ADVERTISEMENT

പുനലൂർ ∙ ജില്ലയുടെ റെയിൽവേ ഭൂപടം കൂടുതൽ സമ്പന്നം ആക്കി പുനലൂർ റെയിൽവേ സ്റ്റേഷനിലും അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. സ്റ്റേഷന്റെ മുഖഛായ തന്നെ മാറ്റുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണു നടക്കുന്നത്. ഇതിന്റെ ഭാഗമായി ദേശീയപാതയിൽ ചൗക്ക റോഡിൽ നിന്നു പുനലൂർ റെയിൽവേ സ്റ്റേഷൻ റോഡ് ആരംഭിക്കുന്ന ഭാഗത്ത് പ്രവേശന കവാടം നിർമാണം ആരംഭിച്ചു.

റെയിൽവേ സ്റ്റേഷൻ കെട്ടിടം പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി മുൻഭാഗത്തു പില്ലറുകൾ സ്ഥാപിക്കുന്നതിന് ആവശ്യമായ കുഴികളും എടുത്തു തുടങ്ങി. പുതിയ പാർക്കിങ് ഏരിയ വികസിപ്പിക്കുന്നതിന്റെ ഭാഗമായി മണ്ണു നിരപ്പാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇതു കൂടാതെ ഒരു വെയ്റ്റിങ് ഹാൾ, 2 ലിഫ്റ്റുകൾ, ഒന്നാം പ്ലാറ്റ്ഫോമിൽ ഒരു പ്ലാറ്റ്ഫോം ഷെൽറ്റർ, റെയിൽവേ സ്റ്റേഷൻ റോഡ് വികസനം എന്നിവയാണ് അമൃത് ഭാരത് പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത് 

പുനലൂർ റെയിൽവേ സ്റ്റേഷനിൽ എംപിയും റെയിൽവേ ഉന്നത ഉദ്യോഗസ്ഥരും തമ്മിൽ ഒക്ടോബറിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഒക്ടോബർ 21നു മധുര റെയിൽവേ ഡിവിഷനൽ മാനേജർ ശരത്ത് ശ്രീവാസ്തവ അടക്കമുള്ള ഉദ്യോഗസ്ഥർ പുനലൂർ റെയിൽവേ സ്റ്റേഷനും പരിസരങ്ങളും സന്ദർശിച്ചിരുന്നു. തുടർന്നാണു വിപുലമായ പ്രവേശന കവാടം എന്ന ആശയം ഉയർന്നു വന്നത്.

അമൃത് ഭാരത് പദ്ധതിയുടെ 2ാം ഘട്ടമായി പുനലൂർ റെയിൽവേ സ്റ്റേഷനിൽ ഒരു രണ്ടാം ടെർമിനൽ വരികയും രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ മേൽക്കൂരകൾ നിർമിക്കുകയും ചെയ്യും. പുനലൂർ സ്റ്റേഷനുമായി ബന്ധപ്പെട്ട് 3 ടെൻഡറുകൾ ആണ് ഇതുവരെ വിളിച്ചിരിക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്കു ട്രെയിൻ സമയ വിവരങ്ങളും അതുപോലെ കോച്ചിന്റെ സ്ഥാനവും മനസ്സിലാക്കുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തുന്നതാണ് ഒന്നാമത്തേത്. അതുമായി ബന്ധപ്പെട്ട പ്രവൃത്തികൾ പൂർത്തീകരിക്കുകയും എൽഇഡി ഡിസ്പ്ലേ ബോർഡുകളും കോച്ച് പൊസിഷൻ ഇൻഡിക്കേറ്ററുകളും ടെലിവിഷൻ മോണിറ്ററുകളും റെയിൽവേ സ്റ്റേഷനിൽ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴുള്ള ഫുട്ട് ഓവർ ബ്രിജിനോടു ചേർന്ന് ലിഫ്റ്റുകളും സ്ഥാപിക്കും. 

‘ശബരിമലയുടെ പ്രവേശന കവാടമായി വികസിപ്പിക്കണം’
ശബരിമലയുടെ പ്രവേശന കവാടം എന്ന രീതിയിൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി കഴിഞ്ഞ മാസം മധുരയിൽ നടന്ന ജനപ്രതിനിധികളുടെ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ മധുര ഡിവിഷന്റെ കീഴിൽ വരുന്ന ഏറ്റവും കൂടുതൽ വരുമാനം ഉള്ള റെയിൽവേ സ്റ്റേഷനുകളിലൊന്നാണ് പുനലൂർ. ശബരിമലയുമായി ബന്ധപ്പെട്ട് വളരെയധികം പ്രാധാന്യം ഈ റെയിൽവേ സ്റ്റേഷനു നൽകേണ്ടതായി ഉണ്ട്.

എല്ലാ ശബരിമല സീസണിലും 100 കണക്കിന് അയ്യപ്പഭക്തരാണ് പുനലൂർ റെയിൽവേ സ്റ്റേഷനിൽ വിവിധ ട്രെയിനുകളിലായി എത്തിച്ചേരുന്നത്. ഈ ഭക്തർക്കായി കെഎസ്ആർടിസി പുനലൂരിൽ നിന്നു പമ്പ, എരുമേലി സ്പെഷൽ ബസ് സർവീസുകളും നടത്താറുണ്ട്. പുനലൂർ മുതൽ ചെങ്കോട്ട വരെയുള്ള ഭാഗത്തു ട്രെയിൻ കോച്ചുകളുടെ എണ്ണം 14 മാത്രമായിരുന്നു. കഴിഞ്ഞ ജനുവരിയിൽ  പരീക്ഷണ ഓട്ടം നടത്തുകയും കോച്ചുകളുടെ എണ്ണം 24 അല്ലെങ്കിൽ 22 ആയി വർധിപ്പിക്കാം എന്നു റിപ്പോർട്ട് റെയിൽവേ ബോർഡിന് സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ആഴ്ച മുതൽ എറണാകുളം – കൊല്ലം – പുനലൂർ – വേളാങ്കണ്ണി എക്സ്പ്രസിൽ 18 കോച്ചുകൾ ഘടിപ്പിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com