സമാന്തര വാഹന സർവീസ്: വലഞ്ഞ് കെഎസ്ആർടിസി
Mail This Article
കുന്നിക്കോട്∙ സമാന്തര വാഹനങ്ങളുടെ തേരോട്ടം കെഎസ്ആർടിസി സർവീസിനെ ബാധിക്കുന്നു. കെഎസ്ആർടിസി ബസുകൾ എത്തുന്നതിനു തൊട്ടുമുൻപായി പത്തനാപുരത്തേക്കും പുനലൂരിനും ജീപ്പുകൾ സർവീസ് നടത്തുന്നതാണ് കെഎസ്ആർടിസിയുടെ വരുമാനം കുറയ്ക്കുന്നത്. പത്തനാപുരം, പുനലൂർ, കൊട്ടാരക്കര ഡിപ്പോകളിൽ നിന്നും പുനലൂരിലേക്കും, പത്തനാപുരത്തേക്കും ചെയിൻ സർവീസ് നടത്തുന്നുണ്ടെങ്കിലും ബസ് എത്തുന്നതിനു തൊട്ടു മുൻപാണ് സമാന്തര വാഹനങ്ങളുടെ സർവീസ്.
സമാന്തര സർവീസുകൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പല തവണ കെഎസ്ആർടിസി പൊലീസിന് കത്ത് നൽകിയിട്ടുണ്ടെങ്കിലും പൊലീസ് നടപടി എടുത്തില്ല. ബസുകളുടെ അതേ നിരക്ക് തന്നെയാണ് സമാന്തര വാഹനങ്ങളും ഈടാക്കുന്നത്. കലക്‌ഷൻ കുറയുന്നത് മൂലം സർവീസ് പലതും റദ്ദാക്കേണ്ടി വരികയാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. രാവിലെ 10നു ശേഷം ബസുകളിൽ പലതും കാലിയായിട്ടാണ് യാത്ര.