സെർവർ പണിമുടക്കി; ഡ്രൈവിങ് ലേണേഴ്സ് പരീക്ഷ നടന്നില്ല
Mail This Article
കൊല്ലം∙സെർവർ തകരാർ മൂലം മോട്ടർ വാഹന വകുപ്പിന്റെ സൈറ്റ് തുറക്കാനാകാത്തത് ഇന്നലെ ലേണേഴ്സ് പരീക്ഷ എഴുതാൻ എത്തിയവരെ വലച്ചു. മോട്ടർ വാഹനവകുപ്പിന്റെ കലക്ടറേറ്റിലെ പ്രധാന ഒാഫിസിന് മുന്നിൽ ഇന്നലെ രാവിലെ 6 മുതൽ ലേണേഴ്സ് പരീക്ഷ എഴുതാൻ വന്നവരുടെ നീണ്ട നിര ദൃശ്യമായിരുന്നു.
7 മണിക്കാണ് പരീക്ഷ സമയം ക്രമീകരിച്ചിരുന്നത്. എന്നാൽ 7.30 ആയിട്ടും ഒാഫിസിൽ ഉദ്യോഗസ്ഥർ എത്താതായതോടെ പരീക്ഷ എഴുതാൻ വന്നവർ ബഹളം വച്ചു. ശുചീകരണ തൊഴിലാളി(സ്വീപ്പർ) മാത്രമാണ് ഈ സമയം ഒാഫിസിൽ ഉണ്ടായിരുന്നത്.
ഒടുവിൽ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് സെർവർ തകരാറാണെന്നും പരീക്ഷ നടക്കാൻ സാധ്യത ഇല്ലെന്നും അറിഞ്ഞത്. തുടർന്ന് ഉദ്യോഗസ്ഥരും അപേക്ഷകരും തമ്മിൽ തർക്കം ഉണ്ടായി. എന്നാൽ 18 വരെ സെർവർ തകരാർ ആണെന്ന വിവരം മാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ടെന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥർ.
അതേസമയം ഇന്നലെ രാവിലെ 10 മുതൽ സെർവർ പ്രവർത്തിച്ചു തുടങ്ങുമെന്നുള്ള അറിയിപ്പ് 17ന് മോട്ടർ വാഹന വകുപ്പിന്റെ സാരഥി പോർട്ടൽ പരിവാഹനിലൂടെ നൽകിയിരുന്നു. ഇത് മനസ്സിലാക്കിയ ചില അപേക്ഷകർ 10 വരെ കാത്തിരുന്നു.
11.30 വരെ കാത്തിട്ടും സൈറ്റ് ഒാപ്പണായില്ല. തുടർന്ന് പരീക്ഷ എഴുതാൻ എത്തിയവർ നിരാശരായി മടങ്ങി. ഡ്രൈവിങ് സ്കൂളുകളാണ് പരീക്ഷ എഴുതാൻ അപേക്ഷകർക്ക് ഒാൺ ലൈൻ വഴി ടോക്കൺ എടുത്തു നൽകിയത്. ഇന്നലെ പരീക്ഷ എഴുതാൻ സാധിക്കാത്തവർ ഇനി പുതിയ ടോക്കൺ എടുക്കണമെന്ന് ആർടിഒ ജയേഷ്കുമാർ പറഞ്ഞു.