ADVERTISEMENT

കൊല്ലം ∙ ദേശീയപാത 66 വികസനത്തിന് ജില്ലയിൽ സ്ഥലം ഏറ്റെടുക്കുന്നതിനായി 606 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചതെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് . 2025 അവസാനത്തോടെ ദേശീയപാത നിർമാണം പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. കൊല്ലം –ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേയുടെ റോയൽറ്റി തുക ഒഴിവാക്കുന്നതിലൂടെ ഈ പദ്ധതിക്കു ജീവൻ വയ്ക്കും. റോയൽറ്റി ഒഴിവാക്കിയതിലൂടെ സംസ്ഥാന സർക്കാരിന് 317 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. എല്ലാവരുമായും സഹകരിച്ചും ചർച്ച ചെയ്തും പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

കൊല്ലം നഗരത്തിലെ എസ്എംപി പാലസ് റോഡ്, കമ്മിഷണർ ഓഫിസിനു സമീപത്തെ മേൽപാലത്തിലെ റോഡ് തുടങ്ങിയവയുടെ അറ്റകുറ്റപ്പണിക്ക് നടപടി സ്വീകരിക്കും. റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിൽ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടെങ്കിൽ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റെസ്റ്റ് ഹൗസുകൾ പൊതുജനങ്ങൾക്കു തുറന്നു നൽകിയതിലൂടെ 18 കോടിയുടെ വരുമാനം സർക്കാരിന് ലഭിച്ചു. ജില്ലയിലെ 13 റെസ്റ്റ് ഹൗസുകളിൽ പൊഴിക്കര റെസ്റ്റ് ഹൗസിൽ 34 ലക്ഷം രൂപയുടെയും കൊട്ടാരക്കരയിൽ 75 ലക്ഷം രൂപയുടെയും മറ്റിടങ്ങളിൽ 25 ലക്ഷം രൂപയുടെയും വികസന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു.

വർഷങ്ങളായി അടച്ചിട്ടിരിക്കുന്ന ആശ്രാമം ഗെസ്റ്റ് ഹൗസ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു നടപടി സ്വീകരിക്കും. വകുപ്പിനു കീഴിലുള്ള റോഡുകളിൽ 86 ശതമാനം റോഡുകൾക്കും കരാറുകാർക്ക് ഉത്തരവാദിത്തമുണ്ടെന്നും അറ്റകുറ്റപ്പണിയും പരിപാലനവും അവരുടെ ജോലിയാണെന്നും മന്ത്രി പറഞ്ഞു. കരാറുകാരന്റെയും ഉദ്യോഗസ്ഥന്റെയും വിവരങ്ങളടങ്ങിയ ബോർഡുകളും സ്ഥാപിക്കുന്നുണ്ട്. ഇതിൽ വരുന്ന എന്ത് പരാതിയിലും ഉടൻ നടപടി സ്വീകരിക്കും. പൊതുജനങ്ങൾക്കും പരാതികൾ കരാറുകാരെയും ഉദ്യോഗസ്ഥരെയും അറിയിക്കാം.
ജില്ലയിലെ പൊതുമരാമത്ത് റോഡുകൾ
∙ ജില്ലയിലെ ആകെ റോഡ്: 2,150 കിലോമീറ്റർ
∙പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് കീഴിൽ: 1,515 കിലോമീറ്റർ
∙കേരള റോഡ് ഫണ്ട് ബോർഡിന് കീഴിൽ: 310 കിലോമീറ്റർ
∙മെയിന്റനൻസ് വിഭാഗത്തിന് കീഴിൽ: 140 കിലോമീറ്റർ
∙വകുപ്പിലെ ദേശീയപാതാ വിഭാഗത്തിന് കീഴിൽ: 137 കിലോമീറ്റർ
∙കേരള സ്റ്റേറ്റ് ട്രാൻസ്പോർട് പ്രോജക്ടിന് കീഴിൽ: 41 കിലോമീറ്റർ
∙ ജില്ലയിലെ റണ്ണിങ് കോൺട്രാക്ട് കരാറുള്ള റോഡുകൾ (നീല ബോർഡ്): 992 കിലോമീറ്റർ
∙ ജില്ലയിലെ ഡിഎൽപി കരാറുള്ള റോഡുകൾ (പച്ച ബോർഡ്): 509 കിലോമീറ്റർ
∙ ജില്ലയിൽ നിർമാണത്തിലുള്ള റോഡുകൾ: 340 കിലോമീറ്റർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com