ADVERTISEMENT

കൊല്ലം ∙ വോട്ടിങ് യന്ത്രത്തിലെ ബാലറ്റിൽ യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രന്റെ പേരും ചിഹ്നവും വ്യക്തമല്ലെന്നു പരാതി. വോട്ടിങ് യന്ത്രങ്ങളുടെ കമ്മിഷനിങ് യുഡിഎഫ് ബഹിഷ്കരിച്ചതോടെ 21 വരെ നിർത്തിവച്ചു. തുടർന്ന് രാത്രിയോടെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം ഗവ. പ്രസ് അധികൃതരുമായി നടത്തിയ ചർച്ചയിൽ പ്രേമചന്ദ്രന്റെ ചിഹ്നം വ്യക്തമാകത്തക്കവിധം പുതിയ ബാലറ്റുകൾ അച്ചടിക്കാൻ തീരുമാനിച്ചു. യുഡിഎഫ് പ്രതിഷേധത്തെത്തുടർന്ന് കലക്ടർ എൻ. ദേവിദാസ് ഉച്ചയ്ക്ക് സർവകക്ഷിയോഗം വിളിച്ചിരുന്നു. യോഗത്തിന്റെ തീരുമാനപ്രകാരമാണ് കമ്മിഷനിങ് നീട്ടിയത്.

ബാലറ്റ് അച്ചടിച്ച തിരുവനന്തപുരം ഗവ. പ്രസിൽ പോയി അവ്യക്തത പരിശോധിച്ചു പരിഹരിക്കുന്നതിന് ബാലറ്റ് അച്ചടിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനെയും യുഡിഎഫ് പ്രതിനിധി അഡ്വ. റാം മോഹനെയും ചുമതലപ്പെടുത്തിയിരുന്നു. കൊല്ലം സെന്റ് അലോഷ്യസ് സ്കൂളിൽ  കമ്മിഷനിങ് ആരംഭിച്ചപ്പോൾ തന്നെ തർക്കം ഉണ്ടായി.

പിന്നാലെ കുണ്ടറ, പുനലൂർ മണ്ഡലങ്ങളിലും പരാതി ഉയർന്നു. ഇതോടെ തർക്കം രൂക്ഷമാവുകയും യുഡിഎഫ് കമ്മിഷനിങ് ബഹിഷ്ക്കരിക്കുകയും ചെയ്തു. ഇതിനിടെ  തിരഞ്ഞെടുപ്പു നിരീക്ഷകൻ  കമ്മിഷനിങ് കേന്ദ്രത്തിലെത്തി വോട്ടിങ് യന്ത്രം പരിശോധിച്ചു. യുഡിഎഫ് നേതാക്കൾ ചേംബറിലെത്തി കലക്ടറോട് പരാതി പറഞ്ഞെങ്കിലും അച്ചടിച്ച ബാലറ്റ് മാറ്റാനാകില്ലെന്ന എന്നാണ് മറുപടി ലഭിച്ചതെന്നു നേതാക്കൾ പറഞ്ഞു. 

കമ്മിഷനിങ്  നിർത്തി വയ്ക്കാതെ ചേംബറിൽ നിന്ന് ഇറങ്ങില്ലെന്നായി നേതാക്കളായ എ.എ.അസീസ്, എം.എം.നസീർ, കെ.എസ്.വേണുഗോപാൽ, റാം മോഹൻ, പി.ആർ. പ്രതാപചന്ദ്രൻ, ഡി.ഗീതാകൃഷ്ണൻ എന്നിവർ. ഇതോടെ ഇലക്‌ഷൻ കമ്മിഷനുമായി ബന്ധപ്പെടുകയും ഉച്ചകഴിഞ്ഞ് സർവകക്ഷി യോഗം ചേരുകയുമായിരുന്നു.

പുനലൂർ ഗവ. എച്ച്എസ്എസിൽ 196 ബൂത്തുകളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. 3 ബൂത്തുകളിലെ യന്ത്രം പരിശോധിച്ചപ്പോൾ തന്നെ പ്രേമചന്ദ്രന്റെ പേരിന്റെയും ചിഹ്നത്തിന്റെയും വലിപ്പക്കുറവ് യുഡിഎഫ് പ്രതിനിധികൾ ശ്രദ്ധയിൽപെടുത്തി. പരാതി ഉയർന്നതിനെതുടർന്നായിരുന്നു പുതിയ ബാലറ്റ് അച്ചടിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. 

വീട്ടിൽ വോട്ട്: ബാലറ്റ് പേപ്പറിലും തെളിച്ചമില്ല
85 വയസ്സ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും വോട്ടു ചെയ്യാനുള്ള ബാലറ്റിൽ പ്രേമചന്ദ്രന്റെ ചിഹ്നം തെളിച്ചമില്ലാതെ അച്ചടിച്ചുവെന്നു കാണിച്ച് ചീഫ് ഇലക്‌ഷൻ ഏജന്റ് എ.എ അസീസ് പരാതി നൽകി. ന്യൂനതയുള്ള ബാലറ്റ് ഉപയോഗിച്ചുള്ള വോട്ടിങ് ഉടൻ നിർത്തിവയ്ക്കണമെന്നായിരുന്നു ആവശ്യം. 

വോട്ടിങ് യന്ത്രങ്ങളുടെ കമ്മിഷനിങ് 21ന് 
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളുടെ കമ്മിഷനിങ് 21 ന് നടത്തുമെന്ന് വരണാധികാരിയായ കലക്ടർ എൻ.ദേവിദാസ്. സാങ്കേതിക പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം തുടങ്ങിയ പ്രവർത്തനം 21 ന് നടത്താൻ തീരുമാനിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com