ADVERTISEMENT

വിളക്കുടി ∙ 2 വലിയ ശുദ്ധജല പദ്ധതികളുടെ ടാങ്ക് സ്ഥിതി ചെയ്യുന്നയിടത്തു നിന്നു കയ്യെത്തും ദൂരം, ജലനിധി പദ്ധതിയിൽ എല്ലാ വീട്ടിലും പൈപ്പ് കണക്ഷൻ... പക്ഷേ, വെള്ളം മാത്രമില്ല. പുനലൂർ നഗരസഭ – വിളക്കുടി പഞ്ചായത്തുകളുടെ അതിർത്തി ഗ്രാമമായ കടുവാക്കുഴിയിലാണ് ശുദ്ധജലം ലഭിക്കാത്തത്. 3 പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ളം എത്തിക്കുന്ന മഞ്ഞമൺകാല പദ്ധതി, പുനലൂർ നഗരസഭയുടെ പദ്ധതി എന്നിവയാണ് അടുത്തടുത്തായി സ്ഥിതി ചെയ്യുന്നത്. എന്നിട്ടും ഈ ഭാഗത്തേക്കു വെള്ളമെത്തിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. 

സാധാരണക്കാർ തിങ്ങി താമസിക്കുന്ന ഇവിടെ നിന്നു ജനപ്രതിനിധികളോടു പരാതി പറഞ്ഞു മടുക്കുന്നതല്ലാതെ നടപടിയില്ലെന്നും ആക്ഷേപമുണ്ട്. 2014ൽ തറക്കല്ലിട്ട്, 3 വർഷം മുൻപ് കമ്മിഷൻ ചെയ്ത മഞ്ഞമൺകാല പദ്ധതിയിൽ നിന്ന് ഉദ്ഘാടന സമയത്ത് വെള്ളം എത്തിച്ചവർക്കു മാത്രമാണ് ഇപ്പോഴും ലഭിക്കുന്നത്. പൈപ്പിട്ട സ്ഥലങ്ങളിൽ പോലും വെള്ളം ലഭിക്കാത്തതിന്റെ കാരണം അധികൃതർ വ്യക്തമാക്കുന്നില്ല. 

കടുത്ത ചൂടിൽ ബുദ്ധിമുട്ടുന്ന മലയോര മേഖലയിൽ പദ്ധതികൾക്കു കുറവില്ലെങ്കിലും ശുദ്ധജലം മാത്രം ഇല്ല. വിദൂര സ്ഥലങ്ങളിലെത്തി ജലാശയങ്ങളെയോ കുളങ്ങളെയോ ആശ്രയിക്കേണ്ട അവസ്ഥയാണു നാട്ടുകാർക്ക്. ആഴ്ചയിൽ 2 ദിവസം ടാങ്കറിൽ വെള്ളം എത്തിച്ചാൽ എന്ത് ചെയ്യാൻ കഴിയുമെന്നു നാട്ടുകാർ ചോദിക്കുന്നു. ചില ആഴ്ചകളിൽ ഇതും ലഭിക്കില്ല.  

‘കൃഷി തകരുന്നു’
പത്തനാപുരം ∙ കടുത്ത വേനലിൽ ജലാശയങ്ങളും കുളങ്ങളും വറ്റി വരളുന്നത് മേഖലയിലെ കൃഷി തകർച്ചയ്ക്കു കാരണമാകുന്നുവെന്നും ഇതിനെതിരെ നടപടി വേണമെന്നും കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ഐ.അബ്ദുൽ അസീസ്. വനത്തിൽ വെള്ളമില്ലാതെ വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നതു മൂലം കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാകുന്നതായും ഇതിനു നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com