ADVERTISEMENT

കൊല്ലം ∙ രാജഭരണ കാലത്ത് വൻ വികസനം സ്വപ്നം കണ്ടാരംഭിച്ച പല പദ്ധതികളും 75 വർഷങ്ങൾക്കു ശേഷവും കൊല്ലത്ത് സ്വപ്നം മാത്രമായി അവശേഷിക്കുന്നു. അധികൃതരുടെ ദീർഘവീക്ഷണത്തിന്റെ കുറവ് ജില്ലയുടെ ചരിത്രം പോലും വിസ്മൃതിയാകുന്ന അവസ്ഥയിലേക്കാക്കി. വ്യോമ, ജല, കര ഗതാഗത മാർഗങ്ങളെല്ലാം സ്വപ്നമായി ഇന്നു അവശേഷിക്കുന്നു. കൊല്ലം കാണാനെത്തുന്നവർ ഓരോരുത്തരും പരിമിതികളാൽ തിരിച്ചുപോകുന്ന സ്ഥിതി. ജില്ലയിൽ പതിറ്റാണ്ടുകൾക്കു മുൻപ് ആശയം രൂപം കൊണ്ടിട്ടും നടപ്പാകാത്ത ചില കൊല്ലം വികസനങ്ങളിലൂടെ...

ജലരേഖയായി ജലവിമാനം
2013ൽ സംസ്ഥാനത്തെ പ്രധാന വിമാനത്താവളങ്ങളിൽ നിന്ന് പ്രമുഖ കായൽ കേന്ദ്രങ്ങളിലേക്ക് യാത്രചെയ്യുന്നവരുടെ സഞ്ചാര സൗകര്യം മെച്ചപ്പെടുത്താൻ തുടങ്ങിയ ജലവിമാനം ഇന്നും കൊല്ലത്തുകാർക്ക് സ്വപ്നം മാത്രമാണ്. അന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തെങ്കിലും ഉൾനാടൻ മത്സ്യബന്ധനത്തിനും സമുദ്രജീവികൾക്കും നാശമുണ്ടാകുമെന്ന കാരണത്താൽ മത്സ്യത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ സമരം നടത്തിയതോടെ പദ്ധതി നിലച്ചു.

അഷ്ടമുടിക്കായലിനോടു ചേർന്നുള്ള ആശ്രാമത്താണ് ജലവിമാന പദ്ധതിക്കു സ്ഥലം കണ്ടെത്തിയത്. ടെർമിനൽ നിർമിച്ച് വിമാനം ഇറക്കിക്കൊണ്ടായിരുന്നു ഉദ്ഘാടനം. വിമാനത്തിൽ കയറുന്ന യാത്രക്കാരുടെ രേഖകൾ പരിശോധിക്കാൻ യാനവും സജ്ജമാക്കിയിരുന്നു. എന്നാൽ ആ യാനം കായലിൽ മുങ്ങിപ്പോയി. ടെർമിനൽ പ്രവർത്തനരഹിതവുമായി. ജലവിമാന പദ്ധതി നടപ്പാക്കിയിരുന്നെങ്കിൽ ജില്ലയിലെ ചരക്കുഗതാഗത, ടൂറിസം മേഖലകളിൽ വൻകുതിപ്പ് കൈവരിക്കാമായിരുന്നു. കൂടാതെ, ജില്ലയിലെ അത്യാഹിത മെഡിക്കൽ ആവശ്യങ്ങൾക്ക് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്ക് അതിവേഗം എത്താനും സാധിക്കുമായിരുന്നു.

കൂടുതൽ കൂകിപ്പായാൻ
1904ലാണ് കൊല്ലം റെയിൽവേ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്. കേരളത്തിലെ ആദ്യ സ്റ്റേഷനുകളിലൊന്ന്. ജംക്‌ഷൻ സ്റ്റേഷൻ എന്ന നിലയിൽ വളരാമായിരുന്നെങ്കിലും അതുണ്ടായില്ല. 1904ൽ പുനലൂർ വരെയുള്ള ആദ്യ സർവീസ് ആരംഭിച്ചു. കൊല്ലത്തുനിന്നു കൊച്ചിയിലേക്ക് തീരദേശത്തുകൂടി ആലപ്പുഴ വഴി റെയിൽവേ ലൈൻ നിർമിക്കാൻ സൗത്ത് ഇന്ത്യൻ റെയിൽവേ തീരുമാനിച്ചിരുന്നു.തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ എത്തിയതോടെ കൊല്ലം റെയിൽവേ ജംക്‌ഷന്റെ പ്രസക്തി നഷ്ടപ്പെട്ടു.  കൊല്ലം–മദ്രാസ് മീറ്റർ ഗേജ് ലൈൻ ടെർമിനലും തിരുവനന്തപുരം എറണാകുളം ബ്രോഡ്ഗേജ് സന്ധിസ്ഥാനവുമായ കൊല്ലം വികസിച്ചത് മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ‌ഏറെ വൈകിയാണ്. 

