ADVERTISEMENT

ഓച്ചിറ∙ ഒട്ടേറെ കഥാപാത്രങ്ങൾക്ക് അരങ്ങിൽ ജീവൻ നൽകിയ നടനും സംവിധായകനും നിർമാതാവും തിരുവനന്തപുരം ‘രചന’ നാടക സമിതിയുടെ ഉടമയുമായ സിബു രചന (55)  ജീവിതം വഴിമുട്ടി തെരുവിൽ. സ്വന്തമായി നാടക സമിതി നടത്തി 9 നാടകങ്ങൾ കലാ കേരളത്തിന് സമ്മാനിച്ച നാടക പ്രവർത്തകനാണ് രോഗദുരിതത്തിൽ വലഞ്ഞ് അന്തിയുറങ്ങാൻ ഇടം തേടി അലയുന്നത്. തന്റെ നാടക സമിതിയിലൂടെ ഒട്ടേറെ പുതുമുഖ നാടക പ്രവർത്തകരെയാണു സിബു നാടക ലോകത്തിന് സമ്മാനിച്ചത്. പ്രമേഹവും അനുബന്ധരോഗങ്ങളും തളർത്തിയ സിബു ഒന്നര മാസക്കാലം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. റിക്കോർഡിങ് സ്റ്റുഡിയോ ഉടമയായ സജി, സംഗീത സംവിധായകൻ ബിജു അനന്തകൃഷ്ണൻ എന്നിവരുടെ സംരക്ഷണയിൽ ഓച്ചിറയിലെ വാടക കെട്ടിടത്തിലാണ് ഇപ്പോൾ താമസം.  ഒരു മാസം മുൻപ് വീണ് വലതുകാലിന് പൊട്ടലും സംഭവിച്ചു. 

ഒരു നാടകം പോലെ സംഭവ ബഹുലമാണ് സിബു രചന എന്ന വർക്കല മുങ്ങോട് മൂലയിൽ വീട്ടിൽ സിബുവിന്റെ ജീവിതം. തന്റെ സഹോദരൻ പ്രശസ്ത നാടനും നാടക സമിതി ഉടമയുമായ വർക്കല ജോയിയുടെ കൈപിടിച്ചാണ് പത്താം ക്ലാസ്പഠനത്തിന് ശേഷം നാടക അഭിനയ രംഗത്ത് സിബു എത്തുന്നത്. ആറ്റിങ്ങൽ സൗമ്യസാരയുടെ ‘ആധിപത്യം’ എന്ന നാടകത്തിൽ ആദ്യവേഷം. പിന്നീടങ്ങോട്ട് എണ്ണം പറഞ്ഞ എത്രയോ വേഷങ്ങൾ. വർക്കല ഭൂമികയിലെ എട്ടു വർഷത്തെ അഭിനയത്തിനു ശേഷമാണ് ‘രചന’ എന്ന സ്വന്തം സമിതി രൂപീകരിച്ചത്. നാടക രചന, സംവിധാനം തുടങ്ങി എല്ലാ മേഖലയിലും പുതുമുഖങ്ങളെ ഉൾപ്പെടുത്തി ഒട്ടേറെ നല്ല നാടകങ്ങൾ 15 വർഷം കൊണ്ട് അരങ്ങിലെത്തിച്ചു. ഇതിനുള്ളിൽ നാടക ഓഫിസ് ഓച്ചിറയിലേക്കു മാറ്റി. സമിതി നടത്തിപ്പിലെ പരാജയം വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുകയും ഒടുവിൽ കിടപ്പാടം വരെ നഷ്ടമാവുകയും ചെയ്തു. 

ഒടുവിൽ  നിർമാണത്തൊഴിലാളി, ലോട്ടറി കച്ചവടം, ലോഡ്ജ് മാനേജർ, ഓട്ടോ ഡ്രൈവർ, മത്സ്യവ്യാപാരി, ഹോട്ടൽ ജീവനക്കാരൻ തുടങ്ങി ഒട്ടേറെ വേഷങ്ങൾ ജീവിതത്തിലും മാറി മാറി അഭിനയിച്ചു. ഇപ്പോൾ  ആധാർ കാർഡ് പോലുമില്ല. പ്രമേഹം കാരണം കാലിൽ മുറിവുകൾ ഭേദമാകാതെയും കാലിലെ നാഡികളുടെ പ്രവർത്തനം ക്ഷയിക്കുകയും ചെയ്തതിനെത്തുടർന്ന് കടുത്ത ആരോഗ്യപ്രശ്നങ്ങളിലാണ് ഇപ്പോൾ. ജീവിതത്തിൽ ആരെങ്കിലും സഹായഹസ്തവുമായി എത്തുമെന്ന പ്രതീക്ഷയോടെ അരങ്ങിന് പുറത്ത്, ജീവിത്തിലെ എല്ലാ വേഷങ്ങളും അഴിച്ച് വച്ചു കാത്തിരിക്കുകയാണ് സിബു രചന എന്ന നാടക പ്രവർത്തകൻ. ഫോൺ: 6238325030.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com