വൈഷ്ണവിന്റെ പൊളി...ടെക്നിക്; മൾട്ടി പർപ്പസ് ഡ്രോണും ആർസി വിമാനവും
Mail This Article
കൊട്ടിയം∙ മൾട്ടി പർപ്പസ് ഡ്രോണും ആർസി വിമാനവും (റിമോട് കൺട്രോൾ വിമാനം) നിർമിച്ച് കൊട്ടിയം എസ്എൻ പോളിടെക്നിക് കോളജ് മെക്കാനിക്കൽ വിഭാഗം മൂന്നാം വർഷ വിദ്യാർഥി വൈഷ്ണവ് വിനോദ്. നാവിഗേഷനും കരുത്തുറ്റ ഫ്ലൈറ്റ് നിയന്ത്രണവുമാണ് ഡ്രോണിന്റെ പ്രധാന സവിശേഷത. 1.2 കിലോയാണ് ഡ്രോണിന്റെ ആകെ ഭാരമെങ്കിലും 3 കിലോ വരെ ഭാരമുള്ള സാധനങ്ങൾ വഹിക്കാൻ ഡ്രോണിന് സാധിക്കും. ഇവൈഷ്ണവ് വിനോദിന്റെ ഡ്രോണിന് ഒന്നര മണിക്കൂർ ചാർജ് ചെയ്താൽ 17 മുതൽ 20 മിനിറ്റ് വരെ പറക്കാനുള്ള ശേഷിയുണ്ട്. നാനൂറിലധികം തവണ ചാർജ് ചെയ്യാൻ സാധിക്കുന്ന ലിഥിയം പോളിമർ, ലിഥിയം അയോൺ ബാറ്ററികളാണ് ഉപയോഗിച്ചിരിക്കുന്നത്.
ഒാട്ടോ പൈലറ്റ് സംവിധാനം ഒരുക്കിയിരിക്കുന്നതിനാൽ മുൻകൂട്ടി തയാറാക്കിയ പ്രോഗ്രാം പ്രകാരം പറക്കാനും തിരികെ ഇറങ്ങാനും കഴിയും. പറക്കേണ്ട സമയം, വഴി, വേഗം ഉൾപ്പെടെയുള്ളവ നിയന്ത്രിക്കാനും സാധിക്കും. കീടനാശിനി തളിക്കാൻ ഉൾപ്പെടെയുള്ള ഉപയോഗങ്ങൾ ഇതിലൂടെ സാധ്യമാകും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കോളജിലെ ഇൻഡസ്ട്രി ഒാൺ ക്യാംപസിന്റെ ഭാഗമായി ഇന്നവേഷൻ ആൻഡ് ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് സെന്ററിന്റെയും ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഗൈഡായ സനിൽകുമാറും വകുപ്പ് മേധാവി വിനോദ് കുമാറും പ്രിൻസിപ്പൽ വി.സന്ദീപും അധ്യാപകനായ എസ്.അനീഷുമാണ് വൈഷ്ണവിന് എല്ലാ പിന്തുണയും നിർദേശവും നൽകുന്നത്.