ADVERTISEMENT

എഴുകോൺ ∙ വയോധികയ്ക്കും ബന്ധുവായ യുവതിക്കും ഉൾപ്പെടെ 4 പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. ഇരുമ്പനങ്ങാട് വികെഎം സ്വദേശിനിയായ മറിയ (80) , ബന്ധുവായ ശാലിനി, ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം ഉദയൻ, എഴുകോൺ കോയിക്കൽ ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് ടി. സന്തോഷ് കുമാർ എന്നിവർക്കാണു കടിയേറ്റത്. 

ഉദയൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.ഇരുമ്പനങ്ങാട് , എഴുകോൺ, റെയിൽവേ സ്റ്റേഷൻ ജംക്‌ഷൻ എന്നിവിടങ്ങളിലായിരുന്നു പേപ്പട്ടിയുടെ പരക്കംപാച്ചിൽ. മറ്റു നായകൾ ഇതിനെ കണ്ട് ഓടിയകന്നപ്പോഴാണ് ഇത് പേപ്പട്ടിയാണെന്നു നാട്ടുകാർക്കു മനസ്സിലായത്. ഇരുചക്ര വാഹനങ്ങളുടെ പിന്നാലെ ഓടി ചാടിക്കടിക്കാനും ശ്രമിച്ചു. 

വടി കൊണ്ട് ഓടിക്കാൻ ശ്രമിച്ചവരുടെ നേർക്കു കുതിച്ചുയർന്നു കടിക്കാനും ശ്രമിച്ചു. പലരും ഭാഗ്യം കൊണ്ടാണു കടിയേൽക്കാതെ രക്ഷപ്പെട്ടത്. മേയാൻ കെട്ടിയിരുന്ന പശു ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങൾക്കും പേപ്പട്ടിയുടെ കടിയേറ്റു. ഗത്യന്തരം ഇല്ലാതെ വന്നതോടെ ഒടുവിൽ നാട്ടുകാർ ചേർന്ന് ഇതിനെ തല്ലിക്കൊല്ലുകയായിരുന്നു. പ്രദേശത്തു തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്നു പരാതിയുണ്ട്. ഇരുമ്പനങ്ങാട് വികെഎം ജംക്‌ഷനിലും പരിസരങ്ങളിലും ഇവ കൂട്ടമായാണു തമ്പടിക്കുന്നത്. കൂട്ടമായെത്തി കോഴികളെ കടിച്ചു കൊന്നു തിന്നുന്നതു പതിവാണെന്നും പരാതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com