ADVERTISEMENT

കൊല്ലം ∙  കേരളത്തിൽ പൂവിളി തുടങ്ങും മുൻപേ പൂക്കളുടെ പൂഞ്ചേലയുടുത്ത് സുന്ദരിയായിരിക്കുകയാണ് തമിഴ്നാട് തെങ്കാശിക്കടുത്തുള്ള സുന്ദരപാണ്ഡ്യപുരം. തെങ്കാശി, സുന്ദരപാണ്ഡ്യപുരം, സെയ്ന്താമരൈ, സാമ്പവാർവടകരൈ, ആയ്ക്കുടി വഴികളുടെ ഇരുവശത്തും ഓണക്കൊയ്ത്തിനായി വിളവുകൾ നിറഞ്ഞു കഴിഞ്ഞു. വിളഞ്ഞു പാകമായ നെല്ലിന്റെ സ്വർണനിറം ഏക്കറുകളോളം നീണ്ടു കാണാം. സ്വർണമേനി തീരും മുൻപ് കാളപൂട്ടലും വിതയുമെല്ലാം നിറഞ്ഞ തനിനാടൻ കൃഷിയൊരുക്കവും.

മലയാളിക്ക് ഓണമുണ്ണാനായി കാറ്റാടിക്കാറ്റിൽ പച്ചപുതച്ചുനിൽക്കുന്ന നെൽപ്പാടമാണ് പ്രധാന ആകർഷണം. മഞ്ഞയും ഓറഞ്ചും നിറച്ചാർത്തോടെ ബന്തി (ചെണ്ടുമല്ലി) പൂക്കളും പതിവുപോലെ വിരിഞ്ഞു കഴിഞ്ഞു. ഓണത്തിന് ഒരു മാസം മുൻപേ പൂക്കൾ തയാറാണെങ്കിലും ഓഗസ്റ്റ് ആദ്യവാരത്തോടെ പച്ചക്കറിപ്പാടങ്ങളും പൂന്തോട്ടമായി മാറുമെന്ന് കല്ലമ്പളിയിലെ കർഷകർ പറഞ്ഞു. 

നിലവിൽ ബന്തിപ്പൂക്കൾക്ക് കിലോയ്ക്ക് 40 രൂപയാണ് വില. എന്നാൽ ഓഗസ്റ്റ് ആദ്യവാരത്തോടെ വിലകൂടുമെന്നും 200 രൂപവരെ എത്തുമെന്നുമാണ് കർഷകരുടെ പ്രതീക്ഷ. എന്നാൽ ഇപ്പോൾ തന്നെ വില ഇരുന്നൂറിലെത്തിയ കനകാംബര പൂക്കളുമുണ്ട്. തമിഴ് സ്ത്രീകൾക്ക് ഏറെ പ്രിയപ്പെട്ട കനകാംബരത്തിന് ചിങ്ങമാസമാകുന്നതോടെ വില ആയിരം വരെയാകും. ഓണപ്പൂക്കളങ്ങളിൽ നിന്ന് മലയാളി കനകാംബരത്തെ അകറ്റിയാലും,  മുല്ലപ്പൂവ് മാത്രം ചൂടാത്ത പുതു തലമുറയുടെ കല്യാണ മാർക്കറ്റിൽ ഈ പൂക്കൾക്ക് പ്രാധാന്യമുണ്ട്.

മഞ്ഞയും ഓറഞ്ചും നിറഞ്ഞ പൂക്കൾ ഹൽദിയിലൂടെ മലയാളിക്ക് ഹരമായതോടെ ഈ നിറങ്ങളിലുള്ള പൂക്കൾക്ക് ഓണത്തിനു മാത്രമല്ല എല്ലാ മാസവും ആവശ്യക്കാരുണ്ട്. നല്ലതോതിൽ മഴ ലഭിച്ചുകൊണ്ടിരുന്ന പ്രദേശത്ത് ഇത്തവണ കാലാവസ്ഥ പ്രതികൂലമായതിനാൽ പൂക്കാഴ്ചകൾക്ക് അൽപം വിടവുമുണ്ടായിട്ടുണ്ട്. പാടങ്ങളിൽ പൂക്കളേക്കാൾ പച്ചക്കറികളാണ് വിളഞ്ഞുനിൽക്കുന്നത്. തക്കാളിയും അമരപ്പയറും വെണ്ടയും ഉള്ളിയുമാണ് പാടങ്ങൾ നിറയെ. 

കാന്തി മങ്ങി സൂര്യകാന്തി
ഗൂഗിൾ മാപ്പ് നോക്കി തെങ്കാശിയിലെ സൂര്യകാന്തിത്തോട്ടത്തിൽ എത്തിയാൽ ചോളം കണ്ട് മടങ്ങാം. മഴ ലഭിക്കാതായതോടെ സൂര്യകാന്തി ഇത്തവണ കർഷകരോട് പിണങ്ങി. ഇരുവശത്തും സൂര്യകാന്തിപ്പാടങ്ങൾ നിറഞ്ഞ സാമ്പവാർവടകരൈയിൽ ഇപ്പോൾ ചോളമാണ് വിളഞ്ഞുനിൽക്കുന്നത്. ഇവയുടെ ഇടയ്ക്കായി ചിലയിടത്ത് സൂര്യകാന്തിത്തൈകളുമുണ്ട്. ജൂലൈ അവസാനത്തോടെ ഇവ പൂത്തു തുടങ്ങും. കുലയനേരിയിൽ കുറച്ചിടങ്ങളിൽ സൂര്യകാന്തി വിരിഞ്ഞിട്ടുണ്ട്. ഓഗസ്റ്റിൽ ഗൂഗിൾ മാപ്പിൽ സൂചിപ്പിക്കുന്ന പോലെ സാമ്പവാർവടകരൈ സൂര്യകാന്തിപ്പാടമാകും. എന്നാൽ കാലാവസ്ഥ പ്രതികൂലമായതോടെ പല കർഷകരും സൂര്യകാന്തി വിത്ത് ഇത്തവണ വിതച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com