നഗരത്തിൽ ഏറ്റവും കൂടുതൽ സ്ഥലം റെയിൽവേയ്ക്കു സ്വന്തമായുണ്ട്. എങ്കിലും വികസനത്തിൽ ആ സ്ഥല വിസ്തൃതി കണക്കിലെടുത്തില്ല. കൊല്ലം സ്റ്റേഷന്റെ വികസനം പദ്ധതികൾ തുടങ്ങിയത് കഴിഞ്ഞ വർഷം മാത്രം. ചെങ്കോട്ട മീറ്റർ ഗേജ് ബ്രോഡ്ഗേജാകാൻ മാത്രം കൊല്ലത്തുകാർ കാത്തിരുന്നത് 120 വർഷം. തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്ക് എത്തുന്ന ട്രെയിനുകൾ ‘റ’ പോലൊന്ന് വളഞ്ഞാണ് കൊല്ലം സ്റ്റേഷനിൽ എത്തുന്നത്. ഈ കൊടുംവളവ് നിവിർത്തൽ ഇനി അസാധ്യമെന്നാണ് വിലയിരുത്തൽ. നിവർത്തിയാൽ 20 മിനിറ്റ് വരെ ലാഭിക്കാമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. ദീർഘവീക്ഷണം കൂടാതെയുള്ള വികസനത്തിന്റെ മറ്റൊരു ഭാഗം. 

ആനവണ്ടിക്കൊരിടം വേണം
സംസ്ഥാനാന്തര സർവീസുകളടക്കം 79 സർവീസുകളുള്ള കൊല്ലം ഡിപ്പോ വർഷങ്ങൾക്കു ആരംഭിച്ചെങ്കിലും പേരിൽ മാത്രമാണിപ്പോൾ ‘ഡിപ്പോ’. തകർച്ചയുടെ വക്കിലായ കൊല്ലം ഡിപ്പോ സംരക്ഷിക്കാൻ 100 കോടി രൂപയുടെ പദ്ധതി ഉടൻ വരുമെന്ന് മുൻ ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞിട്ട് ഒരു വർഷമാകുന്നു. ബസ്‌സ്റ്റാൻഡ്, വർക്‌ഷോപ്, ആധുനിക സമുച്ചയം എന്നിങ്ങനെ വാഗ്ദാനങ്ങളും പഴയപടിതന്നെ.

അറുപതോളം ജീവനക്കാരുള്ള ഓഫിസും ഏതാനും വർഷം മുൻപ് ഇവിടെനിന്നും കൊട്ടാരക്കരയിലേക്ക് മാറ്റി. തുടർന്ന് ഡിപ്പോയുടെ പല ഭാഗങ്ങളും മറ്റു പലയിടങ്ങളിലേക്കുമാറ്റി. കെട്ടിടം എപ്പോൾ തലയ്ക്കുമീതെ വീഴുമെന്ന് പേടിച്ച് യാത്രക്കാർ കാത്തുനിൽപ് തുടരുന്നു. ബസുകൾ പോലും നിർത്തിയിടുന്നതു വഴിയരികൽ. പുതിയ കെട്ടിടം വരുമെന്നും പദ്ധതി പൊതുമരാമത്തു വകുപ്പിന്റെ പരിഗണനയിലാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. 

