ADVERTISEMENT

കൊല്ലം ∙ സമയബന്ധിതമായി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാത്തതിനാൽ ദുരിതത്തിലായി അധ്യാപക പരിശീലന കോഴ്സായ ഡിഎൽഎഡ് (ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ) ഭാഷാ വിദ്യാർഥികൾ. കഴിഞ്ഞ വർഷം നവംബർ 23, 25 തീയതികളിലാണ് 2021-23 ഭാഷ അധ്യാപക വിദ്യാർഥികളുടെ അവസാന സെമസ്റ്റർ പരീക്ഷ നടന്നത്. പരീക്ഷ കഴിഞ്ഞിട്ട്  8 മാസം പിന്നിട്ടിട്ടും ഇതുവരെ കോഴ്സിന്റെ സർട്ടിഫിക്കറ്റ് വിതരണം എന്നു തുടങ്ങുമെന്ന് ആർക്കും അറിയില്ല. വിഷയത്തിൽ വ്യക്തമായ മറുപടി പറയാനോ നടപടി സ്വീകരിക്കാനോ അധികൃതർ ഇതുവരെ തയാറായിട്ടുമില്ല. 

കോഴ്സിന്റെ ഫലവും ഏറെ സമ്മർദത്തിന് ശേഷമാണ് വകുപ്പ് പ്രസിദ്ധീകരിച്ചത്. പരീക്ഷ കഴിഞ്ഞു 5 മാസങ്ങൾക്കു ശേഷം കഴിഞ്ഞ ഏപ്രിലിലാണ് പരീക്ഷാ ഫലം വന്നത്. തുടർന്നു 2 മാസങ്ങൾക്കു ശേഷം പുനർമൂല്യനിർണയ ഫലവും പുറത്തുവന്നു. ഉന്നത വിദ്യാഭ്യാസം നേടാനും മറ്റു തൊഴിൽ മേഖലകളിലേക്കും പ്രവേശിക്കാനും ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഫലം പുറത്തു വരുന്നതിൽ ഉണ്ടായ കാലതാമസം വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. അധ്യാപക യോഗ്യതയായ കെ–ടെറ്റ് വെരിഫിക്കേഷനും താൽക്കാലിക അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനും ഈ സർട്ടിഫിക്കറ്റുകൾ ലഭിക്കാത്തത് വിദ്യാർഥികളെ വലയ്ക്കുകയാണ്. 

അതേസമയം ജനറൽ ഡിഎൽഎഡ് കോഴ്സിലെ ഫലപ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും സമയബന്ധിതമായി നടക്കുന്നുണ്ട്. കേരളത്തിൽ നിലവിൽ അഞ്ഞൂറോളം വിദ്യാർഥികൾ മാത്രമാണ് ഹിന്ദി, സംസ്‌കൃതം, ഉർദു, അറബിക് ഭാഷാ വിഷയങ്ങളിൽ ഡിഎൽഎഡ് കോഴ്സ് പഠിക്കുന്നത്. ഈ വിദ്യാർഥികൾക്കു മാത്രം സർട്ടിഫിക്കറ്റുകൾ നൽകാൻ വകുപ്പ് കാണിക്കുന്ന അനാസ്ഥയിൽ ഭാഷാ വിദ്യാർഥികൾക്കിടയിൽ വലിയ  പ്രതിഷേധമാണ് ഉയരുന്നത്. എന്നാൽ സർട്ടിഫിക്കറ്റ് വിതരണം ഉടൻ ആരംഭിക്കുമെന്നും എസ്എസ്എൽസി അടക്കമുള്ള പരീക്ഷാ സർട്ടിഫിക്കറ്റുകളുടെ പ്രിന്റിങ് മൂലമാണ് കാലതാമസം വന്നതെന്നുമാണ് അധികൃതർ വിശദീകരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് വിദ്യാർഥികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com