ADVERTISEMENT

കൊല്ലം∙ കൊല്ലം തീരദേശം മാലിന്യക്കൂനകളാൽ നിറയുന്നു.  പോർട്ട് മുതൽ മൂതാക്കര, വാടി ഹാർബർ പരിസരം വരെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടി ചണ്ടി ഡിപ്പോയ്ക്ക് സമാന രീതിയിലായി. കൊതുക് പെരുകി ഡെങ്കിപ്പനി ഉൾപ്പെടെ പടർന്നുപിടിച്ചിട്ടും അധികൃതർ കണ്ട മട്ടു കാണിക്കുന്നില്ല. മൂക്കു പൊത്താതെ ഇവിടം കടന്നു പോകാൻ സാധിക്കില്ല. മാലിന്യം തേടിയെത്തുന്ന തെരുവുനായ്ക്കളുടെ കടിയേൽക്കാനും സാധ്യതയുണ്ട്. മാലിന്യങ്ങളിൽ ഈച്ചയും കൊതുകുകളും പെരുകുകയാണ്.

അഴുകിയ നിലയിലും പുഴുവരിച്ച നിലയിലുമാണ് ചില സ്ഥലങ്ങളിലെ കാഴ്ച. മഴക്കാലമായാൽ പിന്നെ പറയേണ്ടതില്ല. 3 സ്ഥലത്തും ടൺ കണക്കിന് മാലിന്യമാണ് കൂടിക്കിടക്കുന്നത്. മത്സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിക്കുന്ന കെട്ടിടങ്ങൾക്ക് സമീപം വരെ മാലിന്യങ്ങൾ ചിതറി കിടക്കുന്നു. ഇതിൽ ചവിട്ടി പോകേണ്ട അവസ്ഥയാണ് മത്സ്യത്തൊഴിലാളികൾക്ക്. മാലിന്യമല ഉയർന്നതോടെ പോർട്ട് മുതൽ വാടി വരെയുള്ള സ്ഥലം തെരുവുനായ്ക്കളുടെ താവളമായി. 

നൂറുകണക്കിനു പേരാണ് മത്സ്യവ്യാപാരത്തിനും മറ്റുമായി  പോർട്ട്, വാടി ഹാർബറുകളിൽ ദിവസേന എത്തുന്നത്. ഇത്രയും മാലിന്യങ്ങൾ കുന്നു കൂടിയിട്ടും അവ പൂർണമായും നീക്കം ചെയ്യാൻ സാധിക്കാത്തതും മാലിന്യം സ്ഥിരമായി നിക്ഷേപിക്കാൻ ആവശ്യമായ സൗകര്യം ഒരുക്കി നൽകാൻ സാധിക്കാതെ പോയതും കോർപറേഷന്റെ പരാജയമാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. വാടി ഹാർബറിനോട് ചേർന്ന് കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങളിൽ കുറച്ച് മാസങ്ങൾക്ക് മുൻപ് കോർപറേഷൻ നീക്കിയിരുന്നു. എന്നാൽ ഇനിയും ടൺ കണക്കിന് മാലിന്യങ്ങൾ ഇവിടെയുണ്ട്.  ആരോഗ്യ വിഭാഗം അധികൃതരും ഇവിടേക്കു തിരിഞ്ഞു നോക്കാറില്ല.

ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ്: നിർമാണം പൂർത്തിയാകുന്നു
കൊല്ലം ∙ കോർപറേഷൻ പരിധിയിലെ ശുചിമുറി മാലിന്യ സംസ്കരണത്തിനു കാവനാട് കുരീപ്പുഴയിൽ പ്ലാന്റ് നിർമാണം പൂർത്തിയാകുന്നു. പ്രധാന കെട്ടിടം ഉൾപ്പെടെ സംഭരണികളുടെ പണി പൂർത്തിയായി.  യന്ത്രങ്ങൾ സ്ഥാപിക്കുന്ന ജോലി 90% പിന്നിട്ടു. ഗ്രീൻ ബെൽറ്റ് ഒരുക്കുന്നതിനായി പ്ലാന്റിന് ചുറ്റും വൃക്ഷങ്ങളും ചെടികളും നട്ടുപിടിപ്പിച്ചു. അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, സെക്യൂരിറ്റി മുറി എന്നിവയുടെ നിർമാണം പുരോഗമിക്കുന്നു. പ്ലാന്റ് പൂർണതോതിൽ പ്രവർത്തനം തുടങ്ങുന്നതോടെ കോർപറേഷൻ പരിധിയിലെ ശുചിമുറി മാലിന്യ പ്രശ്നത്തിന് ഏതാണ്ടു പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

കുരീപ്പുഴയിൽ നിർമാണം പൂർത്തിയാകുന്ന ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ്
കുരീപ്പുഴയിൽ നിർമാണം പൂർത്തിയാകുന്ന ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ്

അമൃത് പദ്ധതിയിൽ (അടൽ മിഷൻ ഫോർ റെജുവിനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫർമേഷൻ) ഉൾപ്പെടുത്തി 25.96 കോടി രൂപ ചെലവിലാണ് ശുചിമുറി മാലിന്യ പ്ലാന്റ് നിർമിക്കുന്നത്. 31.91 കോടി രൂപയ്ക്ക് ആയിരുന്നു ഭരണാനുമതി. പ്രതിദിനം 12 മില്യൻ ലീറ്റർ ശുചിമുറി മാലിന്യം സംസ്കരിക്കാനുള്ള ശേഷിയുണ്ട്. പ്ലാന്റിൽ എത്തുന്ന മാലിന്യം പല തട്ടുകളിൽ സംസ്കരിച്ച്, സ്ലഡ്ജ് വേർതിരിച്ചാണ് ജലം പുറന്തള്ളുന്നത്. സ്ലഡ്ജിൽ നിന്നു ജലാംശം നീക്കം ചെയ്തു വളമാക്കി മാറ്റുന്ന പ്രവർത്തനമാണ് പ്ലാന്റിൽ നടക്കുന്നത്. പഞ്ചാബ്  ഹൈഡ്രോടെക് പര്യവാരം, കൊച്ചി എബിഎം സിവിൽ വെഞ്ചേഴ്സ് എന്നിവ ചേർന്നാണ് 2021 ഒക്ടോബർ  28ന് പ്ലാന്റ് നിർമാണത്തിന്റെ കരാർ ഏറ്റെടുത്തത്. ഇക്കഴിഞ്ഞ 15 വരെ ആയിരുന്നു നിർമാണ കാലാവധി.

വെല്ലുവിളി 
പ്ലാന്റ് നിർമാണം പൂർത്തിയാകുന്നെങ്കിലും മാലിന്യം എത്തുന്നതിനുള്ള പ്രധാന പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലി മുടങ്ങിക്കിടക്കുകയാണ്. നെല്ലിമുക്ക് വരെയാണ് പൈപ്പ് സ്ഥാപിച്ചിട്ടുള്ളത്. അവിടെ നിന്ന് പ്ലാന്റ് വരെ പൈപ്പ് സ്ഥാപിക്കാനുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമിക്കുന്ന സംഭരണികളിൽ ഒന്നിന്റെ പണിയും പൂർത്തിയാകാനുണ്ട്. പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലി പൂർത്തിയായെങ്കിൽ മാത്രമേ പ്ലാന്റിന്റെ പൂർണതോതിലുള്ള പ്രവർത്തനം ആരംഭിക്കാൻ കഴിയൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com