ക്ഷയിച്ച് ചികിത്സാമേഖലയും
1813ൽ കേണൽ മൺറോ തിരുവിതാംകൂറിൽ ആദ്യമായി പ്രേവൻ എന്ന പാശ്ചാത്യ ഡോക്ടറെ നിയമിച്ച് കൊല്ലത്തെ ആതുര ശുശ്രൂഷാ രംഗത്തിന് നാന്ദികുറിച്ചു. തങ്കശ്ശേരിയിൽ ആദ്യ അലോപ്പതി ചികിത്സയ്ക്കും തുടക്കമായി. ആരോഗ്യരംഗത്ത് മുൻകൂട്ടി വികസനച്ചുവടുകൾ വച്ചുതുടങ്ങിയ ജില്ലയിൽ സ്വകാര്യ ആശുപത്രികൾ ആരംഭിച്ചെങ്കിലും വളരെ വൈകിയാണ് പാരിപ്പള്ളിയിൽ സർക്കാർ മെഡിക്കൽ കോളജ് ആരംഭിച്ചത്. പ്രവർത്തനം തുടങ്ങി വർഷങ്ങളായെങ്കിലും ഇപ്പോഴും റഫറൽ ആശുപത്രി എന്നതിൽ നിന്ന് ഉയർന്നിട്ടില്ല. അവശ്യം വേണ്ട സൗകര്യങ്ങളും ലഭ്യമല്ല. പകർച്ചവ്യാധികളും പുതിയ രോഗങ്ങളും കണ്ടെത്തുന്ന ജില്ലയിലെ ആതുരശുശ്രൂഷാരംഗത്തെ വികസനങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്.

ആശ്രാമം വിമാനത്താവളം 
തിരുവിതാംകൂറിലെ ആദ്യ വിമാനത്താവളം ഉണ്ടായതും വിമാനമിറങ്ങുന്നതും കൊല്ലം ആശ്രാമത്തായിരുന്നു. 1932ൽ എച്ച്.ആന്റസിയുടെ ക്യാപ്റ്റൻ അലക്സാണ്ടറാണ് അന്ന് ആദ്യ വിമാനം പറത്തിയത്. 1936ൽ മൈതാനത്ത് രണ്ടു വിമാനങ്ങളും പറന്നിറങ്ങി. അക്കാലത്ത് ആ വിമാനത്തിൽ കയറി പറക്കാൻ അഞ്ചു രൂപ ടിക്കറ്റും വച്ചിരുന്നു.

ബ്രിട്ടിഷ് ഉദ്യോഗസ്ഥർക്കു വേണ്ടിയുള്ള വിമാനമായിരുന്നു അത്. അന്ന് വിമാനം ഇറങ്ങുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കാൻ മുനിസിപ്പൽ ചെയർമാൻ കെ.ശങ്കരനാരയണ പിള്ള സംസ്ഥാന ടൂറിസ്റ്റ് ഉപദേശക സമിതിയോട് ആവശ്യപ്പെട്ടിരുന്നു. 1934ൽ വിമാനം വാടകയ്ക്കെടുത്തു ടിക്കറ്റുവച്ചു പറപ്പിച്ച കൊല്ലംകാരനാണ് എസ്.പി.കൃഷ്ണപിള്ള. മദ്രാസിൽ പോയി വിമാനം വാടകയ്ക്കെടുത്ത് ആശ്രാമം മൈതാനത്തെത്തിച്ചു.

കേരളത്തിൽ പലയിടത്തും വിമാനത്താവളം വന്നിട്ടും കൊല്ലത്തിന് ഇന്നും അന്യമാണ്. 2019 ൽ ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ആശ്രാമത്ത് പ്രത്യേക എയർസ്ട്രിപ് ഒരുക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു. ഇതിനായി മഹീന്ദ്ര എയ്റോ സ്പേസ് കമ്പനി ഓസ്ട്രേലിയയിലെ എയർവാൻ നിർമാണ യൂണിറ്റ് വിലയ്ക്കു വാങ്ങി നിർമാണം ആരംഭിച്ചിട്ടുണ്ടെന്നായിരുന്നു വാഗ്ദാനം.

ആശ്രാമത്ത് റൺവേയ്ക്ക് ആവശ്യമായ സ്ഥലമുണ്ട്. 1500 മീറ്റർ റൺവേയ്ക്കും ചെറിയ വിമാനം ഇറങ്ങാനുള്ള സൗകര്യത്തിനുമായി വിശാലമായ സ്ഥലത്തിന്റെ ആവശ്യമില്ല. കൊല്ലം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഉടൻ സ്ഥലം കണ്ടെത്തുമെന്നും ഇതിനൊപ്പം വിവിധ കേന്ദ്രങ്ങളിൽ ഹെലിപ്പാഡുകൾ വാട്ടർ എയ്റോഡ്രോമുകൾ എന്നിവയ്ക്കും പദ്ധതി ഉണ്ടെന്നും അന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ വർഷം അഞ്ചു കഴിഞ്ഞിട്ടും വിമാനത്താവളം എന്ന സ്വപ്നത്തിലൂടെ ഡ്രൈവിങ് പഠിക്കുന്ന വാഹനങ്ങൾ മാത്രമാണ് ഓടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com