അപക‘ഡാം’ പാത: തെന്മല ഡാം പാതയിൽ അപകടങ്ങൾ പതിവ്
Mail This Article
തെന്മല∙ അപകട മുന്നറിയിപ്പുകൾക്ക് അധികൃതർ ചെവികൊടുത്തില്ല; തെന്മല ഡാം പാതയിൽ അപകടങ്ങൾ പതിവ്. ഇന്നലെ രാവിലെ ഡാം പാതയിൽ രണ്ടാം വളവിൽ പുലർച്ചെ തമിഴ്നാട്ടിൽ നിന്നെത്തിയ സിമന്റ് ലോറി കൊക്കയിലേക്കു മറിഞ്ഞു. ഡാം പത്തേക്കർ പാതയിൽ പിക്കപ് നിയന്ത്രണം വിട്ടു പാതയോരത്തെ കുഴിയിലേക്കും മറിഞ്ഞു.രണ്ട് അപകടങ്ങളിലും ആളപായമില്ല. ജൂൺ 8ന് തമിഴ്നാട്ടിൽ നിന്നു സിമന്റുമായി വന്ന ചരക്കു ലോറി നിയന്ത്രണം വിട്ടു കൊക്കയിലെ മരത്തിൽ ഇടിച്ചു നിന്നതിനാൽ കുഴിയിലേക്കു മറിയാതെ അപകടം വഴിമാറിയിരുന്നു. ഇതിനു ശേഷവും 2 അപകടങ്ങൾ സംഭവിച്ചു.
രണ്ടാം വളവിൽ പാതയുടെ സംരക്ഷണ ഭിത്തി തകർന്ന് ഇളകി അപകട ഭീഷണിയായ വാർത്ത മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ഇവിടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ആവശ്യകത പൊലീസും മുന്നറിയിപ്പ് നൽകിയിട്ടും മരാമത്ത് റോഡ് വിഭാഗം നടപടിയെടുക്കുന്നില്ല. വളവ് തിരിയുന്ന ഭാഗത്തു പാത തകർന്നു കുഴിയായതു ബൈക്കുകൾക്കും കെണിയായി. അപകടം പതിവായിരുന്ന ഒന്നാം വളവിൽ കോൺക്രീറ്റ് സംരക്ഷണ ഭിത്തി പണിതതോടെ അപകടങ്ങൾ കുറഞ്ഞിരുന്നു. രണ്ടാം വളവിൽ കോൺക്രീറ്റ് ഭിത്തി നിർമിക്കാത്തതാണ് അപകടങ്ങൾ പതിവാകാൻ കാരണം.
വലിയ ട്രക്കുകൾക്കു രണ്ടാം വളവിൽ തിരിയുമ്പോൾ നിയന്ത്രണം വിട്ടു മറിയുകയെ തകരാറിലായി വഴിമുടക്കുകയോ ആണു പതിവ്. തെന്മല ഡാം പാതയിൽ വലിയ ട്രക്കുകൾ ഇന്ധനം ലാഭിക്കാൻ ന്യൂട്രലിൽ ഇറക്കം ഇറങ്ങുന്നതും നിയന്ത്രണം വിട്ടു മറിയാൻ കാരണമായി. അപകടങ്ങൾ പതിവായതോടെ പൊലീസ് ഇവിടെ മുന്നറിയിപ്പും ബാരിക്കേഡും സ്ഥാപിച്ചിരുന്നെങ്കിലും ലോറികൾ ഇതും ഇടിച്ചു തെറിപ്പിച്ചതോടെ തകർന്നു. പാതയുടെ ഇരുഭാഗത്തും വനമേഖലയായതിനാൽ പാതയുടെ വീതികൂട്ടി അപകട സാധ്യത കുറയ്ക്കാൻ സാധിക്കുന്നില്ല. പരിഹാരത്തിനായി വലിയ ട്രക്കുകൾക്കു നിയന്ത്രണം ഏർപ്പെടുത്തണമെന്നതിലും നടപടിയില്ല. സമാന്തരമായ ദേശീയപാതയിലെ തെന്മല പത്തേക്കർ റോഡിന്റെ വീതിക്കുറവും വഴിതിരിച്ചു വിടലിനു പ്രതിസന്ധിയായതാണു കാരണം.