പരവൂർ-കൊല്ലം തീരദേശ പാത: റോഡുകളിൽ പലയിടത്തായി ഒരടിക്കു മുകളിൽ താഴ്ചയുള്ള ഗർത്തങ്ങള്
Mail This Article
പരവൂർ∙ ‘ഓഫ് റോഡ്’ പാതകൾ പോലും തോറ്റുപോകുന്ന വിധത്തിൽ തകർന്നടിഞ്ഞു പരവൂർ-കൊല്ലം തീരദേശ പാത. തീരദേശ പാതയിൽ നഗരസഭ പരിധിയിൽ പൊഴിക്കര ക്ഷേത്രം-പൊഴിക്കര ചീപ്പ്-കടപ്പുറം പാത, മയ്യനാട് പഞ്ചായത്ത് പരിധിയിൽ താന്നിയിൽ പൊഴി മുറിക്കുന്ന ഭാഗം വരെയുള്ള പാതയുമാണ് യാത്രക്കാരുടെ നടുവൊടിക്കുന്ന രീതിയിൽ പൊട്ടി പൊളിഞ്ഞത്. ഒരടിക്കു മുകളിൽ താഴ്ചയുള്ള ഗർത്തങ്ങളാണ് റോഡുകളിൽ പലയിടത്തായി ഉണ്ടായിരിക്കുന്നത്.
പൊഴിക്കര ദേവസ്വം ബോർഡ് ക്ഷേത്രത്തിനു മുൻവശത്ത് റോഡ് കാൽനടയാത്ര പോലും സാധ്യമാകാത്ത വിധത്തിൽ തകർന്നിരിക്കുകയാണ്. മഴ പെയ്താൽ റോഡും കുഴിയും തിരിച്ചറിയാത്ത വിധം വെള്ളക്കെട്ട് ഉണ്ടാകുന്നതു കാരണം ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്. ചീപ്പ് പാലം കഴിഞ്ഞു തീരദേശത്തേക്കുള്ള പാതയിൽ കേബിളുകളും പൈപ്പുകളും സ്ഥാപിക്കാനെടുത്ത കുഴികൾ കാരണം വശങ്ങളിലൊക്കെ റോഡ് തകർന്നിരിക്കുകയാണ്. റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കാത്തതിനാൽ 1 കിലോമീറ്റർ വരുന്ന റോഡ് 6 വർഷം മുൻപാണ് പൊതുമരാമത്ത് വകുപ്പിൽ നിന്ന് നഗരസഭ റോഡ് ഏറ്റെടുത്തത്.
അതിനു ശേഷം 16 ലക്ഷം രൂപ ചെലവാക്കി റോഡ് സഞ്ചാരയോഗ്യമാക്കിയുന്നു. തീരദേശത്ത് നഗരസഭ അതിർത്തി വരെ ജി.എസ്.ജയലാൽ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചു തറയോടുകൾ പാകിയ ഭാഗം മാത്രമാണ് നിലവിൽ സഞ്ചാര യോഗ്യമായിട്ടുള്ളത്. മയ്യനാട് പഞ്ചായത്ത് പരിധിയിൽ താന്നിയിൽ പൊഴി മുറിയുന്ന ഭാഗം വരെയുള്ള റോഡ് പൂർണമായും തകർന്നിരിക്കുകയാണ്. റോഡിന്റെ ഉടമസ്ഥവകാശം ഹാർബർ എൻജിനീയറിങ് വകുപ്പിനായതിനാൽ താന്നി പാത നവീകരിച്ചപ്പോൾ റോഡ് ഉൾപ്പെടുത്തിയിരുന്നില്ല. പരവൂരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊഴിക്കര കടപ്പുറത്തേക്കുള്ള പാതയും തിരുവനന്തപുരം–കൊല്ലം തീരദേശ പാതയുടെ ഭാഗവുമായ റോഡാണ് 3 വർഷത്തിലധികമായി തകർന്നു കിടക്കുന്നത്.