ADVERTISEMENT

പൂതക്കുളം ∙ ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ പരവൂർ, പൂതക്കുളം, ചിറക്കര, ആദിച്ചനല്ലൂർ, ചാത്തന്നൂർ മേഖലകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ അടിസ്ഥാന വികസനത്തിനു കഴിഞ്ഞ സംസ്ഥാന ബജറ്റിൽ 10 കോടി രൂപയാണു വകയിരുത്തിയിരിക്കുന്നത്. ടൂറിസം വികസനത്തിനായി കോടികൾ അനുവദിക്കുമ്പോഴും പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി നിർമിച്ച ടൂറിസം കേന്ദ്രങ്ങൾ പരിപാലനവും മേൽനോട്ടവും ഇല്ലാതെ നാശത്തിന്റെ വക്കിലാണ്. പൂതക്കുളം ചിറയുടെ കരയിലെ കളിപൊയ്ക ടേക്ക് എ ബ്രേക്ക് കേന്ദ്രവും പാർക്കും, ചമ്പാൻചാൽ ജൈവൈവിധ്യ ഉദ്യാനം എന്നിവയാണു പരിപാലനവും ആസൂത്രണവും ഇല്ലാതെ നാശത്തിന്റെ വക്കിൽ എത്തിയിരിക്കുന്നത്. 

ടേക്ക് എ ബ്രേക്ക് കേന്ദ്രം
2019 ജൂലൈയിലാണ് പൂതക്കുളം ചിറയുടെ സമീപം കളിപൊയ്കയിൽ കുട്ടികളുടെ പാർക്ക് ഉദ്ഘാടനം ചെയ്തു പ്രവർത്തനം ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ 11.69 ലക്ഷവും 2020 - 21 സാമ്പത്തിക വർഷത്തിൽ 4.9 ലക്ഷം രൂപയും കുട്ടികളുടെ പാർക്കിന്റെ നടത്തിപ്പിനും നിർമാണത്തിനുമായി പഞ്ചായത്ത് ചെലവഴിച്ചു. കളി ഉപകരണങ്ങൾ, വിശ്രമത്തിനുള്ള ഇരുമ്പ് ബെഞ്ചുകൾ എന്നിവ വ്യക്തികളും സംഘടനകളും സംഭാവന നൽകിയതാണ്. 2021 - 22 വർഷത്തിൽ ടേക്ക് എ ബ്രേക്ക് പദ്ധതിയിലുൾപ്പെടുത്തി 8.19 ലക്ഷം രൂപ കോർപറേഷൻ ഫണ്ട് ഉപയോഗിച്ചു പ്രദേശത്ത് 2 ശുചിമുറികളുടെ നിർമാണം പൂർത്തിയാക്കി.

എന്നാൽ ശുചിമുറികൾക്കു വാട്ടർ കണക‍്ഷനും ജല സംഭരണിയും സ്ഥാപിച്ചിട്ടില്ലെന്നു 2021 - 2022 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തി. കൂടാതെ പരിമിതമായ സ്ഥലത്തു കെട്ടിടങ്ങൾ നിർമിച്ചപ്പോൾ 15 ലക്ഷത്തോളം രൂപ ചെലവഴിച്ചു നിർമിച്ച കുട്ടികളുടെ പാർക്കിന്റെ പ്രവർത്തനവും തടസ്സപ്പെട്ടു. ദീർഘദൂര യാത്രക്കാർ കടന്നുപോകാത്ത വഴിയിൽ ടേക്ക് എ ബ്രേക്ക് ശുചിമുറി സംവിധാനം ഒരുക്കിയതിലെ ആസൂത്രണമില്ലായ്മയും ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.പ്രദേശത്തു ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ചെലവിൽ നിർമിക്കുന്ന ടൂറിസം ഫെസിലിറ്റേഷൻ സെന്റർ, ഗ്രീൻ റൂം, സ്റ്റേജ് എന്നിവയുടെ നിർമാണം പാതിവഴിയിൽ നിലച്ച അവസ്ഥയിലാണ്. നിലവിൽ ഒരു കഫെറ്റീരിയ മാത്രമാണു പ്രദേശത്ത് പ്രവർത്തിക്കുന്നത്. 

ജൈവ വൈവിധ്യ ഉദ്യാനം
പൂതക്കുളം പഞ്ചായത്ത് സംസ്ഥാന ജൈവ വൈവിധ്യ ബോർഡുമായി ചേർന്നു പഴശ്ശി ഇക്കോ ടൂറിസം ആൻഡ് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിയുടെ സഹായത്തോടെ 4 വർഷങ്ങൾക്കു മുൻപാണ് ഇടവ-നടയറ കായൽ തീരത്ത് ജൈവ വൈവിധ്യ പാർക്ക് സ്ഥാപിച്ചത്. ഔഷധ ചെടികളും വിവിധയിനം മരങ്ങളും 2 ലക്ഷത്തോളം രൂപ ചെലവാക്കി ജൈവ വൈവിധ്യ ബോർഡ് പ്രദേശത്തു നട്ടുവളർത്തി. ഉദ്യാനത്തിന്റെ പരിപാലനം പഞ്ചായത്തിനെ ഏൽപ്പിച്ചു. പാർക്കിന് ഉള്ളിൽ വിശ്രമത്തിനായി ഇരുമ്പ് ബെഞ്ചുകളും സ്ഥാപിച്ചു. എന്നാൽ, ഇപ്പോൾ പ്രദേശമാകെ കാടുമൂടിയ അവസ്ഥയിലാണ്. ‘അണലി പാർക്ക്’ എന്നാണ് നാട്ടുകാർ ഉദ്യാനത്തെ ഇപ്പോൾ വിളിക്കുന്നത്. ഇതിനുള്ളിലേക്കു കയറാൻ പോലും സാധിക്കാത്ത രീതിയിൽ കാടുമൂടിയ അവസ്ഥയാണ്. വിഷപ്പാമ്പ് ശല്യം രൂക്ഷമാണ് ഇവിടെ. രാത്രികാലങ്ങളിൽ കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന സംഘങ്ങളും ജൈവ വൈവിധ്യ ഉദ്യാനത്തിൽ തമ്പടിക്കുന്നുണ്ട് എന്നു നാട്ടുകാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com