ADVERTISEMENT

കൊല്ലം ∙ റെക്കോർഡ് ഭൂരിപക്ഷത്തിന്റെ വൻ തിളക്കത്തിലാണ് എൻ.കെ പ്രേമചന്ദ്രൻ. സകല അടവുകളും പുറത്തെടുത്തിട്ടും സിപിഎമ്മിനു തളയ്ക്കാൻ കഴിയാതെ പോയ പ്രേമചന്ദ്രൻ ഒന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു വീണ്ടും ഡൽഹിയിലേക്ക്. അഞ്ചാം വിജയം കൊയ്ത പ്രേമചന്ദ്രൻ ഇന്നലെ ഡൽഹിക്ക് പുറപ്പെടും മുൻപ് ‘മനോരമ’ യോടു സംസാരിച്ചു. പ്രസക്ത ഭാഗങ്ങൾ.

മണ്ഡലത്തിലെ റെക്കോർഡ് ഭൂരിപക്ഷമാണ് താങ്കളുടേത്. ഇത്രയും ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നോ 
 1,17,000 മുതൽ 1,37,000 വരെ വോട്ടിന്റെ ഭൂരിപക്ഷം കിട്ടിയേക്കുമെന്നു പാർട്ടിയും മുന്നണിയും സ്വരൂപിച്ച കണക്കുകളിൽ ഉണ്ടായിരുന്നു. ഭരണ വിരുദ്ധ തരംഗം ആഞ്ഞടിച്ചാൽ ഭൂരിപക്ഷം അതിലും കൂടുമെന്നും പ്രതീക്ഷിച്ചു. അതുപോലെ സംഭവിച്ചു. മണ്ഡലത്തിലെ പ്രിയ വോട്ടർമാർക്ക് ഒരുപാട് നന്ദി. 

എംപി എന്ന നിലയിൽ കൊല്ലം മണ്ഡലത്തിൽ എന്തിനാകും പ്രഥമ പരിഗണന 
കൊല്ലം റെയിൽവേ സ്റ്റേഷൻ വിമാനത്താവളത്തിലേതുപോലുള്ള സൗകര്യങ്ങളോടെയാണ് 361.17 കോടി രൂപ ചെലവിട്ട് പുനർ നിർമിക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. പുനലൂർ റെയിൽവേ സ്റ്റേഷനും ആധുനീകരിക്കും. കൊല്ലം –ചെങ്കോട്ട പാതയിൽ കൂടുതൽ ട്രെയിൻ സർവീസ് ഉൾപ്പെടെ ആരംഭിച്ചു റെയിൽവേ മേഖലയിൽ വികസനം കൊണ്ടുവരാൻ സാധ്യമായതൊക്കെ ചെയ്യും. 

പാരിപ്പള്ളി– കടമ്പാട്ടുകോണം വഴിയുള്ള ഗ്രീൻഫീൽഡേ ഹൈവേ യാഥാർഥ്യമാക്കുകയാണ് മറ്റൊരു ലക്ഷ്യം. കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച നിർദേശങ്ങളിൽ സംസ്ഥാന സർക്കാർ ധാരണയിലെത്തുന്നത് വൈകുന്നതാണ് ഇപ്പോഴത്തെ പ്രശ്നം. മത്സ്യം, കശുവണ്ടി ഉൾപ്പെടെ പരമ്പരാഗത മേഖലയിലെ തൊഴിലാളി സമൂഹങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു പരിഹാരം തേടും. ചിന്നക്കടയിലെ എൻടിസി മിൽ, ഇടപ്പള്ളിക്കോട്ട എച്ച്പിസിഎൽ എന്നിവയുടെ സ്ഥലങ്ങൾ ഏതെങ്കിലും പദ്ധതിക്കായി ലഭ്യമാക്കാനും ശ്രമം നടത്തും. കരിമണൽ മേഖലയിൽ മൂല്യവർധിത വ്യവസായങ്ങൾ ആരംഭിക്കാനും ശ്രമം നടത്തും. 

തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ മറക്കാനാവാത്ത ഒരു അനുഭവം പറയാമോ
ഓർക്കുമ്പോൾ ഇപ്പോഴും നെഞ്ചു നീറുന്ന ഒരു അനുഭവമുണ്ട്. കേരളപുരത്ത് കടകളിൽ കയറി വോട്ടഭ്യർഥിക്കുന്നതിനിടെ ചായക്കടയിൽ പ്രായമായ ഒരു അമ്മയെ കണ്ടു. ചായ കടം വാങ്ങി കുടിക്കാൻ വന്നതാണ്. അമ്മയ്ക്ക് പെൻഷൻ മുടങ്ങിയിട്ടു മാസങ്ങളായി. വീട്ടിൽ ബുദ്ധിവൈകല്യമുള്ള കുട്ടിയുണ്ട്. അതിന്റെ അമ്മയായ മകളുമുണ്ട്. ഈ അമ്മയുടെ പെൻഷനാണ് മരുന്നിനും ഭക്ഷണത്തിനും ആശ്രയം. വീട്ടിലെ പ്രാരാബ്ധങ്ങൾ പറയുമ്പോൾ എന്നെ കെട്ടിപ്പിടിച്ച് ആ അമ്മ പൊട്ടിക്കരഞ്ഞു. ഓർക്കുമ്പോൾ ഇന്നും ഉറങ്ങാൻ കഴിയാറില്ല. 1600 രൂപ പെൻഷൻ തുക ആ കുടുംബത്തിന് എന്തുമാത്രം തുണയാണെന്നോ ? അങ്ങനെ എത്രയോ കുടുംബങ്ങൾ. പെൻഷൻ മുടങ്ങുമ്പോൾ ഇത്തരം കുടുംബങ്ങളിൽ ഉണ്ടാകുന്ന അരക്ഷിതാവസ്ഥ എത്രയോ ഭീകരമാണെന്ന് അന്ന് മനസ്സിലായി. 

സിപിഎമ്മിന്റെ ‘സംഘി’ ആരോപണമാണ് ഈ തിരഞ്ഞെടുപ്പിലും താങ്കൾ നേരിട്ട വലിയ വെല്ലുവിളി. അതിനെ എങ്ങനെ പ്രതിരോധിക്കാനായി ?
അതേ നാണയത്തിൽ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിഞ്ഞു. പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ സിപിഎം ഈ ആരോപണവുമായി വന്നു. ന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്ക പരത്താൻ അവർ ആവതു ചെയ്തു. കൃത്യമായ വിശദീകരണത്തിലൂടെ, വസ്തുതകളിലൂടെ അവരെ ബോധ്യപ്പെടുത്തുന്നതിൽ ഞങ്ങൾ വിജയിച്ചു. 

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നു. കൊല്ലത്ത് ബിജെപിയുടെ വോട്ട് വിഹിതം കൂടി. ഇതിനെ എങ്ങനെ കാണുന്നു 
ബിജെപിയുടെ വോട്ടു വിഹിതം കൂടുന്നതിനെ അത്രയേറെ ഗൗരവത്തോടെ കാണണം. എൽഡിഎഫിന് 4.1 ശതമാനം വോട്ടാണ് കുറഞ്ഞത്. യുഡിഎഫിന് 3.1 ശതമാനവും. ബിജെപിക്ക് 7.15 ശതമാനം കൂടി. ഇരുമുന്നണികളുടെയും വോട്ടിൽ ചോർച്ചയുണ്ടായി. ഈ  സാഹചര്യത്തെ ഗൗരവത്തോടെ കണ്ടു സംഘടനാപരമായി ശക്തിപ്പെട്ടേ മതിയാകൂ; പാർട്ടി തലത്തിലും മുന്നണി തലത്തിലും. 

ലോക്സഭാ മണ്ഡലത്തിലെ 7 നിയമസഭാ മണ്ഡലങ്ങളിലും സിപിഎം പിന്നിൽ പോയല്ലോ.  വരാൻ പോകുന്ന തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് ആർഎസ്പിയിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ സിപിഎം ശ്രമം നടത്തുന്നതായി ചർച്ചയുണ്ടല്ലോ
എൽഡിഎഫ് പൂർണമായും ഇപ്പോൾ പ്രതിരോധത്തിലാണ്.  ഇടതുപക്ഷത്തിന്റെ മൗലിക സ്വഭാവം അവർക്ക് നഷ്ടപ്പെട്ടു. പിണറായി വിജയൻ എന്ന വ്യക്തിയെ കേന്ദ്രീകരിച്ചു നടത്തുന്ന പ്രവർത്തനം മാത്രമേയുള്ളൂ.രാജ്യത്ത് സിപിഎം വിജയിച്ച 4 സീറ്റുകളിൽ മൂന്നിടത്തും കോൺഗ്രസിന്റെയോ മറ്റു പാർട്ടികളുടെയോ പിന്തുണയുണ്ടായിരുന്നുവെന്ന് ഓർക്കണം. രാഷ്ട്രീയമായോ സംഘടനാപരമായോ എൽഡിഎഫിലേക്കു പോകുന്നതിന് ഒരു പ്രസക്തിയുമില്ലാതായി. പിണറായി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ അത്രയേറെ അസഹനീയമായി. വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളിൽ യുഡിഎഫ് ഒറ്റക്കെട്ടോടെ വൻ മുന്നേറ്റം നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com