ADVERTISEMENT

കുണ്ടറ∙ ആയിരത്തിലേറെ പേർക്ക് ജോലി ലഭിക്കുന്ന തരത്തിൽ തയ്യൽ തൊഴിലാളി ചാരിറ്റബിൾ ട്രസ്റ്റ് മായംകോട് ആരംഭിച്ച എകെടിഎ ടെയ്‌ലറിങ് പാർക്കിന് വൈദ്യുതി നൽകാൻ മടിച്ച് കെഎസ്ഇബി. ഒരു വർഷം മുൻപ് നിർമാണം പൂർത്തിയാക്കി നൂറിലേറെ തയ്യൽ മെഷീനുകൾ ഉൾപ്പെടെ സ്‌ഥാപിച്ചെങ്കിലും വൈദ്യുതി ലഭിക്കാത്തതിനാൽ സ്ഥാപനം പൂർണതോതിൽ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. 100 കിലോ വാട്ട് വൈദ്യുതി വേണ്ടിടത്തു 20 കിലോ വാട്ട് വൈദ്യുതി മാത്രമാണ് വൈദ്യുതി ബോർഡ് നൽകുന്നത്. സ്ഥാപനം പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചാൽ അഞ്ഞൂറോളം പേർക്ക് പ്രത്യക്ഷമായും അതിലേറെ പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.

നിർമാണവേളയിൽ ആവശ്യമായ മുഴുവൻ രേഖകളും നൽകിയിട്ടും അനുമതി നൽകാതെ കുണ്ടറ പഞ്ചായത്ത് മാസങ്ങളോളം കാലതാമസം വരുത്തിയെന്നും ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. 2024 മേയ് 7ന് മന്ത്രി കെ. എൻ. ബാലഗോപാലാണ് പാർക്ക് ഉദ്ഘാടനം ചെയ്തത്. 100 അത്യാധുനിക തയ്യൽ യന്ത്രങ്ങളും 2 കംപ്യൂട്ടറൈസ്ഡ് എംബ്രോയ്ഡറി യന്ത്രങ്ങളുമാണു പാർക്കിൽ സ്ഥാപിച്ചിരിക്കുന്നത്. ആവശ്യമായ വൈദ്യുതി ലഭിക്കാത്തതിനാൽ ഇപ്പോൾ 20 ശതമാനത്തിൽ താഴെ ഉൽപാദനം മാത്രമാണ് നടക്കുന്നത്.

ആവശ്യമായ വൈദ്യുതി നൽകണമെന്ന് കാട്ടി മുഖ്യമന്ത്രി, ധന, വൈദ്യുതി മന്ത്രിമാർ എന്നിവർക്ക് അപേക്ഷകൾ നൽകിയിരുന്നു. ഭൂഗർഭ കേബിൾ വലിക്കുന്നതിനും ട്രാൻസ്ഫോമർ സ്ഥാപിക്കുന്നതിന് 24 ലക്ഷത്തോളം രൂപ ചെലവ് വരും. ഇതിന് ട്രസ്റ്റ് തന്നെ പണം മുടക്കണം എന്നാണ് വൈദ്യുതി ബോർഡ് അധികൃതർ പറയുന്നത്. ട്രാൻസ്ഫോമർ സ്ഥാപിക്കുന്നതിന്റെ ചെലവ് ട്രസ്റ്റ് വഹിക്കാൻ ഭാരവാഹികൾ തയാറാണ്. കേബിൾ വലിക്കുന്നതിന് സർക്കാർ സഹായിക്കുമെന്നാണു ഇവരുടെ പ്രതീക്ഷ.കേരളത്തിലെ തുന്നൽ തൊഴിലാളികളെ ബ്രാൻഡഡ് വസ്ത്ര നിർമാണത്തിൽ സ്വയം പര്യാപ്തരാക്കുക എന്നതാണ് ട്രസ്റ്റിന്റെ ലക്ഷ്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com