ADVERTISEMENT

പിറവന്തൂർ ∙ കാട്ടാനകളെ നിലയ്ക്കു നിർത്താൻ കിടങ്ങ് നിർമിക്കാൻ വനം വകുപ്പ്. പിറവന്തൂർ തൊടീക്കണ്ടം – ചണ്ണയ്ക്കാമൺ – വലിയകാവ് ഭാഗത്തെ വനാതിർത്തിയിലാണ് ആദ്യ ഘട്ടത്തിൽ കിടങ്ങു നിർമിക്കുക. ആഴ്ചയിൽ 4 ദിവസവും കാട്ടാനയിറങ്ങി ശല്യമുണ്ടാക്കുന്ന മലയോര മേഖലയിൽ കിടങ്ങു നിർമിക്കണമെന്നത് പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്. 1990കളിൽ നേരത്തേ നിർമിച്ച കിടങ്ങുകൾ മണ്ണൊലിച്ചു നികന്നിരുന്നു. പിന്നീട് സോളർവേലിയും മറ്റും സ്ഥാപിച്ചെങ്കിലും പ്രയോജനം ഉണ്ടായില്ല.

പകലും രാത്രിയിലും കാട്ടാന തമ്പടിക്കുന്ന മേഖലയായതിനാലാണ് ആദ്യ ഘട്ടത്തിൽ ചണ്ണയ്ക്കാമൺ – തൊടീക്കണ്ടം ഭാഗം തിരഞ്ഞെടുക്കാൻ കാരണം. 2 കിലോമീറ്റർ ദൂരത്തിലാണ് ഇവിടെ കിടങ്ങ് നിർമിക്കുക. ഒരാഴ്ചയായി ഇവിടെ കാട്ടാന തമ്പടിച്ച് നിന്നു കാർഷിക വിളകൾ നശിപ്പിച്ചിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ഇതാണു വേഗത്തിൽ നടപടിയിലേക്കു കടക്കാൻ കാരണം. 

ഇതോടൊപ്പം ഉപ്പുകുഴി – വലിയകാവ് (5 കിലോമീറ്റർ), ചെറുകടവ് – ഓലപ്പാറ (4 കിലോമീറ്റർ) എന്നിവിടങ്ങളിലും കിടങ്ങു നിർമിക്കും. 2ാം ഘട്ടത്തിൽ പാടം – വെള്ളം തെറ്റി ഭാഗത്തും കിടങ്ങു നിർമിക്കുന്നതു പരിഗണനയിലാണ്. കിടങ്ങു നിർമിക്കാത്ത സ്ഥലങ്ങളിൽ തൂക്ക് വേലി (സോളർ) സ്ഥാപിക്കുന്നതിനും തീരുമാനമായി. മാമ്പഴത്തറ നഗർ, മുള്ളുമല, സഹ്യസീമ, ചെമ്പനരുവി പോലെയുള്ള ജനവാസ കേന്ദ്രങ്ങളിലും തൂക്കുവേലി സ്ഥാപിക്കും. 

നബാർഡ്, രാഷ്ട്രീയ കൃഷി വികാസ് യോജന, എന്നിവയാണു പണം അനുവദിക്കുക. കിടങ്ങു നിർമിക്കുന്നതിനു കിലോമീറ്ററിന് 10 ലക്ഷം രൂപ വേണ്ടി വരുമെന്നാണു കരുതുന്നത്.കിടങ്ങ് സ്ഥാപിക്കുന്നതിനുള്ള അലൈൻമെന്റ് തയാറാക്കുന്ന ജോലികൾ ഇന്നലെ തുടങ്ങി. പുന്നല – അമ്പനാർ ഡപ്യൂട്ടി റേഞ്ച് ഓഫിസർമാരായ വി.ഗിരി, അജയകുമാർ, വിഎസ്എസ് പ്രസിഡന്റ് സുധീർ മലയിൽ എന്നിവരുടെ സാന്നിധ്യത്തിലാണ് അലൈൻമെന്റ് തയാറാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com