പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജിൽ 10 വെന്റിലേറ്ററുകൾ ഉപയോഗിക്കാതെ കിടക്കുന്നു
Mail This Article
കൊല്ലം∙ പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജിലെ 20 വെന്റിലേറ്ററുകളിൽ 10 എണ്ണം ജീവനക്കാരുടെ കുറവിനെ തുടർന്നു ഉപയോഗിക്കാതെ കിടക്കുന്നു. 10 എണ്ണം മാത്രമാണ് നിലവിൽ ഉപയോഗിക്കുന്നത്. 20 വെന്റിലേറ്ററുകളും പ്രവർത്തന സജ്ജമാണെങ്കിലും ജീവനക്കാരുടെ കുറവുകൊണ്ടാണ് 10 എണ്ണം മാത്രം പ്രവർത്തിപ്പിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. കുറഞ്ഞത് 5 സീനിയർ റസിഡന്റ് ഡോക്ടർമാരുടെ സേവനം കൂടി ലഭിച്ചാൽ 20 വെന്റിലേറ്ററുകളും ഒരേപോലെ പ്രവർത്തിപ്പിക്കാം.
വൈദഗ്ധ്യമുള്ള നഴ്സുമാർ ഉൾപ്പടെയുള്ളരുടെ സേവനവും അടിയന്തരമായി ലഭ്യമാക്കണം. വെന്റിലേറ്ററിൽ കഴിയുന്ന രോഗിയെ ഡയാലിസിസ് നടത്താനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്. പോർട്ടബ്ൾ ഡയാലിസിസ് യൂണിറ്റുള്ളതു കൊണ്ടാണ് ഈ സൗകര്യം ലഭ്യമാകുന്നത്. നിലവിൽ 10 വെന്റിലേറ്ററുകളുടെ രോഗികളുണ്ട്.വെന്റിലേറ്റർ സഹായം തേടി മറ്റൊരാൾ എത്തിയാൽ നിലവിലുള്ള രോഗികളുടെ വെന്റിലേറ്റർ സംവിധാനം മാറ്റിയിട്ടു വേണം പുതിയ രോഗിയെ കിടത്താൻ. ജീവനക്കാരുടെ കുറവ് സംബന്ധിച്ച് നിരവധി തവണ റിപ്പോർട്ടുകൾ സമർപ്പിച്ചെങ്കിലും മേലുദ്യോഗസ്ഥർ കാര്യമായി പ്രതികരിച്ചില്ലെന്നും പറയുന്നു.