ് സ്ഥാനാർഥി എം.മുകേഷ് എംഎൽഎ പ്രചാരണത്തിനിടെ.
എൽഡിഎഫ് സ്ഥാനാർഥി എം.മുകേഷ് എംഎൽഎ പ്രചാരണത്തിനിടെ.

എൽഡിഎഫ് സ്ഥാനാർഥി എം. മുകേഷ് എംഎൽഎയുടെ പര്യടനം ഇന്നലെ ചാത്തന്നൂർ നിയമസഭാ മണ്ഡലത്തിലെ പ്രദേശങ്ങളിലായിരുന്നു. തുറന്ന ജീപ്പിൽ സ്ഥലം എംഎൽഎ ജി.എസ്.ജയലാലിനൊപ്പമായിരുന്നു പ്രചാരണം. രാവിലെ എട്ടരയോടെ ചാത്തന്നൂർ മരക്കുളത്ത് നിന്നായിരുന്നു തുടക്കം. 10 മിനിറ്റ് ഇടവിട്ട് ഓരോ കേന്ദ്രങ്ങളിലും സ്വീകരണം ഒരുക്കിയിരുന്നു. ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാൻ എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നാണ് മുകേഷിന്റെ അഭ്യർഥന.

എൻഡിഎ സ്ഥാനാർഥി ജി. കൃഷ്ണകുമാർ പ്രചാരണത്തിൽ.
എൻഡിഎ സ്ഥാനാർഥി ജി. കൃഷ്ണകുമാർ പ്രചാരണത്തിൽ.

എൻഡിഎ സ്ഥാനാർഥി ജി. കൃഷ്ണകുമാർ ഇന്നലെ ഇരവിപുരം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. ശങ്കേഴ്സ് ഹോസ്പറ്റലിലെ ആർ ശങ്കർ സ്മൃതികുടീരം, അയ്യങ്കാളി പ്രതിമ എന്നിവിടങ്ങളിൽ പുഷ്പാർച്ചന നടത്തി. ഫാത്തിമ ചർച്ച്, പാരിഷ് ഹാൾ, പാട്ടത്തിൽ കാവ് ദേവി ക്ഷേത്രം, കാഞ്ഞങ്ങാട് കാഷ്യു ഫാക്ടറി, ധന്യാ പാക്കിങ് സെന്റർ, കൂനമ്പായിക്കുളം ദേവി ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിച്ചു. മണ്ഡലം പ്രസിഡന്റ് ഹരീഷ് തെക്കടം, ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത്. യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം എന്നിവർ ഒപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com