ADVERTISEMENT

കൊച്ചി ∙ കുണ്ടറ ആലീസ് വർഗീസ് വധക്കേസിൽ വിചാരണക്കോടതി വധശിക്ഷയ്ക്കു വിധിച്ച പ്രതി പാരിപ്പള്ളി കോലായിൽ പുത്തൻവീട്ടിൽ ഗിരീഷ്കുമാറിനെ തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി വിട്ടയച്ചു.

ഗിരീഷിന് സർക്കാർ 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. പ്രതിയുടെ അപ്പീൽ അനുവദിച്ചാണു ഹൈക്കോടതി ഉത്തരവ്.

അന്വേഷണ ഏജൻസിയുടെയും നീതിന്യായ സംവിധാനത്തിന്റെയും പരാജയം കണക്കിലെടുക്കുമ്പോൾ നീതി നടപ്പാക്കാൻ നഷ്ടപരിഹാരം നൽകേണ്ടതുണ്ടെന്നു കോടതി പറഞ്ഞു. നിരപരാധിയാണെന്നും ഗിരീഷ് കുമാറിനെ പ്രതിയാക്കാൻ പോലും കാരണങ്ങളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

10 വർഷം തടവും വധശിക്ഷ വിധിച്ചതിനെ തുടർന്നുള്ള മരണഭയവുമുണ്ടാക്കിയ തീവ്രമനോവേദനയും ചൂണ്ടിക്കാട്ടിയ ഹൈക്കോടതി മൗലികാവകാശ ലംഘനമുണ്ടായെന്നു അഭിപ്രായപ്പെട്ടു. തുക മൂന്നുമാസത്തിനകം സർക്കാർ കൈമാറണം. വൈകിയാൽ 9 % പലിശയടക്കം നൽകണമെന്നും ഉത്തരവിൽ പറയുന്നു.

2013 ജൂൺ 11നാണ് കുണ്ടറ മുളവന കോട്ടപ്പുറം എവി സദനത്തിൽ ആലീസ് വർഗീസ് (പൊന്നമ്മ 57) കൊല്ലപ്പെട്ടത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന ആലീസിനെ കഴുത്തുമുറിച്ച് കൊലപ്പെടുത്തി ആഭരണങ്ങൾ കൊള്ളയടിച്ചെന്നാണു പ്രോസിക്യൂഷൻ കേസ്.

മറ്റൊരു കേസിൽ ജയിലിൽ ആയിരുന്ന ഗിരീഷ്, ആലീസ് കൊല്ലപ്പെടുന്നതിന് ഏതാനും ദിവസം മുൻപാണ് പുറത്തിറങ്ങിയത്. തുടർന്ന് സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഗിരീഷിനെ പിടികൂടിയത്.

എന്നാൽ പൊലീസ് ഉദ്യോഗസ്ഥന്റെ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്നു കോടതി പറഞ്ഞു. കുറ്റകൃത്യത്തിൽ പ്രതിയുടെ പങ്ക് വ്യക്തമാക്കുന്ന സാധുവായ വസ്തുതകൾ പൊലീസുകാരന്റെ മൊഴിയിലില്ല.

കുറ്റകൃത്യം നടന്ന സ്ഥലവുമായി പ്രതിയെ ബന്ധിപ്പിക്കുന്ന തെളിവുകളുമില്ല. അടിസ്ഥാനമില്ലാത്ത സംശയത്തിന്റെയും വ്യാജതെളിവിന്റെയും അടിസ്ഥാനത്തിൽ കുറ്റകൃത്യം അടിച്ചേൽപിച്ചെന്ന പ്രതിഭാഗത്തിന്റെ വാദത്തിന് വിശ്വാസ്യതയുണ്ട്.

ആലീസ് ഉപയോഗിച്ചതായി പറയുന്ന രണ്ട് ആഭരണങ്ങൾ കണ്ടെത്തിയെന്നു പറഞ്ഞിരുന്നെങ്കിലും എന്നാൽ ഇവ ആലിസിന്റെതാണെന്നു സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല.

തൊണ്ടിമുതലായ സിം കാർഡുകൾ കണ്ടെടുത്തെന്നു പറഞ്ഞെങ്കിലും കുറ്റകൃത്യവുമായി പ്രതിയെ ബന്ധിപ്പിക്കാനായി പ്രോസിക്യൂഷനു കഴിഞ്ഞില്ല.

ഉടമസ്ഥത തെളിയിക്കാൻ സിം കാർഡുകൾ സൈബർ സെല്ലിൽ പരിശോധനയ്ക്കായി അയയ്ക്കാതിരുന്നത് അന്വേഷണത്തിലെ വൻ വീഴ്ചയാണ്. ആക്രമിക്കാൻ ഉപയോഗിച്ചതായി പറയുന്ന കത്തിയും കണ്ടെത്തി.

എന്നാൽ കുറ്റകൃത്യം തെളിയിക്കാൻ കഴിയുന്ന വിധം ഫലപ്രദമായ അന്വേഷണം ഉണ്ടായില്ല.അന്വേഷണത്തിലെ വീഴ്ചകൾ വിചാരണക്കോടതി തന്നെ ചൂണ്ടിക്കാട്ടിയിട്ടും എങ്ങനെയാണ് വധശിക്ഷ വിധിച്ചതെന്ന് മനസ്സിലാകുന്നില്ല.

അപൂർവങ്ങളിൽ അപൂർവങ്ങളായ കേസായി കണ്ട് വധശിക്ഷ നൽകാൻ വേണ്ട കൃത്യമായ അന്വേഷണം പോലും സെഷൻസ് കോടതി നടത്തിയില്ലെന്നും ഹൈക്കോടതി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com