ADVERTISEMENT

പുനലൂർ ∙ വാളക്കോട് പാലം വീതി കൂട്ടി പുനർനിർമിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി അറിയിച്ചു. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ റീജനൽ ഓഫിസർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് വിവരം അറിയിച്ചത്. പഴയ ദേശീയപാത 744ന് പകരമായി ഗ്രീൻഫീൽഡ് ഹൈവേയും പുനലൂർ ബൈപാസ് നിർദേശവും നിലനിൽക്കുന്ന സാഹചര്യത്തിൽ വാളക്കോട് പാലം പുനർനിർമാണം ദേശീയപാത അതോറിറ്റിയുടെ പരിഗണനയിൽ ഉണ്ടായിരുന്നില്ല.    വാളക്കോട് പാലത്തിലെ ഗതാഗതക്കുരുക്കും അപകടങ്ങളും മരണങ്ങളും കണക്കിലെടുത്ത് പ്രത്യേക പദ്ധതിയായി ഏറ്റെടുത്ത് പാലം നിർമിക്കണമെന്ന എംപിയുടെ ആവശ്യത്തെത്തുടർന്നാണ് സംസ്ഥാന സർക്കാർ ബ്ലാക്ക് സ്പോട്ടായി നിശ്ചയിക്കുന്നതനുസരിച്ചു പ്രവൃത്തി ഏറ്റെടുക്കാമെന്ന് ഉറപ്പ് നൽകിയത്.

ബ്ലാക്ക് സ്പോട്ട് ഒഴിവാക്കുന്ന പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി പാലം നിർമിക്കണമെങ്കിൽ നിലവിലെ സ്ഥിതിവിവര കണക്കുകൾ പ്രകാരമുള്ള വിവരങ്ങൾ പൊലീസ് നൽകണം.    വാളക്കോട് പാലത്തിലും സമീപപ്രദേശങ്ങളിലും നടന്നിട്ടുള്ള അപകടങ്ങളുടെ വിശദ വിവരവും മരണസംഖ്യയും ഉൾപ്പെടെ ഉള്ള വിവരങ്ങൾ ലഭ്യമാക്കുവാൻ ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രദേശം ബ്ലാക്ക് സ്പോട്ടിൽ ഉൾപ്പെടുത്തിയാൽ പദ്ധതിക്ക് ആവശ്യമായ നടപടികൾ ദേശീയപാത അതോറിറ്റി സ്വീകരിക്കുമെന്ന് റീജനൽ ഓഫിസർ ഉറപ്പ് നൽകി.

     പുനലൂർ ബൈപാസിന്റെ അലൈൻമെന്റ് സംബന്ധിച്ച പ്രാരംഭ ചർച്ചകൾ കൊല്ലം കലക്ടറേറ്റിൽ ചേർന്നു. 
  എൻ.കെ.പ്രേമചന്ദ്രൻ എംപി, പി.എസ്.സുപാൽ എംഎൽഎ, ജില്ലാ കലക്ടർ എൻ.ദേവിദാസ് ഐഎഎസ് ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ വിപിൻ മധു, ഡപ്യൂട്ടി കലക്ടർ പ്രേമചന്ദ്രക്കുറുപ്പ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.    ദേശീയപാത അതോറിറ്റി പദ്ധതികൾക്ക് മൂന്ന് അലൈൻമെന്റുകളാണ് നൽകേണ്ടത്. പ്രദേശത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് നിലവിലെ മാനദണ്ഡ പ്രകാരം 4 രൂപരേഖകൾ സമർപ്പിക്കുവാൻ ധാരണയായി. വനപ്രദേശവും ഹൈടെൻഷൻ വൈദ്യുതി ലൈനുകളും ഒഴിവാക്കിയുള്ള രൂപരേഖ ഉൾപ്പെടുത്താനാണ് ധാരണ. വനഭൂമിയുടെ അനുവാദം ലഭിക്കുന്നതിനും ഹൈടെൻഷൻ വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് അവയെല്ലാം ഒഴിവാക്കി പരമാവധി ഒഴിപ്പിക്കൽ ഇല്ലാതെ അലൈൻമെന്റ് അംഗീകരിക്കാൻ ധാരണയായിത്. അലൈൻമെന്റ് അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ പദ്ധതിയെ ദേശീയപാതയുടെ അസ്സൽ പദ്ധതിയിൽ ഉൾപ്പെടുത്തി പുനലൂർ ബൈപാസ് സാധ്യമാക്കുന്നതിനുളള തുടർ നടപടി സ്വീകരിക്കുമെന്നും എൻ.കെ.പ്രേമചന്ദ്രൻ എംപി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com