ADVERTISEMENT

കൊട്ടാരക്കര ∙ പട്ടികജാതിക്കാരനായ പള്ളിമൺ പുലിയില ചരുവിള വീട്ടിൽ ആകാശിനെ (അക്കു -20) വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ 2 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും 50000 രൂപ വീതം പിഴയും ശിക്ഷ വിധിച്ച് കൊട്ടാരക്കര പട്ടികജാതി വർഗ (അതിക്രമം തടയൽ) പ്രത്യേക കോടതി ഉത്തരവ്. അഞ്ചൽ വടമൺ തോയിത്തല പ്രകാശ് വിലാസത്തിൽ അനീഷ്കുമാർ (28), തൃക്കോവിൽവട്ടം ചേരിക്കോണം കൃഷ്ണകൃപയിൽ പ്രവീൺ (29) എന്നിവരെയാണു ശിക്ഷിച്ചത്.

പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. 3–ാം പ്രതി പള്ളിമൺ മജിസ്ട്രേട്ട് മുക്ക് വിചിത്രാലയത്തിൽ വിജിത്ത് രാജിനെ (32) വെറുതെ വിട്ടു. 4–ാം പ്രതി വാളക്കോട് പ്ലാച്ചേരി ഗീതുനിവാസിൽ സതീഷ് ബാബു (59) വിചാരണയ്ക്കിടെ മരിച്ചു. കൊട്ടാരക്കര പട്ടികജാതി വർഗ (അതിക്രമം തടയൽ) പ്രത്യേക കോടതി സ്പെഷ്യൽ ജഡ്ജി ആർ. ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്.

2018 ജനുവരി 2 ന് വൈകിട്ട് 6 ന് പള്ളിമൺ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തായിരുന്നു സംഭവം. സ്വകാര്യ ഗ്യാസ് വിതരണ ഏജൻസിയിലെ  ജീവനക്കാരായിരുന്നു ആദ്യ മൂന്ന് പ്രതികൾ. നാലാം പ്രതി ഏജൻസി ഉടമയായിരുന്നു. സംഭവത്തിന് മുൻപ് ആകാശും പ്രതികളും തമ്മിൽ ഗ്യാസ് ഏജൻസിക്ക് മുന്നിൽ വച്ച് വാക്കേറ്റവും സംഘർഷവും നടന്നിരുന്നു. ഏജൻസി ഓഫീസിലെ ഗ്ലാസുകളും വാഹനത്തിൻ്റെ ചില്ലുകളും തകർത്ത ശേഷം കാൽനടയായി മടങ്ങി പോയ ആകാശിനെ പിക്കപ്പ് വാനിൽ പിന്നാലെയെത്തി ഇടിച്ചു വീഴ്ത്തിയതായാണ് പ്രോസിക്യൂഷൻ കേസ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ജി.എസ്.സന്തോഷ് കുമാർ ഹാജരായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com