ADVERTISEMENT

കൊല്ലം∙ ‘വോട്ടു വെള്ളത്തിലാകരുത്, വള്ളം വിടാം’ – മാവേലിക്കര മണ്ഡലത്തിലെ സ്ഥാനാർഥികൾ മൺറോതുരുത്ത് പഞ്ചായത്തിലെ കിടപ്രം മേഖലയിലെ വോട്ടർമാരോടു പറഞ്ഞിട്ടുണ്ടാകും. അതുകൊണ്ടാണ് വള്ളം പിടിച്ചും വോട്ടു ചെയ്യാൻ അവർ എത്തിയത്. പക്ഷേ, വോട്ടു ചെയ്താൽ എന്താണ് പ്രയോജനം എന്നാണു അവരുടെ ചോദ്യം. വോട്ടു ചെയ്യുന്ന പെരുങ്ങാലം ഹയർ സെക്കൻഡറി സ്കൂളിലേക്ക് പോകാനുണ്ടായിരുന്ന ഏക നടപ്പാലം തകർന്നിട്ട് 32 വർഷം. 1992ലെ പ്രളയത്തിലാണ് നാട്ടുകാരും പഞ്ചായത്ത് അധികൃതരും സഹകരിച്ചു നിർമിച്ച നടപ്പാലം തകർന്നത്.

ഇതിനിടയിൽ ഏഴ് ലോക്സഭാ തിരഞ്ഞെടുപ്പുകളും 6 നിയമസഭാ തിരഞ്ഞെടുപ്പുകളും 6 പഞ്ചായത്ത് തിരഞ്ഞെടുപ്പുകളും നടന്നു. നടപ്പാലം എന്ന സ്വപ്നം ഇന്നും വെള്ളത്തിൽ തന്നെ. അവിടെ ഇപ്പോഴുള്ള സർക്കാർ കടത്തു മാത്രമാണ് ഏക മാർഗം. പെരിങ്ങാലം ഗവ. എച്ച്എസ്എസിലെ സ്കൂളിലെ കുട്ടികൾ എത്തുന്നതും ഇതേ കടത്തു കടന്നാണ്. വോട്ടെടുപ്പ് ദിവസം പാർട്ടിക്കാർ ചെറിയ ബോട്ടുകൾ ഒരുക്കും. കിടപ്രം മേഖലയിലെ വോട്ടർമാർ അതിൽ കയറി കൊന്നയിൽ കടവിലിറങ്ങി ഇടവഴിയിലൂടെ കുന്നു കയറി സ്കൂളിലെത്തി വോട്ടു ചെയ്യും.

കിടപ്രത്തെ അങ്കണവാടിയിൽ ബൂത്ത് ഒരുക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ആവശ്യം വൈകിയെന്നായിരുന്നു മറുപടി.എൺപത്തിയഞ്ചു വയസ്സുള്ള സുലോചന മരുമകളുടെയും കൊച്ചുമക്കളുടെയും കൈപിടിച്ചാണ് ബോട്ടിറങ്ങി, കുന്നുകയറി ബൂത്തിലെത്തി വോട്ടു ചെയ്തത്. ‘ആരോഗ്യമില്ലെങ്കിലും എല്ലാത്തവണയും വോട്ടു ചെയ്യും. എങ്കിലും ഞങ്ങളുടെ ചെറിയ ആവശ്യം ഒരു സർക്കാരും കണക്കിലെടുക്കുന്നില്ല’ – സുലോചന പറഞ്ഞു. ഇത് രോദനമല്ല, ഇന്നാടിന്റെ വലിയ സ്വപ്നമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com