ADVERTISEMENT

കൊല്ലം∙ എലിപ്പനിയും ഡെങ്കിപ്പനിയും ഉൾപ്പെടെയുള്ള സാംക്രമിക രോഗങ്ങൾ പടരുമ്പോഴും അവയെ പ്രതിരോധിക്കുന്നതിൽ അധികൃതർക്ക് മെല്ലെപ്പോക്ക്. എലിപ്പനി ബാധിച്ച് കഴിഞ്ഞയാഴ്ച മരിച്ചത് 5 പേരാണ്. ഡെങ്കിപ്പനി ബാധിച്ച് ഗർഭിണിയായ യുവതി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കോർപറേഷനിൽ ഉൾപ്പെടെ ജില്ലയിൽ മിക്കയിടങ്ങളിലും കൊതുകു നിർമാർജന പരിപാടികൾ നടപ്പായിട്ടില്ല. പ്രതിരോധ പ്രവർത്തനങ്ങൾക്കു ഫണ്ടില്ലെന്നാണ് അധികൃതർ പറയുന്നത്. ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടുണ്ടെങ്കിലും നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ രോഗികളുടെ എണ്ണം കൃത്യമായി കാണിക്കരുതെന്നാണ് മുകളിൽ നിന്നുള്ള നിർദേശം. 

പറന്നിറങ്ങുന്ന ഡെങ്കിപ്പനി
വീട്ടിലെ ഒരാൾക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചാൽ ആ വീട്ടിലും പരിസരത്തും ഇൻഡോർ സ്പേസ് സ്പ്രേയിങ് (ഐഎസ്എസ്) നടത്തണമെന്നാണ് ചട്ടം. എന്നാൽ, ഇത്തരത്തിൽ സ്പ്രേ ചെയ്യാനുള്ള മരുന്നുകൾ ജില്ലയിലില്ല. കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ബാധിച്ച് മരിച്ച യുവതിയുടെ വീട്ടിൽ 5 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇൻഡോർ സ്പ്രേയിങ് നടത്തിയിരുന്നെങ്കിൽ രോഗ ബാധയിൽ നിന്നു കുടുംബത്തെ രക്ഷിക്കാമായിരുന്നു. ഗർഭിണികൾക്ക് പനിയുണ്ടെങ്കിൽ കൃത്യമായ നിരീക്ഷണം വേണമെന്നും ചട്ടമുണ്ട്. ശൂരനാട് മേഖലയിൽ മരിച്ച യുവതിക്ക് ഈ മാസം എട്ടിന് പനി സ്ഥിരീകരിച്ചെങ്കിലും തുടർ നടപടികളുണ്ടാകാത്തത് അധികൃതരുടെ ഭാഗത്തുള്ള അനാസ്ഥയാണെന്നും വിലയിരുത്തുന്നു.

ഫോഗിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ മഴയ്ക്കു മുന്നോടിയായി നടത്തേണ്ടതുണ്ട്. എന്നാൽ, ഈ വർഷം ചെറിയ തോതിൽ മാത്രമാണ് ഫോഗിങ് നടന്നത്. ജില്ലാ വെക്ടർ കൺട്രോൾ (ഡിവിസി) യൂണിറ്റിനാണ് ഇതിന്റെ ഉത്തരവാദിത്തം. ഫോഗിങ്ങിന് ആവശ്യമായ മരുന്നുകൾ പോലും ലഭ്യമല്ല. ഫണ്ടില്ലെന്നാണ് കാരണം പറയുന്നത്. ഉദ്യോഗസ്ഥരിൽ പലരും ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നതു പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നില്ല. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ഉണ്ടായിരുന്നതു കൊണ്ടാണ് ഫണ്ട് ലഭിക്കാത്തത് എന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്. ദേശീയ ആരോഗ്യ മിഷനാണ് (എൻഎച്ച്എം) ഫണ്ട് ലഭ്യമാക്കേണ്ടത്. മൺസൂണിനു മൂന്നു മാസം മുൻപ് നടപ്പാക്കേണ്ട പ്രതിരോധ പ്രവർത്തനം പോലും മഴ ആരംഭിച്ചിട്ടും നടന്നിട്ടില്ല.

പ്രതിരോധം കാര്യക്ഷമമായില്ലെങ്കിൽ ഡെങ്കിപ്പനി പടർന്നു പിടിക്കുമെന്നാണ് ആരോഗ്യ മേഖല വിദഗ്ധർ പറയുന്നത്. ട്രോളിങ് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ ബോട്ടുകളുടെ പ്രവർത്തനം നിലച്ചതോടെ അതിൽ വീഴുന്ന വെള്ളത്തിൽ നിന്നു കൊതുകുകൾ പെരുകാൻ സാധ്യതയുണ്ടെന്നു മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ വിദഗ്ധർ പറയുന്നു. ആരോഗ്യ വകുപ്പിന്റെ പഴയ വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്ന നെടുങ്ങോലം കേന്ദ്രത്തിലും കൊതുകുകൾക്ക് വളരാനുള്ള സാധ്യത കൂടുതലായുണ്ട്. 

ഉളിയകോവിൽ, ഇളമാട്, നിലമേൽ, പൊഴിക്കര, പോരുവഴി, തേവലക്കര, ചവറ, എഴുകോൺ‌, ആലപ്പാട്, ഈസ്റ്റ് കല്ലട, ഇളമ്പള്ളൂർ, കുളക്കട, മുണ്ടയ്ക്കൽ, മൈനാഗപ്പള്ളി, നെടുമ്പന, പേരയം, തൊടിയൂർ, പിറവന്തൂർ, തൃക്കരുവ, തൃക്കോവിൽവട്ടം, വള്ളിക്കാവ്, ഏരൂർ, ആദിച്ചനല്ലൂർ, ശക്തികുളങ്ങര തുടങ്ങിയ സ്ഥലങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഈ മേഖലയിൽ കൂടുതലാളുകൾക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഈ വർഷം 2600ൽ അധികം പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. അതിൽ 6 പേർ മരിച്ചു.

എലിപ്പനി വ്യാപനം
ഈ മാസം 12ന് ഒരാളും 13നും 14നും 2 പേര്‍ വീതവും എലിപ്പനി ബാധിച്ച് മരണത്തിനു കീഴടങ്ങി. നഗരവാസികളിലും രോഗം സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇടയാക്കുന്നു. ശ്വാസംമുട്ടൽ ഉൾപ്പെടെ മറ്റു രോഗങ്ങൾ ഉള്ളവർക്കും എലിപ്പനി ബാധിച്ചാൽ കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കും. പത്തനാപുരം, ഇടമുളയ്ക്കൽ, പാരിപ്പള്ളി, കുളക്കട, കൊട്ടാരക്കര, കെ.എസ്.പുരം തുടങ്ങിയ സ്ഥലങ്ങളിലാണ് അടുത്ത ദിവസങ്ങളിൽ എലിപ്പനി സ്ഥിരീകരിച്ചത്. ഈ വർഷം എലിപ്പനി ബാധിച്ചത് നൂറ്റിയൻപതോളം പേർക്ക് – ഇതേ വരെ മരിച്ചത് 12 പേരും. എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ തൊഴിലുറപ്പ് തൊഴിലാളികൾ നൽകിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം പേരും അതു കഴിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. എലിപ്പനി ബാധിച്ച് 5 ദിവസത്തിനുള്ളിൽ ബാക്ടീരിയ കരളിനെയും വൃക്കയെയും ഗുരുതരമായി ബാധിക്കും. ഇതിനിടെ രോഗം സ്ഥിരീകരിച്ചില്ലെങ്കിൽ രോഗിയുടെ ആരോഗ്യ നില കൂടുതൽ മോശമാകും. ചെറിയ പനിയുണ്ടെങ്കിലും രോഗ സ്ഥിരീകരണം നടത്തണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com